Advertisement
Film News
ഇതെന്താ വെള്ളരിപട്ടണമോ? ആത്മാവില്ലാത്ത കഥയും ആത്മാവില്ലാത്ത കഥാപാത്രങ്ങളും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 25, 06:10 am
Saturday, 25th March 2023, 11:40 am

മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത ചിത്രമാണ് വെള്ളരിപട്ടണം. രാഷ്ട്രീയ ആക്ഷേപഹാസ്യമായി ഒരുക്കിയ ചിത്രത്തില്‍ സുനന്ദ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിച്ചത്. സുരേഷ് എന്നാണ് സൗബിന്റെ കഥാപാത്രത്തിന്റെ പേര്.

രാഷ്ട്രീയ ആക്ഷേപഹാസ്യമെന്ന രീതിയില്‍ മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ബിജു മേനോന്‍ പ്രധാന വേഷത്തിലെത്തിയ വെള്ളിമൂങ്ങ, സന്ദേശം, പഞ്ചവടിപാലം തുടങ്ങി രാഷ്ട്രീയ പാര്‍ട്ടികളെയും പ്രവര്‍ത്തകരെയും ട്രോളികൊണ്ടാണ് ഈ സിനിമകളുടെ കഥ മുന്നോട്ട് പോകാറുള്ളത്. അത്തരം ചിത്രങ്ങളെ സംയോജിപ്പിച്ച് നിര്‍മിച്ച ഒരു ചിത്രമായാണ് വെള്ളരിപട്ടണവും അനുഭവപ്പെടുക.

പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെയും അവയുടെ മുന്നണികളെയുമാണ് വെള്ളരിപട്ടണത്തിലും കാണിക്കുന്നത്. സമകാലിക രാഷ്ട്രീയ വിഷയങ്ങളും അഴിമതിയും അധികാരത്തിന് വേണ്ടിയുള്ള തമ്മില്‍ തല്ലും തന്നെയാണ് വെള്ളരിപട്ടണം. സ്ഥിരം ട്രോളുകളായും കോമഡി സ്‌കിറ്റുകളായും നമ്മള്‍ കണ്ട് പരിചയിച്ച, ഒരിക്കല്‍ ചിരിച്ച തമാശകള്‍ തന്നെയാണ് വീണ്ടും വെള്ളരിപട്ടണത്തിലൂടെ സംവിധായകന്‍ പറയുന്നത്.

മഞ്ജു വാര്യറിന്റെ അനുജനായാണ് സൗബിന്‍ ചിത്രത്തിലെത്തുന്നത്. മഞ്ജു വാര്യരുടെ സുനന്ദക്കാണ് അനിയനേക്കാള്‍ വിലയും അധികാരവും നാട്ടിലുള്ളത്. ചേച്ചിയില്‍ നിന്നും അധികാരസ്ഥാനം നേടിയെടുക്കണം എന്ന ലക്ഷ്യമാണ് അനുജനായ സൗബിനുള്ളത്. എന്നാല്‍ ഈ അനിയന്‍ ജീവിക്കുന്നത് മൊത്തം ചേച്ചിയുടെ തണലിലാണ്. ചിത്രത്തിന്റെ തുടക്കം മുതല്‍ സൗബിനെ രാഷ്ട്രീയത്തിന്റെ പേരില്‍ വെറുതെ നടക്കുന്ന ആര്‍ക്കും വിലയില്ലാത്ത വ്യക്തിയായാണ് കാണിക്കുന്നത്.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ തലങ്ങും വിലങ്ങും ട്രോളുക എന്ന ലക്ഷ്യം മാത്രമാണ് ചിത്രത്തിനുള്ളത്. നിരന്തരമായി കണ്ടു വരുന്ന സോഷ്യല്‍ മീഡിയ ട്രോളുകള്‍ കൂട്ടിച്ചേര്‍ത്ത് വലിച്ചു നീട്ടി സിനിമയാക്കിയ അനുഭവമാണ് ചിത്രം നല്‍കുന്നത്. എന്തിനോ വേണ്ടി കുറേ കഥാപാത്രങ്ങള്‍ ചിത്രത്തിലെത്തുന്നുണ്ടെങ്കിലും അവരെല്ലാം കഥയില്ലാത്ത കഥയില്‍ പൊള്ളയായി പൊങ്ങികിടക്കുകയാണ്.

മഞ്ജു വാര്യര്‍ക്കും സൗബിനും പുറമെ സലീം കുമാര്‍, കൃഷ്ണ ശങ്കര്‍, വീണ നായര്‍, സുരേഷ് കൃഷ്ണ, ശബരീഷ് വര്‍മ തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ട്. എന്നാല്‍ അതില്‍ ഒരു കഥാപാത്രത്തിനും ഡെപ്ത്തില്ല. പല സന്ദര്‍ഭങ്ങളും ഡയലോഗുകളും ക്ലീഷേയാണ്. കോമഡി സ്‌കിറ്റുകള്‍ക്ക് സമാനമായാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

സ്ഥിരമായി പല സിനിമകളിലും കാണിച്ച് പഴകിയ സീനുകള്‍ തന്നെയാണ് പുതിയ പാത്രത്തില്‍ വെള്ളരിപട്ടണത്തിലും അവതരിപ്പിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ കാണുന്ന രാഷ്ട്രീയ ചര്‍ച്ചകളും ട്രോളുകളും വലിയ സ്‌ക്രീനില്‍ ആവിഷ്‌കരിക്കുക മാത്രമാണ് വെള്ളരിപട്ടണം ചെയ്തത്. പുതുതായി എടുത്തു പറയത്തക്ക ഒന്നും തന്നെ ചിത്രത്തിലില്ല.

CONTENT HIGHLIGHT: VELLARIPATTANAM MOVIE AND CHARECTORS