| Wednesday, 13th March 2019, 9:15 am

അമേരിക്കന്‍ നയതന്ത്രജ്ഞര്‍ രാജ്യം വിടണമെന്ന അന്ത്യ ശാസനവുമായി വെനസ്വേല; രാജ്യം പട്ടിണിയിലേയ്ക്ക്, വൈദ്യുതി ബന്ധം പുനസ്ഥാപിച്ചില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെക്സിക്കോ സിറ്റി: വെനസ്വേലയില്‍ തുടരുന്ന അമേരിക്കന്‍ നയതന്ത്രജ്ഞര്‍ മൂന്ന് ദിവസത്തിനകം രാജ്യം വിടണമെന്ന അന്ത്യ ശാസനവുമായി വെനസ്വേലന്‍ വിദേശകാര്യ മന്ത്രി ജോര്‍ജ് അറീസ.

അമേരിക്കന്‍ നയതന്ത്രജ്ഞരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രാജ്യത്ത് തുടരുന്ന അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ വിദേശകാര്യമന്ത്രി ജോര്‍ജ് അറീസ രംഗത്ത് വന്നത്.

അമേരിക്കന്‍ നയതന്ത്രജ്ഞര്‍ വെനസ്വേലന്‍ മണ്ണില്‍ തുടരുന്നത് രാജ്യത്തെ സമാധാനവും ഐക്യതയും സ്ഥിരതയും ഇല്ലാതാക്കുമെന്ന് അറീസ ട്വിറ്ററില്‍ കുറിച്ചു. വെനസ്വേലയില്‍ നിന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ പിന്‍വലിക്കുമെന്ന് അമേരിക്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു.


എന്നാല്‍ മദുറോക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ അധികൃതര്‍ വെനസ്വേലയില്‍ തുടരുകയായിരുന്നു. നിക്കോളാസ് മദുറോക്കെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമായി തുടരുകയാണ്.

മദുറോയുടെ രാജി ഉറപ്പാകുന്നത് വരെ പ്രതിഷേധം തുടരുമെന്ന് സ്വയം പ്രഖ്യാപിത പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ ജുവാന്‍ ഗെയ്‌ദോ ഇന്നലെ പറഞ്ഞിരുന്നു.

അതേസമയം, രാജ്യത്ത് വിച്ഛേദിക്കപ്പെട്ട വൈദ്യുതി ബന്ധം പൂര്‍ണ്ണമായും പുനസ്ഥാപിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചുദിവസങ്ങളായി വെനസ്വേല ഇരുട്ടിലാണ്. എണ്ണ സമ്പന്ന രാജ്യത്ത് വൈദ്യുതി ഇല്ലത്തായത് വെനസ്വേലന്‍ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ടതാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടി, ഭക്ഷണം ലഭിക്കാതെ ആളുകള്‍ പട്ടിണിയിലാണ്, പൊതു ഗതാഗതം സതംഭിച്ചു, ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ചികിത്സക്ക് എത്തുന്നില്ല, പല ആശുപത്രികളും എമര്‍ജന്‍സി ജനറേറ്ററുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത് തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ വെനസ്വേലയില്‍ നിന്നും പുറത്തു വരുന്നുണ്ട്.

അതേസമയം, മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ഭരണത്തിന് ശേഷം രാജ്യം കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഹ്യൂഗോയുടെ കീഴില്‍ സമ്പന്നമായിരുന്ന വെനസ്വേല ഇപ്പോള്‍ ദരിദ്ര രാഷ്ട്രമാണ്.


ജനക്ഷേമ പദ്ധതികളിലൂടേയും നിസ്വാര്‍ഥ സേവനങ്ങളിലൂടേയും ഹ്യൂഗോ ഭരണത്തില്‍ നിന്ന് മദൂരോയുടെ ഭരണത്തിലേക്കെത്തുമ്പോള്‍ രാജ്യം തകര്‍ന്നെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

2018ല്‍ രാജ്യത്തിന്റെ നാണ്യപെരുപ്പം 800 ശതമാനമായാണ് ഉയര്‍ന്നത്. ജി.ഡി.പി. 35 ശതമാനത്തോളം ഇടിഞ്ഞു. ഇതിനിടയിലാണ് ആഭ്യന്തര രാഷ്ട്രീയ പ്രശ്നങ്ങള്‍ രാജ്യത്തെ വലയ്ക്കുന്നത്. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നടത്താതിരുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കി.

ഇതിനിടയിലാണ് പ്രതിപക്ഷ നേതാവ് ഗ്വീഡോ പ്രസിഡന്റായി സ്വയം അവരോധിച്ചത്. ഗ്വീഡോയ്ക്ക് പിന്തുണ അറിയിച്ച് അമേരിക്ക എത്തിയതും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി.


രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുക, തെരഞ്ഞെടുപ്പ് നടത്തുക, അമേരിക്ക വെനസ്വേലയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക തുടങ്ങിയവയാണ് വെനസ്വേലയെ പിന്തുണയ്ക്കുന്നവരുടെ ആവശ്യം.

We use cookies to give you the best possible experience. Learn more