കാരകാസ്: വെനസ്വേലയുടെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി നിക്കോളാസ് മഡുറോ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. വോട്ടെണ്ണൽ 80 ശതമാനം കടന്നപ്പോൾ തന്നെ മഡുറോ ഭൂരിപക്ഷം കടന്നിരുന്നു. എതിർ സ്ഥാനാർത്ഥി ഗോൺസാലസ് 44% വോട്ട് നേടിയതായി ഇലക്ഷൻ അതോറിറ്റി പറഞ്ഞു. മൂന്നാം തവണയാണ് മഡുറോ വെനസ്വേലൻ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. ഹ്യുഗോ ഷാവേസിന്റെ പിൻഗാമിയായ മഡുറോ അദ്ദേഹത്തിന്റെ മരണ ശേഷമാണ് ആദ്യമായി അധികാരത്തിലേറുന്നത്.
ഫലം വന്നതിനു ശേഷം, തെരഞ്ഞെടുപ്പിലെ തന്റെ നേട്ടം സമാധാനത്തിൻ്റെയും സ്ഥിരതയുടെയും വിജയമാണെന്ന് മഡുറോ പറഞ്ഞു. വെനസ്വേലയുടെ തെരഞ്ഞെടുപ്പ് സമ്പ്രദായം സുതാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ മഡുറോയുടെ വിശ്വസ്തർ നിയന്ത്രിക്കുന്ന ഇലക്ടറൽ അതോറിറ്റി, 15,797 വോട്ടിങ് കേന്ദ്രങ്ങളിൽ നിന്ന് ഔദ്യോഗിക വോട്ടിങ് കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല എന്ന റിപ്പോർട്ടുകളും ഉണ്ട്.
എന്നാൽ എതിർ സ്ഥാനാർഥിയായ ഗോൺസാലസ് ഞായറാഴ്ച വൈകീട്ട് വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. ചില എക്സിറ്റ് പോളുകൾ വിജയം പ്രഖ്യാപിച്ചിരുന്നത് ഗോൺസാലസിനായിരുന്നു. എഡിസൺ റിസർച്ച് നടത്തിയ എക്‌സിറ്റ് പോൾ പ്രവചിച്ചത് ഗോൺസാലസ് 65% വോട്ട് നേടുമെന്നും മഡുറോ 31% വോട്ട് നേടുമെന്നുമായിരുന്നു. പ്രാദേശിക സ്ഥാപനമായ മെഗനാലിസിസ് ഗോൺസാലസിന് 65% വോട്ടും മഡുറോയ്ക്ക് 14% ൽ താഴെയും വോട്ട് പ്രവചിച്ചു.
പ്രഖ്യാപിച്ച ഫലം വെനസ്വേലൻ ജനതയുടെ ഇച്ഛാശക്തിയെയോ വോട്ടുകളെയോ പ്രതിഫലിപ്പിക്കുന്നില്ല എന്ന കാര്യത്തിൽ അമേരിക്കയ്ക്ക് കടുത്ത ആശങ്കയുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ പറഞ്ഞു. മുഴുവൻ ഫലങ്ങളും ഉടനടി പ്രസിദ്ധീകരിക്കാൻ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട അദ്ദേഹം യു.എസും അന്താരാഷ്ട്ര സമൂഹവും അതിനനുസരിച്ച് പ്രതികരിക്കുമെന്നും പറഞ്ഞു.
Content Highlight: Venezuela’s Nicolas Maduro wins third term as President amid Opposition claims of irregularities