ലോകത്തിലെ ഏറ്റവും കൂടുതല്‍ വ്യവസായിക ഉത്പനങ്ങള്‍ മനുഷ്യര്‍ക്ക് ആഹരിക്കാനുള്ളതല്ല. മനുഷ്യരുടെ ശാരീരികവും മാനസികവുമായ പീഢകളെ അകറ്റാനോ പ്രതിരോധിക്കാനുള്ളതോ അല്ല. മനുഷ്യ സമൂഹത്തിന് ഒഴിച്ചുകൂടാത്തതുമല്ല. ഇക്കാര്യം പറഞ്ഞത് പത്തൊന്‍പതാം നൂറ്റാണ്ടിലെ ജര്‍മ്മനിയിലെ ഒരു താടിക്കാരനാണ്. സാക്ഷാല്‍ കാറല്‍ മാക്സ്. എക്കാലത്തെയും ഏറ്റവും വലിയ ചിന്തകരില്‍ ഒരാള്‍. മനുഷ്യ നന്മകളെ ലോകത്ത് പ്രതിഷ്ഠിച്ച മഹാനുഭാവന്.
സ്ത്രീകളെ സുന്ദരികലാക്കാന് വേണ്ടിയുള്ളതാണ് വ്യവസായിക ഉത്പനങ്ങളില്‍ ഏറിയകൂറും എന്ന് അദ്ദേഹം പറഞ്ഞു. അതിനര്‍ത്ഥം മനുഷ്യാധ്വാനത്തിന്റെ ഏറ്റവും വലിയ ഭാഗം സ്ത്രീകളെ സുന്ദരികളാക്കാന്‍ വേണ്ടിയാണ് വ്യയം ചെയ്യപ്പെടുന്നതെന്നാണ്. അധ്വാനം മാത്രമല്ല അസംസ്കൃത വസ്തുക്കളും അതിനായി മാത്രം. പത്രമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ക്കായി നീക്കിവച്ചതിനേക്കാള് സ്ഥലം സോപ്പിന്റെയും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെയും പരസ്യത്തിനായി മാറ്റി വച്ചിരിക്കുന്നു. ദൃശ്യമാധ്യമങ്ങളിലെ സമയവും അതുപോലെതന്നെ.
മുതലാളിത്തം ശക്തിപ്രാപിച്ചുകൊണ്ടിരുന്ന കാലത്താണ് മാക്സ് ഇങ്ങനെ പറഞ്ഞത്.സത്രീകളെ സുന്ദരികളാക്കുന്നത് സ്ത്രീകളുടെ മാത്രം പ്രശ്നമായിരുന്നില്ല. അത് പുരുഷന്റെ കൂടിയാവണം. മാക്സ് പ്രണയിച്ചതും വിവാഹം കഴിച്ചതും അക്കാലത്ത് ജര്‍മ്മനിയിലെ ഏറ്റവും സുന്ദരിയായ ജന്നിയെ ആണെന്ന് ഓര്‍ക്കണം. മാത്രമല്ല മകളുടെ ഒരു ചോദ്യത്തിന് ഉത്തരമായി മാക്സ് സ്ത്രീ സൗന്ദര്യത്തെക്കുറിച്ച് പറയുന്നുണ്ട്.
പുരുഷനില്‍ അച്ഛന് ആഗ്രഹിക്കുന്ന ഏറ്റവും വലിയ ഗുണം എന്താണെന്ന ചോദ്യത്തിന് ശൗര്യം എന്ന മറുപടി പറഞ്ഞ മാക്സ് സത്രീയിലോ എന്ന ചോദ്യത്തിന് സൗന്ദര്യം എന്നാണ് പറഞ്ഞത്. ഇന്നത്തെ മാക്സിസ്റ്റുകാര്ക്ക് മാക്സ് അങ്ങനെയൊരു ഉത്തരം പറഞ്ഞു എന്നത് ദഹിക്കാനിടയില്ല. ചുരുക്കത്തില്‍ സ്ത്രീകള്‍ സുന്ദരികളായിരിക്കണമെന്ന് ആഗ്രഹിച്ച മാക്സ് വ്യവയായികോത്പാദന വ്യവസ്ഥയെക്കുറിച്ച് ഇത്തരമൊരു ആരോപണം എന്തിനാണ് ഉന്നയിച്ചത്. അത് ഒരു ആരോപണമല്ല. അതൊരു വസ്തുതയാണെന്നതാണ് സത്യം.
