| Thursday, 14th March 2024, 4:11 pm

പുതിയ ടൈറ്റിലുമായി എഡ്ഡിയെത്തുന്നു; സര്‍പ്രൈസ് റിലീസ് ഡേറ്റുമായി വെനം 3

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമേരിക്കന്‍ സൂപ്പര്‍ഹീറോ ചിത്രം വെനത്തിന്റെ മൂന്നാം ഭാഗത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. ‘വെനം: ദി ലാസ്റ്റ് ഡാന്‍സ്’ എന്ന ടൈറ്റില്‍ സിനിമയുടെ ഫ്രാഞ്ചൈസി തന്നെയാണ് പുറത്തുവിട്ടത്.

2018ല്‍ ടോം ഹാര്‍ഡി നായകനായ ചിത്രമായിരുന്നു ‘വെനം’. ഇതുവരെ ഈ സിനിമയുടെ രണ്ട് ഭാഗങ്ങളായിരുന്നു പുറത്തിറങ്ങിയിരുന്നത്.

2018ലെ വെനത്തിന്റെ ആദ്യ ഭാഗത്തിന് ശേഷം 2021ലാണ് രണ്ടാം ഭാഗം പുറത്തിറങ്ങിയിരുന്നത്. ഇരുഭാഗങ്ങളും ചേര്‍ന്ന് ബോക്സ് ഓഫീസില്‍ 1.3 ബില്യണ്‍ ഡോളറാണ് നേടിയത്.

2022 ഏപ്രിലില്‍ ആയിരുന്നു സോണി ആദ്യമായി മൂന്നാം ഭാഗം പ്രഖ്യാപിച്ചിരുന്നത്. 2023 ജൂണ്‍ അവസാനത്തോടെ സ്പെയിനില്‍ ഷൂട്ടിങ്ങ് ആരംഭിക്കുകയും ചെയ്തു. അന്ന് 2024 ജൂലൈ 12നായിരുന്നു സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്.

എന്നാല്‍ 2023 ജൂലൈയില്‍ ഹോളിവുഡിലെ സ്ട്രൈക്ക് വന്നതോടെ സിനിമയുടെ ഷൂട്ടിങ്ങ് നിര്‍ത്തിവെക്കേണ്ടി വന്നു. ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാല്‍ ജൂലൈയിലെ റിലീസ് മാറ്റിവെക്കുകയും ചെയ്തു.

ഹോളിവുഡിലെ സ്ട്രൈക്ക് അവസാനിച്ചതോടെ നിര്‍ത്തിവെച്ച ഷൂട്ടിങ്ങ് വീണ്ടും ആരംഭിച്ചിരുന്നു. ശേഷം 2024 നവംബര്‍ എട്ടിനാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ട ഫ്രാഞ്ചൈസി 2024 ഒക്ടോബര്‍ 25നാകും റിലീസ് എന്ന് അറിയിച്ചു.

വെനമായി മാറുന്ന ജേര്‍ണലിസ്റ്റായ എഡ്ഡിയെന്ന കഥാപാത്രമായി ടോം ഹാര്‍ഡിയെത്തുന്ന ഈ ചിത്രത്തിന് ഏറെ ആരാധകരുണ്ട്. വെനത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും ഭാഗമാകും വരാനിരിക്കുന്ന ‘വെനം: ദി ലാസ്റ്റ് ഡാന്‍സ്’.

Content Highlight: Venam 3 Gets Surprise Release Date

We use cookies to give you the best possible experience. Learn more