ആരോഗ്യ, വിദ്യാഭ്യാസ സംവിധാനങ്ങളുടെ കുറവ്; വെനസ്വേലയില്‍ നിന്ന് കൊളംബിയയിലേക്ക് കുടിയേറിയത് 3.27 ലക്ഷം കുട്ടികള്‍
World News
ആരോഗ്യ, വിദ്യാഭ്യാസ സംവിധാനങ്ങളുടെ കുറവ്; വെനസ്വേലയില്‍ നിന്ന് കൊളംബിയയിലേക്ക് കുടിയേറിയത് 3.27 ലക്ഷം കുട്ടികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th April 2019, 8:47 am

കരാക്കാസ് (വെനസ്വേല): ആരോഗ്യ, വിദ്യാഭ്യാസ സംവിധാനങ്ങളുടെ കുറവുമൂലം വെനസ്വേലയിലെ 3.27 ലക്ഷം കുട്ടികള്‍ കൊളംബിയയില്‍ അഭയാര്‍ഥികളും കുടിയേറ്റക്കാരുമായി കഴിയുകയാണെന്ന് യുണിസെഫ്. ആഗോളതലത്തില്‍ കുടിയേറ്റക്കാര്‍ക്കെതിരായ വികാരം അലയടിച്ചപ്പോള്‍പ്പോലും അയല്‍രാജ്യമായ വെനസ്വേലയില്‍ നിന്നു വരുന്നവര്‍ക്കായി കൊളംബിയ തങ്ങളുടെ വാതിലുകള്‍ തുറന്നിട്ടെന്നും യുണിസെഫ് ഡയറക്ടര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ പലോമ എസ്‌കുഡെറോ പറഞ്ഞു.

വെനസ്വേലയുമായി അതിര്‍ത്തി പങ്കിടുന്ന കൊളംബിയയിലെ കക്കട്ടയില്‍ നാലുദിവസം നടത്തിയ സന്ദര്‍ശനത്തിനൊടുവിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

അതേസമയം വെനസ്വേലയിലെ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യം മൂലം 37 ലക്ഷം പേര്‍ ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, പെറു തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിച്ചതായി ഐക്യരാഷ്ട്രസഭയുടെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 12 ലക്ഷം പേര്‍ കൊളംബിയയിലാണുള്ളത്.

പ്രതിദിനം വീടുകള്‍ ഉപേക്ഷിച്ച് സ്വന്തം രാജ്യം വിടാനുള്ള തീരുമാനം വേദനാജനകമാണ്. അവരുടെ അടിസ്ഥാനാവശ്യങ്ങള്‍ നേടിക്കൊടുക്കാനുള്ള പ്രവര്‍ത്തനത്തില്‍ പങ്കുചേരാന്‍ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിക്കുകയാണെന്ന് എസ്‌കുഡെറോ പറഞ്ഞു. അവസാന വഴിയായാണ് ഈ കുടുംബങ്ങളൊക്കെയും രാജ്യം വിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം വെനസ്വേലയിലെ 70 ശതമാനം ജനങ്ങളും വൈദ്യുതിയും സ്‌കൂളുകളും ഇല്ലാത്തതിനാല്‍ രാജ്യം വിട്ടതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ സാഹചര്യത്തിനു കാരണം ഭീകരാക്രമണവും അമേരിക്കയുടെ വിധ്വംസക പ്രവര്‍ത്തനങ്ങളുമാണെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ പറഞ്ഞു. എന്നാല്‍ മഡൂറോ സര്‍ക്കാരിന്റെ മോശം ഭരണവും അഴിമതിയുമാണ് ഇതിനു കാരണമെന്ന് പ്രതിപക്ഷനേതാവ് യുവാന്‍ ഗ്വെയ്‌ഡോ കുറ്റപ്പെടുത്തി.

ഈ സാഹചര്യത്തില്‍ വെനസ്വേലയില്‍ നിന്നുള്ള കുട്ടികള്‍ക്കു സൗജന്യ വിദ്യാഭ്യാസമാണ് കൊളംബിയയില്‍ നല്‍കുന്നത്. കഴിഞ്ഞവര്‍ഷം നവംബറില്‍ 30,000 കുട്ടികള്‍ക്കായിരുന്നു ഇങ്ങനെ വിദ്യാഭ്യാസം ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 1.30 ലക്ഷം കുട്ടികള്‍ക്കാണ് അതു ലഭിക്കുന്നത്. പതിനായിരത്തോളം കുട്ടികള്‍ അതിര്‍ത്തിനഗരമായ കക്കട്ടയിലാണ്. ഇതില്‍ മൂവായിരം പേര്‍ ഇപ്പോള്‍ സ്‌കൂളുകളില്‍ പോകുന്നുണ്ട്.

കൊളംബിയയിലേക്കു കുടിയേറുന്ന കുട്ടികളുടെ ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, സുരക്ഷ എന്നീ കാര്യങ്ങളില്‍ സഹായം നല്‍കാന്‍ മനുഷ്യാവകാശ സംഘടനകളുടെയും ദേശീയ, പ്രാദേശിക അധികൃതരുടെയും സന്നദ്ധസംഘടനകളുടെയും കൂട്ടായ്മകളുടെയും സഹായം യുണിസെഫ് തേടിയിട്ടുണ്ട്.