കരാക്കസ്: വെനസ്വേലയിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ എഡ്മുണ്ടോ ഗോണ്‍സാലസിനെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 1,00,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ഭരണകൂടം. ദിവസങ്ങള്‍ക്ക് മുമ്പ് സ്‌പെയിനില്‍ നിന്ന് പലായനം ചെയ്ത ഗോണ്‍സാലസ് അര്‍ജന്റീനയിലെ ബ്യൂണസ് ഐറസിലേക്ക് പോയതായാണ് സൂചന.
അതേസമയം വെനസ്വേലന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ ഗോണ്‍സാലസ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ലാറ്റിനമേരിക്കന്‍ പര്യടനം ആരംഭിച്ചതായി അറിയിച്ചിട്ടുണ്ട്. പ്രസ്തുത പര്യടനത്തിന്റെ ആദ്യ സ്റ്റോപ്പാണ് അര്‍ജന്റീനയെന്നാണ് ഗോണ്‍സാലസ് പറഞ്ഞത്. പര്യടനത്തിന് ശേഷം ശനിയാഴ്ച അര്‍ജന്റീനിയന്‍ പ്രധാനമന്ത്രി ജാവിയര്‍ മിലേയുമായി കൂടിക്കാഴ്ച നടത്തുമെന്നും ഗോണ്‍സാലസിന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്.
അതേസമയം വെനസ്വേലയുടെ പ്രസിഡന്റായി നിക്കോളാസ് മഡൂറോ ജനുവരി പത്തിന് സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി താന് രാജ്യത്ത് മടങ്ങിയെത്തുമെന്നും ഗോണ്‍സാലസ് അറിയിച്ചിട്ടുണ്ട്.
വെനസ്വേലന്‍ പൊലീസ് വ്യാഴാഴ്ച സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ ഗോണ്‍സാലസിന്റെ ചിത്രത്തിന് കീഴില്‍ ‘വാണ്ടഡ്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആ ചിത്രം രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിലും പൊലീസ് ചെക്ക്പോസ്റ്റുകളിലും സ്ഥാപിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
ജൂലൈ 28ന് നടന്ന തെരഞ്ഞെടുപ്പില്‍ മഡുറോ വിജയിച്ചതോടെ ഇതില്‍ എതിര്‍പ്പ് ഉന്നയിച്ച ഗോണ്‍സാലെസ് പിന്നീട് സെപ്റ്റംബറില്‍ സ്‌പെയിനിലേക്ക് പലായനം ചെയ്യുകയായിരുന്നു. ഗോണ്‍സാലസിനെതിരെ വെനസ്വേലന്‍ സര്‍ക്കാര്‍ ഗൂഢാലോചന, റാക്കറ്റിങ് എന്നീ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. ഡിസംബര്‍ 20ന് സ്‌പെയിന്‍ അദ്ദേഹത്തിന് അഭയം നല്‍കി.
രണ്ട് മാസങ്ങള്‍ക്ക് മുമ്പ് എഡ്മുണ്ടോ ഗോണ്‍സാലസിന് രാഷ്ട്രീയ അധികാരം കൈമാറിയാല്‍ അമേരിക്ക, മഡുറോയ്ക്ക് മേല്‍ ചുമത്തിയ കേസുകളില്‍ നിന്ന് കുറ്റവിമുക്തനാക്കാമെന്ന് യു.എസ് മഡുറോയോട് പറഞ്ഞിരുന്നു. ഇപ്പോഴും യു.എസും യൂറോപ്യന്‍ യൂണിയനിലെ മിക്ക രാജ്യങ്ങളും വെനസ്വേലയുടെ പ്രസിഡന്റായി മഡൂറോയെ അംഗീകരിച്ചിട്ടില്ല.
രണ്ട് മാസങ്ങള്‍ക്ക് മുമ്പ് യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ ആന്റണി ബ്ലിങ്കന്‍ ജൂലായില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഗോണ്‍സാലാസ് വിജയിച്ചതായി എക്സ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
Content Highlight: Venezuela offers $1,00,000 reward for giving information about opposition candidate