കരാക്കസ്: വെനസ്വേലന്‍ പാര്‍ലമെന്റായ ദേശീയ കോണ്‍ഗ്രസില്‍ ഭരണകക്ഷിയായ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കും ഭൂരിപക്ഷ പിന്തുണ. ഇതോടെ ദേശീയ അസംബ്ലിയിലും ഇടതുപക്ഷം ആധിപത്യം ഉറപ്പിച്ചു.
ദേശീയ ഇലക്ട്രല്‍ കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ 277 സീറ്റില്‍ 189 ഇടത്തും വിജയിക്കും. 90ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കായിരുന്നു വെനസ്വേലന്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടായിരുന്നത്. എന്നാല്‍ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 28 ശതമാനം വോട്ട് നേടാനെ പ്രതിപക്ഷത്തിന് സാധിച്ചുള്ളൂ. മുഖ്യപ്രതിപക്ഷ സംഘടനകളെല്ലാം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.
അതേസമയം 30.5 ശതമാനം പോളിങ്ങ് റേറ്റ് മാത്രമാണ് വെനസ്വേലന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞടുപ്പില്‍ രേഖപ്പെടുത്തിയത്. 2015 ലെ തെരഞ്ഞെടുപ്പില്‍ ഇത് 74 ശതമാനമായിരുന്നു.
എന്നാല്‍ വെനസ്വലേയില്‍ എല്ലാക്കാലത്തും വലിയ വ്യതിയാനങ്ങളാണ് വോട്ടിങ്ങ് ശതമാനത്തില്‍ രേഖപ്പെടുത്തിയിരുന്നത്. 2010ലെ തെരഞ്ഞെടുപ്പില്‍ 66 ശതമാനമായിരുന്നു പോളിങ്ങ് രേഖപ്പെടുത്തിയത്. 2005ല്‍ ഇത് കേവലം 25 ശതമാനമായിരുന്നു.
ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുള്ള മുഖ്യ പ്രതിപക്ഷ കക്ഷികളെല്ലാം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചതിനാല്‍ പോളിങ്ങ് ശതമാനം കുറയുമെന്ന് നേരത്തെ നിരീക്ഷണങ്ങളുണ്ടായിരുന്നു.
സോഷ്യലിസ്റ്റ് പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ ചേരിയുടെ ഉപരോധം മൂലം 50 ലക്ഷത്തോളം ആളുകള്‍ നാടുവിട്ടതും പോളിങ്ങിനെ ബാധിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ നിക്ഷേപമുള്ള രാജ്യമാണ് വെനസ്വേല. എന്നാല്‍ തുടര്‍ച്ചയായുള്ള പാശ്ചാത്യ അധിനിവേശ ശ്രമങ്ങളും, ഉപരോധങ്ങളും കാരണം വെനസ്വേലന്‍ ജനത വലിയ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ പിന്തുണ ഇടതുപക്ഷത്തിനാണെന്ന് തെരഞ്ഞെടുപ്പ് ബോര്‍ഡ് അധ്യക്ഷ ഇന്ദിര അല്‍ഫോണ്‍സോ പറഞ്ഞു.
വെനസ്വേലന്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 2019 ആഗ്‌സതില്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെനസ്വേലയുടെ മേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
പോളിങ്ങ് കുറവായതിനാല്‍ സര്‍ക്കാരിന് ജനപിന്തുണയില്ലെന്ന് വാദിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ പ്രതിപക്ഷം ശക്തമാക്കി കഴിഞ്ഞു. നിക്കോളാസ് മഡുറോയുടെ സോഷ്യലിസ്റ്റ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നു ഈ തെരഞ്ഞെടുപ്പിലെ വിജയം.
അമേരിക്ക ഉള്‍പ്പെടെ അറുപതോളം രാഷ്ട്രങ്ങള്‍ പിന്തുണക്കുന്ന പ്രതിപക്ഷ കക്ഷിയുടെ ജുവാന്‍ ഗയ്ഡോ വെനസ്വേലയുടെ ഇടക്കാല പ്രധാനമന്ത്രിയായി സ്വയം അധികാരമേറ്റത് വെനസ്വേലന്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
രാജ്യത്ത് തന്നെ വലിയൊരു വിഭാഗം മഡുറോയുടെ സര്‍ക്കാരിന് പിന്തുണ നല്‍കുമ്പോള്‍ പാശ്ചാത്യ സര്‍ക്കാരുകളുടെ പിന്തുണയുള്ള ഗയ്ഡോ തെരഞ്ഞെടുപ്പുകളെ നേരിടാതെ സ്വയം ഇടക്കാല പ്രസിഡന്റായി പ്രഖ്യാപിക്കുകയായിരുന്നു.
ഞായറാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും നിക്കോളാസ് മഡുറോ ഭൂരിപക്ഷമുറപ്പിച്ചതോടെ ജുവാന്‍ ഗയിഡോയുടെ വിശ്വാസ്യത തകര്‍ക്കാന്‍ വെനസ്വേലന്‍ സര്‍ക്കാരിന് സാധിച്ചു.