തിരുവനന്തപുരം: എസ്.ഡി.പി.ഐ പിന്തുണയില്‍ ലഭിച്ച വെമ്പായം ഗ്രാമപഞ്ചായത്തിലെ ഭരണം ഉപേക്ഷിക്കണമെന്ന കോണ്‍ഗ്രസ് നിര്‍ദേശം തള്ളിയ പ്രസിഡണ്ട് ബീന ജയനെയും വൈസ് പ്രസിഡണ്ട് ജഗന്നാഥന്‍ പിള്ളയേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഡി.സി.സിയുടേതാണ് നടപടി.
നറുക്കെടുപ്പിലൂടെയാണ് അധികാരം കിട്ടിയതെന്നും അതിന് മുമ്പ് ആരൊക്കെ അനുകൂലിച്ച് വോട്ടിട്ടെന്ന് അറിയില്ലെന്നുമാണ് പ്രസിഡണ്ടും ബ്ലോക്ക് കമ്മിറ്റിയും പറഞ്ഞിരുന്നത്. 25 വര്‍ഷത്തിന് ശേഷമാണ് വെമ്പായത്ത് യു.ഡി.എഫിന് അധികാരം കിട്ടിയത്.
21 അംഗ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് എട്ടും യുഡി.എ.ഫിന് ഏഴും അംഗങ്ങളായിരുന്നു. വോട്ടെടുപ്പില്‍ എസ്.ഡി.പി.ഐ അംഗം യു.ഡി.എഫിനെ പിന്തുണച്ചതോടെ ഇരുമുന്നണികള്‍ക്കും തുല്യമായി.
തുടര്‍ന്നുള്ള നറുക്കെടുപ്പില്‍ യു.ഡി.എഫിന് ഭരണം കിട്ടി. എസ്.ഡി.പി.ഐ പിന്തുണച്ച് കിട്ടിയ ഭരണം പലയിടത്തും എല്‍.ഡി.എഫ് ഉപേക്ഷിച്ചെങ്കിലും യു.ഡി.എഫ് തുടരുന്നത് വിമര്‍ശനത്തിനിടയാക്കി. ഇതോടെ വെമ്പായത്തെ പ്രസിഡണ്ടിനോട് സ്ഥാനം രാജിവയ്ക്കാന്‍ ഡി.സി.സി ആവശ്യപ്പെടുകയായിരുന്നു.