| Thursday, 5th February 2015, 1:02 pm

ഷാര്‍ലി ഹെബ്ദോ: വിവാദ ഉര്‍ദു പത്രം വിറ്റ പത്രവില്‍പനക്കാരനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


മുംബൈ: ഷാര്‍ലി ഹെബ്ദോ കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിച്ച ഉര്‍ദു പത്രം വിറ്റ പത്ര വില്‍പനക്കാരനെതിരെ പോലീസ് കേസെടുത്തു. മുംബൈയിലെ ജെ.ജെ മാര്‍ഗ് പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ജനുവരി പതിനേഴിന് പ്രസിദ്ധീകരിച്ചിരുന്ന ഉര്‍ദു ദിനപത്രമായ അവധ് നാമയാണ് ഇയാള്‍ വിറ്റഴിച്ചിരുന്നത്. ഷാര്‍ലി ഹെബ്ദോയുടെ മുഖചിത്രം പുനപ്രസിദ്ധീകരിച്ചതിന് പത്രത്തിന്റെ എഡിറ്റര്‍ നിയമ നടപടി നേരിട്ടിരുന്നു.

ബോധപൂര്‍വ്വം പത്രം വിതരണം നടത്തിയെന്ന് ആരോപിച്ച് കൊണ്ടാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പത്രത്തിന്റെ കോപ്പി വിറ്റഴിച്ചതിന് വിതരണക്കാരനെ അറസ്റ്റ് ചെയ്തതില്‍ മുംബൈയിലെ പത്ര വിതരണക്കാര്‍ക്കിടയില്‍ വ്യാപക എതിര്‍പ്പാണുള്ളത്. അതേ സമയം പത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് ഇയാള്‍ക്ക് ധാരണയുണ്ടായിരുന്നതായും മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചതിനാലാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്ന് മുംബൈ പോലീസ് അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണ പ്രകാശ് പറഞ്ഞു.

വിവാദവുമായി ബന്ധപ്പെട്ട് നേരത്തെ അവധ് നാമയുടെ പത്രാധിപര്‍ ശിറീന്‍ ദാല്‍വിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കാര്‍ട്ടൂണ്‍ വന്നതിനു പിന്നാലെ മുംബൈ, താനെ പരിസരങ്ങളിലെ പോലീസ് സ്‌റ്റേഷനുകളില്‍ പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 295 അ പ്രകാരം മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിനാണു ദാല്‍വിയ്‌ക്കെതിരെ കേസെടുത്തിരുന്നത്.

We use cookies to give you the best possible experience. Learn more