നമ്മുടെ വൈകാരികമായ ഇഷ്ടാനിഷ്ടങ്ങളല്ല ഒരു സത്യാന്വേഷകനെ നിയന്ത്രിക്കേണ്ടത്. തന്റെ ഇച്ചകളേക്കാള് പ്രധാനം ലോകത്തിന്റെ ഇച്ഛയ്ക്കാണ്. സത്രീകള്‍ സുന്ദരിയായിരിക്കരുതെന്നാണ് എന്റെ താല്‍പ്പര്യം എന്നാരും ധരിക്കരുത്. എല്ലാ സ്ത്രീകളും സുന്ദരികളായിരിക്കണമെന്നും ലോകം സുന്ദരമായിരിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ സൗന്ദര്യത്തെക്കുറിച്ചുള്ള ധാരണകള്‍ പ്രകോപനങ്ങള്‍ നിറഞ്ഞതും അതോടൊപ്പം അത്യന്തം വ്യക്തി നിഷ്ടവുമാണ്.
രൂപമാണോ നിറമാണോ സ്വഭാവമാണോ സ്നേഹമാണോ കാരുണ്യമാണോ കൂട്ടായ്മയാണോ ശക്തിയാണോ സാന്ത്വനമാണോ സൗന്ദര്യം എന്നൊന്നും കൃത്യമായി നിര്‍വ്വചിക്കാന്‍ ആവില്ല. മുതലാളിത്തം ഉത്പാദിപ്പിക്കുന്ന സൗന്ദര്യ സങ്കല്‍പ്പം വെളുപ്പാണ്. അതാകട്ടെ സാമ്രാജ്യത്വ മോഹങ്ങളുടെ അധിനിവേശത്തിന്റെ വംശീകരണത്തിന്റെ ലോകം കീഴടക്കലിന്റെ പ്രത്യയശാസ്ത്രമാണ്. മാധ്യമങ്ങളിലെല്ലാം നിറയുന്നത് തൊലി എങ്ങനെ വെളുപ്പിക്കാം എന്നതിന്റെ പരസ്യങ്ങളാണ്. അതിനുവേണ്ടിയുള്ള ലേപനങ്ങളുടെ പരസ്യങ്ങളാണ്. അതിനര്‍ത്ഥം കറുപ്പ് നിറം ചീത്തയാണെന്നതാണ്.
കറുപ്പിനെ വെളുപ്പിക്കലാണ് മുക്തിയുടെ സായൂജ്യവും എന്നുവരുന്നു. വെളുത്തവര്‍ കറുത്തവരെ അടിമകളാക്കിയതിന്റെ ബാക്കിപത്രമാണ്. ഈ അടിമത്വത്തിലൂടെ കറുത്തവരും വെളുത്തവരുടെ പ്രത്യയശാസ്ത്രം അറിയാതെ സ്വന്തം ജിവിതത്തില്‍ സ്വാംഗീകരിച്ചിരിക്കുന്നു. അതോടെ കറുത്തവര്‍ വെളുത്തവര്‍ക്കെതിരെ നടത്തിയ എല്ലാ കലാപങ്ങളും അര്‍ത്ഥശൂന്യമാകുന്നു.
