| Saturday, 15th February 2014, 9:50 am

സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള വലതുപക്ഷ ശ്രമം അനുവദിക്കില്ല: നിക്കോളസ് മധൂറോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]കരാക്കസ്: രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനായി തെരുവിലിറങ്ങിയ പ്രതിപക്ഷ പ്രവര്‍ത്തകരെയും അക്രമികളെയും ശക്തമായി നേരിടുമെന്ന് വെനസ്വേലിയന്‍ പ്രസിഡന്റ് നിക്കോളസ് മധൂറോ പറഞ്ഞു.

അതേസമയം ബുധനാഴ്ച മൂന്നു പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് നേതൃത്വം നല്‍കിയ പ്രതിപക്ഷ നേതാവ് ലിയോപോള്‍ഡോ ലോപസിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. കൊലപാതകം, ഭീകരവാദം എന്നീ കുറ്റകൃത്യങ്ങളുടെ പേരിലാണ് അറസ്റ്റ്.

പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും തന്നെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാറിനാവില്ലെന്നും ലിയോപോള്‍ഡോ ലോപസ് ട്വിറ്ററിലൂടെ വെല്ലുവിളിച്ചു.

ഹ്യൂഗോ ഷാവേസിന്റെ അന്ത്യത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന സമയത്താണ് വലതു പക്ഷ കക്ഷികള്‍ പ്രശ്‌നങ്ങളുമായി രംഗത്തു വന്നിരിക്കുന്നത്.

ഷാവേസിന്റെ സര്‍ക്കാറിനെ 12 വര്‍ഷം മുമ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചത് ആവര്‍ത്തിക്കനാണ് പ്രതിപക്ഷ നീക്കമെന്ന് മധൂറോ ടെലിവിഷനിലൂടെ രാജ്യത്തോട് പറഞ്ഞു.

ഫാസിസത്തിന്റെ മുഖമാണിതെന്നും രാജ്യത്തിനെതിരെ കലാപം നടത്തുന്ന ഇത്തരക്കാരെ വെറുതെവിടില്ലെന്നും പറഞ്ഞ മധൂറോ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചവരെയും വെടിയുതിര്‍ത്തവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ഇരുമ്പഴിക്കുള്ളിലാക്കുക തന്നെ ചെയ്യുമെന്നും വ്യക്തമാക്കി.

ക്യൂബ, ബൊളീവിയ, അര്‍ജന്റീന എന്നീ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ വെനിസ്വേലിയന്‍ സര്‍ക്കാറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കത്തയച്ചിട്ടുണ്ട്. ഫാസിസ്റ്റ് സംഘങ്ങള്‍ നടത്തുന്ന അട്ടിമറി ശ്രമത്തെ അപലപിക്കുന്നതായി ക്യൂബ കത്തില്‍ പറയുന്നു.

ലോപസിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നടത്തുന്ന നീക്കം പ്രതിപക്ഷത്തു തന്നെ ചേരിതിരിവ് സൃഷ്ടിച്ചിരിക്കുകയാണ്. അക്രമസമരത്തിലേര്‍പ്പെടുന്നത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഭയക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more