'വെനം ഇവിടെ അവസാനിക്കുന്നു..' ഫൈനല്‍ ട്രെയ്‌ലറുമായി സോണി
HollyWood
'വെനം ഇവിടെ അവസാനിക്കുന്നു..' ഫൈനല്‍ ട്രെയ്‌ലറുമായി സോണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th September 2024, 11:41 am

2018ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ സൂപ്പര്‍ഹീറോ ചിത്രമാണ് ‘വെനം’. ടോം ഹാര്‍ഡി നായകനായി എത്തിയ ഈ ചിത്രത്തിന് ആരാധകര്‍ ഏറെയാണ്. വെനമായി മാറുന്ന ജേര്‍ണലിസ്റ്റ് എഡ്ഡിയെന്ന കഥാപാത്രമായാണ് വെനത്തില്‍ ടോം ഹാര്‍ഡിയെത്തിയത്.

ഇതുവരെ ഈ സിനിമയുടെ രണ്ട് ഭാഗങ്ങളായിരുന്നു പുറത്തിറങ്ങിയിരുന്നത്. 2021ലായിരുന്നു വെനത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയിരുന്നത്. ചിത്രത്തിന്റെ ഇരുഭാഗങ്ങളും ചേര്‍ന്ന് ബോക്സ് ഓഫീസില്‍ 1.3 ബില്യണ്‍ ഡോളറാണ് നേടിയത്.

2022 ഏപ്രിലിലായിരുന്നു സോണി വെനത്തിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചത്. ഇപ്പോള്‍ ‘വെനം: ദി ലാസ്റ്റ് ഡാന്‍സ്’ എന്ന ടൈറ്റിലില്‍ എത്തുന്ന സിനിമയുടെ ഫൈനല്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് സോണി പിക്‌ചേഴ്‌സ്. രണ്ട് മിനിട്ട് 59 മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് പുറത്തുവന്നത്.

ടോം ഹാര്‍ഡിക്കൊപ്പം ചിവെറ്റെല്‍ എജിയോഫോറും റൈസ് ഇഫാന്‍സും സ്റ്റീഫന്‍ ഗ്രഹാമും ജൂനോ ടെമ്പിളുമാണ് ചിത്രത്തില്‍ മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്. 2023 ജൂണ്‍ അവസാനത്തോടെയായിരുന്നു സ്പെയിനില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിരുന്നത്.

അന്ന് 2024 ജൂലൈ 12ന് വെനം റിലീസ് ചെയ്യുമായിരുന്നു പ്രഖ്യാപനം. എന്നാല്‍ 2023 ജൂലൈയില്‍ ഹോളിവുഡിലെ സ്ട്രൈക്ക് വന്നതോടെ സിനിമയുടെ ഷൂട്ടിങ്ങ് നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു.

അതോടെ ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാല്‍ ജൂലൈയിലെ റിലീസ് മാറ്റിവെക്കുകയും ചെയ്തു. ഹോളിവുഡിലെ സ്ട്രൈക്ക് അവസാനിച്ചതോടെ നിര്‍ത്തിവെച്ച ഷൂട്ടിങ്ങ് വീണ്ടും ആരംഭിച്ചിരുന്നു. 2024 ഒക്ടോബര്‍ 25നാകും വെനം: ദി ലാസ്റ്റ് ഡാന്‍സിന്റെ റിലീസ്.

Content Highlight: Venam: The Last Dance Trailer Out