| Thursday, 24th October 2024, 12:51 pm

ജീവപര്യന്തം തടവുകാരെക്കൊണ്ട് അടിമപ്പണി; വെല്ലൂർ ജയിൽ ഡി.ഐ.ജിക്കും മറ്റ് രണ്ട് പേർക്കും സസ്പെൻഷൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വെല്ലൂർ: വെല്ലൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുകാരെ പീഡിപ്പിച്ചെന്ന പരാതിയിൽ വെല്ലൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഉൾപ്പെടെ മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ഡി.ഐ.ജി ആർ.രാജലക്ഷ്മി, അഡീഷണൽ സൂപ്രണ്ട് എ. അദ്ബുൽ റഹ്മാൻ, ജയിലർ അരുൾ കുമാരൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തടവുകാരെ കൊണ്ട് വീട്ടുജോലികൾ വരെ ചെയ്യാൻ നിർബന്ധിച്ചെന്നാരോപിച്ച് സെപ്റ്റംബറിൽ തമിഴ്‌നാട് ക്രൈംബ്രാഞ്ച്-ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് (സി.ബി-സി.ഐ.ഡി) അഡീഷണൽ എസ്.പി രാജലക്ഷ്മിക്കും മറ്റ് 12 പേർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.

പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ഡയറക്ടർ ജനറൽ മഹേശ്വര് ദയാൽ ഒപ്പിട്ട സസ്പെൻഷൻ ഉത്തരവ് പ്രകാരം, 1955ലെ തമിഴ്നാട് സിവിൽ സർവീസസ് ചട്ടങ്ങളുടെ 17(ഇ) പ്രകാരമാണ് രാജലക്ഷ്മിയെ സസ്പെൻഡ് ചെയ്തത്.

ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് സിബി-സി.ഐ.ഡി പൊലീസിന് സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടത്താനാണ് മൂന്ന് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്‌തത് എന്നാണ് ജയിൽ വകുപ്പ് വൃത്തങ്ങൾ പറയുന്നത്.

ജീവപര്യന്തം തടവുകാരായ എസ്.ശിവകുമാർ നൽകിയ പരാതിയിൽ വിശദമായ തെളിവുകൾ ആവശ്യമാണെന്ന് വെല്ലൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സി.ജെ.എം) പറഞ്ഞു.

റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ എസ്.എം സുബ്രഹ്മണ്യം, വി.ശിവജ്ഞാനം എന്നിവരുടെ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട പ്രതിയുടെ അമ്മ എസ്.കലാവതി അഭിഭാഷകൻ പി.പുഗലേന്തി മുഖേന ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഉത്തരവ്.

Content Highlight: Vellore prison DIG, 2 others suspended after being booked over ‘slavery treatment’ of life convicts

We use cookies to give you the best possible experience. Learn more