| Sunday, 29th September 2019, 10:17 am

'ചിലര് പറയുന്നത് കേട്ടു ഷാനിമോളെ നിശ്ചയിച്ചത് കാന്തപുരമാണെന്ന്' ; വെള്ളാപ്പള്ളി നടേശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: അരൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനി മോളെ നിശ്ചയിച്ചത് കാന്തപുരമാണെന്ന് ആരോപിച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് സമുദായ നേതാക്കളല്ല എന്ന് ഷാനിമോള്‍ ഉസ്മാന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു വെള്ളാപ്പള്ളി. പറഞ്ഞത് ശരിയാണെന്നും എന്നാല്‍ ചിലര്‍ പറയുന്നത് കേട്ടു ഷാനിമോളെ നിശ്ചയിച്ചത് കാന്തപുരമാണെന്ന്. അപ്പോള്‍ ഷാനി മോള്‍ പറഞ്ഞതില്‍ എത്ര ശരിയുണ്ടെന്ന് എനിക്ക് അറിയില്ല എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.

ശരിയാണോ തെറ്റാണോ എന്ന് അറിയില്ലെന്നും കൈയ്യടിക്ക് വേണ്ടി പലരും പലതും പറയുമ്പോഴും അതിന് പുറകില്‍ പലതും കാണും എല്ലാരും നിക്കട്ടെ എന്നിട്ട് കാണാം എന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ള ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കണമെന്ന് തന്റെ നിര്‍ദ്ദേശം മുന്നണികള്‍ വിലയ്‌ക്കെടുത്തില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോന്നിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എസ്.എസ് നോമിനിയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ഷാനിമോള്‍ക്ക് സഹതാപതരംഗമുണ്ടാവണമെന്നില്ല. സഹതാപം എന്തുമാത്രം നിലനിര്‍ത്താനാകുമെന്ന് കാത്തിരുന്ന് കാണണം. കാര്യങ്ങള്‍ തെളിഞ്ഞുവരട്ടെ. എന്നിട്ട് കൂടുതല്‍ അഭിപ്രായം പറയാം-അദ്ദേഹം വ്യക്തമാക്കി.

അടൂര്‍ പ്രകാശ് കുലംകുത്തിയാണെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു. അയാള്‍ എങ്ങനെ സ്ഥാനാര്‍ഥിയും മന്ത്രിയായെന്നും എനിക്കറിയാം. ഈഴവര്‍ക്ക് സീറ്റ് കൊടുക്കേണ്ടെന്ന് പറഞ്ഞ അടൂര്‍ പ്രകാശിന് ഇരട്ടത്താപ്പാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

DoolNews video

We use cookies to give you the best possible experience. Learn more