| Friday, 29th April 2022, 9:26 pm

മലയാളിയുടെ നൊസ്റ്റാള്‍ജിയ ഒരിക്കല്‍ക്കൂടി; 40 വര്‍ഷത്തിന് ശേഷം 'വെള്ളിച്ചില്ലും വിതറി...' വീണ്ടുമെത്തുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളിയുടെ നൊസ്റ്റാള്‍ജിയയില്‍ എന്നും തത്തിക്കളിക്കുന്ന പാട്ടാണ് 1982ല്‍ ഐ.വി. ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഇണ എന്ന ചിത്രത്തിലെ ‘വെള്ളിച്ചില്ലും വിതറി’ എന്നു തുടങ്ങുന്ന ഗാനം. മലയാളി ഒരിക്കലെങ്കിലും കേള്‍ക്കുകയും ഏറ്റുമൂളുകയും ചെയ്ത ഗാനങ്ങളില്‍ ഒന്നുകൂടിയാണത്.

ബിച്ചു തിരുമലയുടെ വരികള്‍ക്ക് എ. ടി. ഉമ്മര്‍ ആയിരുന്നു ഈണം പകര്‍ന്ന് ഗാനം പാടിയിരുന്നത് കൃഷ്ണചന്ദ്രനായിരുന്നു. ഇപ്പോഴിതാ ആ ഗാനം വീണ്ടും ഒരു സിനിമയുടെ ഭാഗമാവാനൊരുങ്ങുകയാണ്.

40 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രജേഷ് സെന്‍ സംവിധാനം ചെയ്ത്, മഞ്ജുവാര്യരും ജയസൂര്യയും അഭിനയിച്ച, മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെയാണ് ഗാനം വീണ്ടുമെത്തുന്നത്. അന്ന് ആ പാട്ട് പാടിയ കൃഷ്ണചന്ദ്രന്‍ തന്നെയാണ് വീണ്ടും പാടിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

”എനിക്ക് വളരെ ഇഷ്ടപ്പെട്ടൊരു പാട്ടാണ് വെളളിച്ചില്ലും വിതറി. കുട്ടിക്കാലത്തൊക്കെ മൂളി നടന്നൊരു പാട്ട്. മേരി ആവാസ് സുനോയില്‍ ഒരു പാര്‍ട്ടി മൂഡുള്ള സോംഗ് വേണമായിരുന്നു. പഴയൊരു പാട്ട് റീമിക്‌സ് ചെയ്യാമെന്ന് വിചാരിച്ചപ്പോള്‍ ആദ്യം ഓര്‍മയില്‍ വന്നത്
ഈ പാട്ടാണ്.

അന്ന് അത് പാടിയ കൃഷ്ണചന്ദ്രന്‍ ചേട്ടന്‍ തന്നെ പാടിയാല്‍ നന്നായിരിക്കുമെന്ന് തോന്നിയാണ് വിളിച്ചത്. അദ്ദേഹത്തിനും പൂര്‍ണസമ്മതം. ചിത്രത്തിലെ പശ്ചാത്തലസംഗീതം ചെയ്ത യാക്‌സണ്‍ ഗ്യാരി പെരേരയും നേഹ നായരും ചേര്‍ന്നാണ് പാട്ട് റീമിക്‌സ് ചെയ്തത്.

റെക്കോര്‍ഡ് ചെയ്ത് വന്നപ്പോള്‍ വളരെ നന്നായിട്ടുമുണ്ട്. ചിത്രത്തില്‍ എം. ജയചന്ദ്രന്‍ ഈണമിട്ട മറ്റ് ഗാനങ്ങള്‍ക്കൊപ്പം ഈ പാട്ടും ആസ്വാദകര്‍ക്ക് ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്” സംവിധായകന്‍ പ്രജേഷ് സെന്‍ പറഞ്ഞു.

അന്ന് പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച പാട്ട് പുതിയകാലത്തും ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും ഒരിക്കല്‍ കൂടി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ വെള്ളിച്ചില്ലം വിതറി പാടാനായതില്‍ സന്തോഷമുണ്ടെന്നും ഗായകന്‍ കൃഷ്ണചന്ദ്രനും പറയുന്നു.

മെയ് 13ന് മേരി ആവാസ് സുനോ പ്രദര്‍ശനത്തിനെത്തുന്നത്.

യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷ് ആണ് മേരി ആവാസ് സുനോ നിര്‍മിച്ചിരിക്കുന്നത്. രജപുത്ര റിലീസ് ആണ് വിതരണം.

ക്യാപ്റ്റന്‍, വെള്ളം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ. ചിത്രത്തിവന്റെ തിരക്കഥയും പ്രജേഷ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. ശിവദ, ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി. സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ വേണുഗോപാല്‍ , മാസ്റ്റര്‍ അര്‍ചിത് അഭിലാഷ്, ആര്‍ദ്ര അഭിലാഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഹിപ്പോ പ്രൈം മീഡിയ ആന്റ് നെറ്റ്‌വര്‍ക്ക് ആണ് ചിത്രത്തിന്റെ ഇന്റര്‍നാഷണല്‍ വിതരണം. ആന്‍ സരിഗ, വിജയകുമാര്‍ പാലക്കുന്ന് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മാണം.

എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനര്‍ ബാദുഷ.എന്‍. എം, ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്ത് പിരപ്പന്‍കോട്, മേക്കപ്പ്- പ്രദീപ് രംഗന്‍,കിരണ്‍ രാജ്, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ. സൗണ്ട് ഡിസൈന്‍ – അരുണ വര്‍മ, പശ്ചാത്തലസംഗീതം- യാക്‌സണ്‍ ഗ്യാരി പെരേര, നേഹ നായര്‍, വിഎഫ്എക്‌സ്- നിഥിന്‍ റാം ഡി.ഐ-മോക്ഷ പോസ്റ്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിബിന്‍ ജോണ്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ്- വിഷ്ണു രവികുമാര്‍, ഷിജു സുലൈഖ ബഷീര്‍, ഡയറക്ടേഴ്‌സ് അസിസ്റ്റന്റ് എം. കുഞ്ഞാപ്പ, സ്‌ക്രിപ്റ്റ് അസോസിയേറ്റ് -വിനിത വേണു, സ്റ്റില്‍സ്- ലെബിസണ്‍ ഗോപി, പി.ആര്‍.ഒ-വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഡിസൈന്‍-താമിര്‍ ഓകെ

Content Highlight: Velli Chillum Vithari song in new movie Meri Aawaz Suno

Latest Stories

We use cookies to give you the best possible experience. Learn more