| Friday, 29th December 2023, 9:54 am

സമാധാനക്കരാറിനിടയിൽ ഗയാനയിലേക്ക് ബ്രിട്ടന്റെ യുദ്ധക്കപ്പൽ; പ്രതിരോധ നീക്കം നടത്തുമെന്ന് വെനസ്വേല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടൻ: ഗയാനയിലേക്ക് യുദ്ധകപ്പൽ അയക്കാനുള്ള ബ്രിട്ടന്റെ തീരുമാനം എസക്കിബോ തർക്കം സമാധാനപരമായി പരിഹരിക്കാനുള്ള ധാരണ ലംഘിക്കുമെന്ന് വെനസ്വേലൻ പ്രസിഡന്റ്‌ നികോളാസ് മഡുറോ.

വെനസ്വേലയുമായുള്ള അതിർത്തി തർക്കത്തിൽ തങ്ങളുടെ മുൻ കോളനിയായിരുന്ന ഗയാനക്കുള്ള പിന്തുണ അറിയിക്കുവാൻ, നിലവിൽ കരീബിയയിൽ വിന്യസിച്ച എച്ച്.എം.എസ് ട്രെന്റ് എന്ന പട്രോൾ കപ്പൽ അയക്കാൻ യു.കെ തീരുമാനിച്ചിരുന്നു.

ഗയാനയുമായി സ്ഥാപിച്ച ചർച്ചകളെയും സമാധാന ധാരണകളെയും ലംഘിക്കുന്ന, ലണ്ടനിൽ നിന്നുള്ള സൈനിക ഭീഷണിയാണ് പുതിയ നീക്കമെന്ന് മഡുറോ പറഞ്ഞു.

‘ഞങ്ങളുടെ രാജ്യത്തിന്റെ സമാധാനത്തിനും പരമാധികാരത്തിനും ഭീഷണിയും പ്രകോപനവും ഉയർത്തുന്ന യു.കെ നടപടിക്ക് മറുപടിയായി ബൊളിവേറിയൻ നാഷണൽ ആംഡ് ഫോഴ്സിന്റെ സംയുക്ത പ്രതിരോധ നീക്കം നടപ്പാക്കാൻ ഞാൻ ഉത്തരവിട്ടിട്ടുണ്ട്,’ വെനസ്വേലൻ പ്രസിഡന്റ്‌ പറഞ്ഞു.

വെനസ്വേലക്ക് അതിന്റെ അഖണ്ഡതയും സമുദ്രാതിർത്തിയും പ്രതിരോധിക്കുവാൻ ഭരണഘടനയുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് തന്നെ നീക്കങ്ങൾ നടത്താൻ സാധിക്കുമെന്ന് വെനസ്വേലയുടെ വിദേശകാര്യ മന്ത്രി അറിയിച്ചു.

ഡിസംബർ തുടക്കത്തിൽ നടന്ന ദേശീയ ഹിതപരിശോധയെ തുടർന്ന്, ഒരു നൂറ്റാണ്ടിലേറെയായി വെനസ്വേല അവകാശപ്പെടുന്ന ധാതുക്കളാൽ സമ്പന്നമായ ഗയാന എസക്വിബ എന്ന വനപ്രദേശങ്ങളിൽ അവർ അവകാശം ഉന്നയിച്ചു.

എന്നാൽ ഇതിനെ എതിർത്ത ഗയാന പ്രദേശത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട തങ്ങളുടെ അതിർത്തിയിൽ ഉൾപ്പെടുന്നതാണെന്ന് ചൂണ്ടിക്കാട്ടി. ഒപ്പം അന്താരാഷ്ട്ര സമൂഹത്തോട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.

ബ്രസീലും കരീബിയൻ രാജ്യങ്ങളും തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ സന്നദ്ധത അറിയിച്ചു. തുടർന്ന് വെനസ്വേലയുടെയും ഗയാനയുടെയും പ്രസിഡന്റുമാർ ഡിസംബർ 14ന് സമാധാന കരാറിൽ ഒപ്പുവെച്ചു.

വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ പ്രശ്നങ്ങൾ സൃഷ്ടിക്കില്ലെന്ന് ഇരു രാജ്യങ്ങളും പ്രതിജ്ഞയെടുത്തു. തർക്കം ചർച്ച ചെയ്യാൻ സംയുക്ത കമ്മീഷൻ സ്ഥാപിക്കുകയും ചെയ്തു.

എന്നാൽ ഇതിന് പിന്നാലെ ഗയാന സന്ദർശിച്ച ബ്രിട്ടന്റെ അണ്ടർസെക്രട്ടറി ഗയാനക്ക് പിന്തുണ അറിയിക്കുകയും ഗയാനയുടെ അഖണ്ഡ നിലനിർത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

Content Highlight: Venezuelan leader orders response to British warship

We use cookies to give you the best possible experience. Learn more