World News
പൗരന്മാരെ തിരികെ കൊണ്ടുവരാൻ വിമാനങ്ങൾ അയച്ച് വെനസ്വേല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 11, 05:00 pm
Tuesday, 11th February 2025, 10:30 pm

കാരക്കാസ്: അമേരിക്കയിൽ നിന്നുള്ള തങ്ങളുടെ 200 ഓളം പൗരന്മാരെ തിരികെയെത്തിക്കാൻ രണ്ട് വിമാനങ്ങൾ അയച്ച് വെനസ്വേല. ഇത് വാഷിങ്ങ്ടണുമായുള്ള ബന്ധത്തിൽ ഒരു മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി ഭരണകൂടം പറഞ്ഞു. യു.എസ് ഉപരോധം അവസാനിപ്പിക്കാൻ ആ​ഗ്രഹിക്കുന്നത് സംബന്ധിച്ചും കുടിയേറ്റക്കാരുടെ തിരിച്ചുവരവ് സംബന്ധിച്ചും ജനുവരി 31ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധിയുമായി പ്രസിഡന്റ് നിക്കോളാസ് മദുറോ നടത്തിയ ചർച്ചകളെ തുടർന്നാണ് വിമാനങ്ങൾ അയച്ചത്.

ബൈഡൻ ഭരണകൂടത്തിന്റെ കാലത്ത് 2023 ഒക്ടോബറിൽ ഒരു ചെറിയ കാലയളവ് ഒഴികെ, യു.എസിൽ നിന്ന് വെനസ്വേലയിലേക്കുള്ള നാടുകടത്തൽ വിമാനങ്ങൾ വർഷങ്ങളായി നിർത്തിവച്ചിരുന്നു.

യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ ക്യാമ്പയിനായിരിക്കും ഇതെന്ന് ട്രംപ് പറഞ്ഞു. രേഖകളില്ലാത്ത ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരാണുള്ളത് അവരിൽ പലരും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ട്രംപ് പറഞ്ഞു. അന്തസിനും മനുഷ്യാവകാശങ്ങൾക്കും തികഞ്ഞ ബഹുമാനം നൽകി കൊണ്ടായിരിക്കും വെനസ്വേലക്കാരുടെ കൈമാറ്റം നടത്തുകയെന്ന് വെനസ്വേലയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബഹുമാനത്തോടെയുള്ള ബന്ധങ്ങളുടെ ഒരു പുതിയ തുടക്കമായിരിക്കും ഇതെന്ന് സർക്കാരിന്റെ പ്രതീക്ഷയെന്നും പ്രസ്താവനയിൽ പറഞ്ഞു.

വെനസ്വേലൻ കോൺവിയാസ വിമാനത്തിൽ വിലങ്ങുവെച്ച് ആളുകൾ കയറുന്നതിന്റെ ഒരു ചിത്രം വൈറ്റ് ഹൗസ് സോഷ്യൽ നെറ്റ്‌വർക്ക് എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. യു.എസിൽ തമ്പടിച്ചിരിക്കുന്ന എല്ലാ വെനസ്വേലൻ അനധികൃത കുടിയേറ്റക്കാരെയും അവരുടെ രാജ്യത്തേക്ക് തിരികെ അയക്കാൻ അനുവദിക്കുമെന്ന് ജനുവരി 31 മദുറോ ഗ്രെനെൽ സന്ദർശനത്തിന് ശേഷം ട്രംപ് പ്രഖ്യാപിച്ചു,

2023 ഒക്ടോബറിൽ മദുറോ നാടുകടത്തപ്പെട്ട കുടിയേറ്റക്കാരുമായി യു.എസ് വിമാനങ്ങൾക്ക് വെനസ്വേലയിലേക്ക് പറക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ നാല് മാസത്തിന് ശേഷം അനുമതി പിൻവലിച്ചു. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വെനസ്വേലക്കാരെ സൗജന്യമായോ സബ്‌സിഡി നിരക്കിലോ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള സംവിധാനം ഒരുക്കുകയാണ് മദുറോ.

ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലുള്ള യുഎസ് സൈനിക താവളത്തിലേക്ക് കുടിയേറ്റക്കാരുടെ ആദ്യ വിമാനയാത്രയ്ക്ക് ദിവസങ്ങൾക്ക് ശേഷമാണ് തിങ്കളാഴ്ച വിമാനയാത്രകൾ നടന്നത്, കൂടാതെ എൽ സാൽവഡോറുമായും ഗ്വാട്ടിമാലയുമായും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കരാറുകളിൽ ഒപ്പുവെച്ചതിനുശേഷവും, ആ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരല്ലാത്ത ആളുകളെ കൊണ്ടുപോകുമെന്ന് അറിയിച്ചു.

കഴിഞ്ഞ വർഷം നടന്ന വോട്ടെടുപ്പിൽ മൂന്നാം തവണയാണ് മദുറോയെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. മദുറോയെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞടുത്തതിനെ വാഷിങ്ങ്ടൺ അംഗീകരിച്ചിരുന്നില്ല. മോഷണക്കുറ്റം ആരോപിച്ച് മദുറോയ്‌ക്കെതിരെ വ്യാപകമായ ആരോപണങ്ങളും ഉയർന്നിരുന്നു. 2018 ലെ തെരഞ്ഞെടുപ്പിൽ അന്നത്തെ പ്രതിപക്ഷ നേതാവ് ജുവാൻ ഗ്വൈഡോയെ “ഇടക്കാല പ്രസിഡന്റ്” ആയി ട്രംപ് അംഗീകരിച്ചതിനെത്തുടർന്നാണ് 2019 ജനുവരിയിൽ കാരക്കാസ് വാഷിങ്ങ്ടണുമായുള്ള ബന്ധം വിച്ഛേദിച്ചത്. എന്നാൽ ഈ അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്കിടയിലും, മദുറോ തന്റെ അധികാരം നിലനിർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തു.

 

 

Content Highlight: Venezuela sends 2 planes to US to return migrants, signaling potential improvement in ties