കോഴിക്കോട്: എല്ലാ പുറങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദി നിറഞ്ഞുനില്‍ക്കുന്ന 2017 ലെ കലണ്ടര്‍ കഴിഞ്ഞ മാസമാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. എന്നാല്‍ മോദിയുടെ സ്‌പോര്‍ണ്‍സേഡ് കലണ്ടറിന് പകരമായി ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ വിളിച്ചോതുന്ന കലണ്ടറാണ് വേലുനായ്ക്കര്‍ വി പുറത്തിറക്കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വേലുനായ്ക്കര്‍ മോദിയുടെ കലണ്ടറിന് പകരമായി പുതിയ കലണ്ടര്‍ അവതരിപ്പിച്ചത്.
“മോദി ജി അദ്ദേഹത്തിന്റെ വിവിധ പോസുകളിലെ ഫോട്ടോകള്‍ ഉള്‍ക്കൊള്ളിച്ച് കലണ്ടര്‍ പുറത്തിറക്കിയ സ്ഥിതിക്ക് അദ്ദേഹത്തിനും ഈ കലണ്ടര്‍ സമര്‍പ്പിക്കുന്നു എന്നാണ് വേലുനായ്ക്കര്‍ പറയുന്നത്. മനസില്‍ വന്ന എല്ലാ ഫോട്ടോകളും ഉള്‍പ്പെടുത്താന്‍ പറ്റിയില്ലെന്നും മാസങ്ങള്‍ ആകെ 12 അല്ലേ ഉള്ളൂ.. മോദി ജീ ക്ഷമിക്കണം എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ദാദ്രിയില്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് അടിച്ചുകൊന്ന മുഹമ്മദ് അഖ്‌ലക്കിന്റേയും അദ്ദേഹത്തിന്റെ വിയോഗത്തില്‍ പൊട്ടിക്കരയുന്ന കുടുംബത്തിന്റേയും ചിത്രമാണ് കലണ്ടറിന്റെ ആദ്യപേജിലെ ഫോട്ടോയായി ഉള്‍പ്പെടുത്തിയത്.
റഷ്യന്‍സന്ദര്‍ശനത്തിനായി എത്തിയ മോദി ചുവന്ന പരവതാനായിലൂടെ നടക്കുമ്പോള്‍ ദേശീയഗാനം ആരംഭിക്കുകയും അത് കേള്‍ക്കാതെ മുന്നോട്ടു നടക്കുന്ന മോദിയെ ഉദ്യോഗസ്ഥര്‍ പിടിച്ച് നിര്‍ത്തി പഴയ സ്ഥാനത്ത് തന്നെ നിര്‍ത്തുന്ന ചിത്രമാണ് അടുത്ത പേജിലെ ഫോട്ടോ.
പശുവിനെ കടത്തിയെന്നാരോപിച്ച് ജാര്‍ഗണ്ഡില്‍ സംഘപരിവാറുകാര്‍ തൂക്കിക്കൊന്ന രണ്ടുപേരുടെ ചിത്രമാണ് അടുത്തത്. ചത്ത പശുവിന്റെ തൊലിയുരിച്ചതിന്റെ പേരില്‍ ഉനയില്‍ ദളിത് യുവാക്കളെ വാഹനത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നതും കലണ്ടറിന്റെ മറ്റൊരു ഫോട്ടോയാണ്.
ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്നും മോദിക്ക് ലഭിച്ചെന്ന് പറയുന്ന ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ ചിത്രമാണ് അടുത്തത്. മോദിയുടെ ബിരുദം വ്യാജമാണെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തുന്നത്. എന്നാല്‍ ഇതും വ്യാജമാണെന്ന് ആരോപണമുണ്ടായിരുന്നു.
ഹൈരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ജാതീയതയുടെ പേരില്‍ രക്തസാക്ഷിയായ രോഹിത് വെമുലയുടെ ഫോട്ടോക്ക് മുന്നിലിക്കുന്ന മാതാവ് രാധിക വെമുലയുടേയും ചിത്രമാണ് അടുത്തത്.
പൂര്‍ണ നഗ്നനായി ഹരിയാന നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ജൈനമത നേതാവ് തരുണ്‍ സാഗറിന്റെ ചിത്രമാണ് മറ്റൊന്ന്. വിദ്യാഭ്യാസ മന്ത്രി രാം വിലാസ് പാസ്വാന്റെ നിര്‍ദേശം പ്രകാരമായിരുന്നു സ്വാമി പ്രഭാഷണത്തിന് എത്തിയത്. ഗവര്‍ണറുടേയും മുഖ്യമന്ത്രിയുടേയുംസീറ്റുകള്‍ക്ക് മുന്നില്‍ ഡയസിലിരുന്നായിരുന്നു ഇദ്ദേഹം സഭയെ അഭിസംബോധന ചെയ്തത്.
ഒഡീഷയിലെ കളഹന്ദിയില്‍ മരണപ്പെട്ട ഭാര്യയുടെ മൃതദേഹം ഒറ്റയ്ക്ക് ചുമത്ത് കിലോമീറ്ററുകള്‍ താണ്ടുന്ന ദന മാജിയുടെ കരളലിയിപ്പിക്കുന്ന ചിത്രവും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഭോപ്പാല്‍ ജയിലില്‍ നിന്നും തടവ് ചാടിയെന്ന പേരില്‍ പോലീസുകാര്‍ വെടിവെച്ചുകൊന്ന സിമി തടവുകാരുടെ ചിത്രമാണ് അടുത്ത പേജിലുള്ളത്.
ഗോയങ്ക പുരസ്‌കാര വേദിയില്‍ മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എന്താണ് നല്ല മാധ്യമപ്രവര്‍ത്തനം എന്ന് ക്ലാസെടുത്ത രാജ്കമല്‍ ഝായുടെ ചിത്രവും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിന് പിന്നാലെ കാണാതായ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന് വേണ്ടി ഇന്ത്യാ ഗേറ്റിന് മുന്നില്‍ പ്രതിഷേധിച്ച അമ്മയെ പോലീസ് അറസ്റ്റു ചെയ്തുനീക്കുന്ന ചിത്രമാണ് മറ്റൊന്ന്.
ഗുര്‍ഗോണിലെ ഒരു ബാങ്കിന് മുന്നില്‍ ക്യൂവില്‍ സ്ഥാനം നഷ്ടപ്പെട്ട് പൊട്ടിക്കരയുന്ന വൃദ്ധന്റെ ചിത്രമാണ് അവസാനത്തേത്. നോട്ട് നിരോധനത്തില്‍ മോദി പറയുന്നതുപോലെ കരയുന്നത് സമ്പന്നരല്ലെന്നും മറിച്ച് പട്ടിണിപ്പാവങ്ങളാണെന്നും പറഞ്ഞായിരുന്നു ഹിന്ദുസ്ഥാന്‍ ടൈംസ് ഈ ഫോട്ടോ പുറത്തുവിട്ടത്.
12 മാസവും 12 പുറങ്ങളിലായി മോദിയുടെ ചിത്രവും അതിലൂടെ കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതികളുടെ സന്ദേശവും അടങ്ങുന്ന കലണ്ടറിനെ ഇന്ത്യയിലെ യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുകാട്ടിക്കൊണ്ട് വിമര്‍ശിക്കുകയാണ് വേലുനായ്ക്കര്‍ തന്റെ ഈ കലണ്ടറിലൂടെ.