എണ്ണപ്പാട മേഖലയിലെ തർക്കം; വിദേശ ശക്തികളെ ഇടപെടാൻ അനുവദിക്കരുതെന്ന് ഗയാനയോട് വെനസ്വേല
World News
എണ്ണപ്പാട മേഖലയിലെ തർക്കം; വിദേശ ശക്തികളെ ഇടപെടാൻ അനുവദിക്കരുതെന്ന് ഗയാനയോട് വെനസ്വേല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th January 2024, 12:40 pm

കരാക്കസ്: എണ്ണപ്പാടങ്ങളാൽ സമ്പുഷ്ടമായ എസക്വിബോ പ്രദേശത്തെ ചൊല്ലിയുള്ള തർക്കത്തിൽ പുറത്തുനിന്നുള്ളവരുടെ ഇടപെടലുകൾ അനുവദിക്കുന്നത് ഗയാന നിർത്തലാക്കണമെന്ന് വെനസ്വേല.

ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ബ്രസീലിൽ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് വെനസ്വേല ആവശ്യം ഉന്നയിച്ചത്.

‘ഗയാനയും വെനസ്വേലയും തമ്മിലുള്ള സംവാദങ്ങളിലും തർക്കങ്ങളിലും മൂന്നാം കക്ഷികൾ ഇടപെടുന്നതിനും നേട്ടമുണ്ടാക്കുന്നതിനുമുള്ള സാധ്യതകൾ നമുക്ക് ഇല്ലാതാകാം.

നയതന്ത്രപരമായ മാർഗത്തിലൂടെ ചർച്ചകൾ തുടരുന്നതിന് ഞങ്ങൾക്ക് സമ്മതമാണ്,’ വെനസ്വേലയുടെ വിദേശകാര്യ മന്ത്രി യ്‌വാൻ ഗിൽ പറഞ്ഞു.

അടുത്ത യോഗം കൂടുതൽ മുന്നേറ്റങ്ങൾ ഉണ്ടാക്കുമെന്ന ആത്മവിശ്വാസം ഗയാനയുടെ വിദേശകാര്യ മന്ത്രി ഹ്യൂഗ് ടോഡ് പ്രകടിപ്പിച്ചു.

തർക്കത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതി പരിഹാരം നിർദേശിക്കുന്നതിൽ തങ്ങൾക്ക് താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗയാനക്ക് സൈനിക പിന്തുണ നൽകി യു.എസും യുദ്ധകപ്പൽ അയച്ച് ബ്രിട്ടനും രംഗത്ത് വന്നതിനെ തുടർന്ന് കഴിഞ്ഞ മാസം തർക്കം രൂക്ഷമായിരുന്നു. തുടർന്ന് വെനസ്വേലയും പ്രതിരോധത്തിനായി സൈന്യത്തെ വിന്യസിച്ചിരുന്നു.

നൂറ്റാണ്ടുകളായി എസക്വിബോ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിൽ തർക്കം തുടരുന്നു. പ്രദേശത്തിന്റെ അധികാരം യു.എസ് ഇടപെടലിലൂടെ ഗയാനക്ക് ലഭ്യമായിരുന്നു. ഇവിടെ പ്രവർത്തിക്കാൻ വിദേശ ഓയിൽ കമ്പനികൾക്ക് ലൈസൻസ് നൽകി വരികയാണ് ഗയാന.

2023 ഡിസംബർ മൂന്നിന് വെനസ്വേല നടത്തിയ ജനഹിത പരിശോധനയിൽ എസക്വിബോ പ്രദേശത്തെ 95 ശതമാനം ആളുകളും വെനസ്വേലയാണ് പ്രദേശത്തിന്റെ യഥാർത്ഥ അവകാശികളെന്ന് പറഞ്ഞു.

തുടർന്ന് വെനസ്വേല പ്രദേശം തങ്ങളുടേതാക്കി മാറ്റുകയും പ്രദേശവാസികൾക്ക് ഐ.ഡി കാർഡുകൾ ലഭ്യമാക്കുകയും ചെയ്തിരുന്നു.

Content Highlight: Venezuela urges Guyana to resist external meddling in Essequibo dispute