വെനസ്വേലന്‍ തെരഞ്ഞെടുപ്പ് ഇന്ന്; മഡുറോയുടെ പോരാട്ടം അമേരിക്ക പിന്തുണക്കുന്ന ഗയ്‌ഡോയുടെ വിശ്വാസ്യത തകര്‍ക്കാന്‍
World News
വെനസ്വേലന്‍ തെരഞ്ഞെടുപ്പ് ഇന്ന്; മഡുറോയുടെ പോരാട്ടം അമേരിക്ക പിന്തുണക്കുന്ന ഗയ്‌ഡോയുടെ വിശ്വാസ്യത തകര്‍ക്കാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th December 2020, 8:57 am

കറാക്കസ്: വേനസ്വേലന്‍ പാര്‍ലമെന്റായ ദേശീയ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പ്രതിപക്ഷത്തിലെ ഒരു വിഭാഗം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്ന പശ്ചാത്തലത്തില്‍ നിലവിലെ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് അനായാസ വിജയം സാധ്യമാണ്.

പാശ്ചാത്യ രാജ്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന പ്രതിപക്ഷ കക്ഷികളാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത്.

അതേമയം നിക്കോളാസ് മഡുറോയുടെ സോഷ്യലിസ്റ്റ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പിലെ വിജയം.

അമേരിക്ക ഉള്‍പ്പെടെ അറുപതോളം രാഷ്ട്രങ്ങള്‍ പിന്തുണക്കുന്ന ജുവാന്‍ ഗയ്‌ഡോ വെനസ്വേലയുടെ ഇടക്കാല പ്രധാനമന്ത്രിയായി സ്വയം അധികാരമേറ്റത് വെനസ്വേലന്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

രാജ്യത്ത് തന്നെ വലിയൊരു വിഭാഗം മഡുറോയുടെ സര്‍ക്കാരിന് പിന്തുണ നല്‍കുമ്പോള്‍ പാശ്ചാത്യ സര്‍ക്കാരുകളുടെ പിന്തുണയുള്ള ഗയ്‌ഡോ തെരഞ്ഞെടുപ്പുകളെ നേരിടാതെ സ്വയം ഇടക്കാല പ്രസിഡന്റായി പ്രഖ്യാപിക്കുകയായിരുന്നു.

ഞായറാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും നിക്കോളാസ് മഡുറോ വിജയിച്ചാല്‍ ജുവാന്‍ ഗയിഡോയുടെ വിശ്വാസ്യത തകര്‍ക്കാന്‍ വെനസ്വേലന്‍ സര്‍ക്കാരിന് സാധിക്കും.

ഇതിന് പുറമെ 60ല്‍ അധികം രാജ്യങ്ങളുടെ പിന്തുണയുള്ള ഗയിഡോയുടെ വാദങ്ങളെ ജനാധിപത്യ വിധി തേടി അവഗണിക്കാനാണ് നിക്കോളാസ് മഡുറോ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സര്‍ക്കാരിന്റെ വിശ്വാസ്യത അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിക്കാണിക്കാനും പാശ്ചാത്യ ഇടപെടലുകളെ തള്ളിക്കളയുന്നുവെന്ന് പ്രഖ്യാപിക്കാനും മഡുറോയടെ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് ഈ തെരഞ്ഞെടുപ്പ് അനിവാര്യമാണ്.

ദേശീയ അസംബ്ലിയിലെ 277 സീറ്റിലേക്ക് 14,400 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 107 പാര്‍ട്ടികളും നിരവധി സ്വതന്ത്രരും മത്സരിക്കുന്നുണ്ട്. വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് പ്രചരണം സമാപിച്ചത്.

നിലവിലെ പാര്‍ലമെന്റിന്റെ കാലാവധി ജനുവരി അഞ്ചിനാണ് അവസാനിക്കുക. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്ന ഗയ്‌ഡോയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം തെരഞ്ഞെടുപ്പിന് പിന്നാലെ സംഘര്‍ഷം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണം സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഉന്നയിക്കുന്നുണ്ട്.

വെനസ്വേലയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കണമെന്ന് സമാധാന നോബേല്‍ പുരസ്‌കാര നേതാവ് അഡോള്‍ഫോ പെരെസ് ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ അമേരിക്കന്‍ പിന്തുണയോടെ പ്രതിപക്ഷം അട്ടിമറിക്ക് ശ്രമിക്കുമോ എന്ന ആശങ്ക വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ ഗയ്‌ഡോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ ജോ ബൈഡന്റെ നയവും വരും കാലങ്ങളില്‍ വെനസ്വേലയില്‍ നിര്‍ണായകമാകും. അതേസമയം മഡുറോ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളിലും പട്ടിണി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളിലും ജനങ്ങള്‍ക്കിടയില്‍ തന്നെ വലിയ എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Venezuela National assembly election news