തൊലിയാണ് സൗന്ദര്യമെന്നും തൊലിവെളുപ്പിക്കലാണ് മനുഷ്യജീവിതത്തിന്റെ മര്‍മ്മപ്രധാനമായ കര്‍മ്മം എന്നും വന്നുചേരുന്നു. അതുകൊണ്ട് മാധ്യമങ്ങളില്‍ തൊലിവെളുപ്പിക്കുന്ന ലേഖനങ്ങളുടെ പരസ്യങ്ങള്‍ നിറയുന്നു. അത് വാങ്ങാന്‍ ജനങ്ങള്‍ മത്സരിക്കുന്നു. സത്യത്തില്‍ തൊലിവെളുപ്പിക്കുന്ന ഈ പരസ്യങ്ങള്‍ ഇന്ത്യപോലുള്ള ജനാധിപത്യ രാജ്യങ്ങളില്‍ നിരോധിക്കപ്പെടേണ്ടതാണ്.
കറുത്ത തൊലിയുള്ളവരെ അപഹസിക്കുന്ന പരസ്യങ്ങളാണിത്. കറുപ്പ് ഏഴഴകാണെന്ന് വിശ്വസിക്കുന്ന ജനതയാണ് ഈ വെളുപ്പിനെക്കുറിച്ച് ആലോചിക്കുന്നതെന്നതാണ് അത്ഭുതം. കറുകറുത്ത കാര്വര്ണന് കൃഷ്ണനെ പ്രണയത്തിന്റെ പ്രതിരൂപമായി ആരാധിക്കുന്ന ഇന്ത്യയിലെ നാരീസമൂഹമാണ് കറുപ്പിനെ നിഷേധിക്കുന്നത്.
അത് നമ്മുടെ സ്വത്വബോധത്തെ നിഷേധിക്കലാണ്. ലോകം ഭരിക്കാനാണ് വെള്ളക്കാരെ സൃഷ്ടിച്ചതെന്ന് വിശ്വസിക്കുന്നതിന് തുല്യമാണത്. പ്രത്യയശാസ്ത്രതോടുള്ള പ്രതിബധത നഷ്ടപ്പെടലാണ്. സ്ത്രീകളുടെ സൗന്ദര്യത്തെക്കുറിച്ച് മാക്സ് പറഞ്ഞത് വെളുപ്പിനെക്കുറിച്ചാവില്ല, സ്ത്രീകള്‍ പരത്തുന്ന പ്രകാശത്തെക്കുറിച്ചായിക്കും.
ഈ വെളുക്കല്‍ ഭ്രമം പ്രകൃതിയേയും ലോകത്തേയും കാലാവസ്ഥയേയും എന്തിന് വെയിലിനേയും മഴയേയും മഞ്ഞിനേയും നിഷേധിക്കുന്നതില്‍ എത്തുന്നു. ഒരു സോപ്പിന്റെ പരസ്യം ഇങ്ങനെ ” നീ പുറത്തുപോയി കളിക്കരുത്. വെയിലും മഞ്ഞും മഴയും പൊടിയും നിന്റെ ചര്‍മ്മത്തെ നശിപ്പിക്കും. ” ഇത് പ്രക്ഷേപണം ചെയ്യുന്ന ആശയം മനുഷ്യ ശരീരത്തിലെ ഏറ്റവും ഉത്തമമായ ഭാഗം തൊലിയാണെന്ന് മാത്രമല്ല പ്രകൃതിയുടെ എല്ലാ ഔദാര്യങ്ങളും ചീത്തയാണെന്നത് കൂടെയാണ്.
മാത്രമല്ല പുറത്തിറങ്ങരുതെന്നും മറ്റുള്ളവരുമായി കൂട്ടുകൂടരുതെന്നും കളിക്കരുതെന്നും അത് നിര്‍ദ്ദേശിക്കുന്നു. മനുഷ്യ ജീവിതത്തേയും അധ്വാനത്തേയും ആഹ്ലാദങ്ങളെയും നിരാകരിക്കുന്നതാണ് ഈ ആശയം. മനുഷ്യര്‍ വീടിനുള്ളില്‍ വെയിലും മഴയും മഞ്ഞും കൊള്ളാതെ മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ കഴിഞ്ഞൂകൂടാനുള്ള നിര്‍ദ്ദേശമാണ്.