| Friday, 25th January 2019, 8:52 am

അമേരിക്കയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച് വെനസ്വേല; മദുറോയുടെ സാമ്പത്തിക സ്രോതസ്സുകള്‍ മരവിപ്പിക്കുമെന്ന് അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാരക്കസ്: വെനസ്വേല അമേരിക്കയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു. പ്രതിപക്ഷത്തെ പിന്തുണക്കാനുള്ള അമേരിക്കയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് പ്രസിഡന്റ് നിക്കോളാസ് മദുറോയുടെ തീരുമാനം.

ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് ജുവാന്‍ ഗെയ്‌ഡോയെ അമേരിക്ക ഇന്നലെ പിന്തുണച്ചിരുന്നു. ഇതാണ് മദുറോയെ ചൊടിപ്പിച്ചത്. അടുത്ത 72 മണിക്കൂറിനകം യു.എസ് നയതന്ത്ര പ്രതിനിധികള്‍ രാജ്യം വിടണമെന്നും മദുറോ നിര്‍ദേശം നല്‍കി.


വെനസ്വേലയുടെ അമേരിക്കയിലെ എംബസിയും കോണ്‍സുലേറ്റുകളും അടക്കാനും വെനസ്വേലയിലെ യു.എസ് പ്രതിനിധികളോട് രാജ്യം വിടാനുമാണ് മദുറോ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, അട്ടിമറി നടത്തി രാജ്യം പിടിക്കാനാണ് ഗെയ്‌ഡോയുടെ ശ്രമമെന്ന് മദുറോ ആരോപിച്ചു. അമേരിക്കയുടെ നടപടി വന്‍ പ്രകോപനമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ വിവിധ കക്ഷികളുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

ഇതിന് പിന്നാലെ മദുറോക്ക് മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തി. മദുറോയുടെ സാമ്പത്തിക സ്രോതസ്സുകള്‍ മരവിപ്പിക്കുമെന്ന് യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞു.


യു.എസുമായുള്ള ബന്ധം അവസാനിപ്പിക്കാനും ഉദ്യോഗസ്ഥരെ പുറത്താക്കാനും മുന്‍ പ്രസിഡന്റായ മദുറോക്ക് അധികാരമില്ലെന്നാണ് യു.എസിന്റെ അവകാശവാദം. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രതിപക്ഷ നേതാവ് ഗെയ്‌ഡോ സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ചത്.

We use cookies to give you the best possible experience. Learn more