| Sunday, 10th November 2019, 10:23 am

അരൂരില്‍ സിറ്റിങ് സീറ്റ് നഷ്ടപ്പെടാന്‍ കാരണം സി.പി.ഐ.എമ്മിന്റെ വിഭാഗിയത; ഷാനിമോള്‍ ജയിച്ചത് സഹതാപ തരംഗം മൂലം- വെള്ളാപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അരൂരില്‍ സിറ്റിങ് സീറ്റ് നഷ്ടപ്പെടാന്‍ കാരണം സി.പി.എമ്മിന്റെ വിഭാഗിയതയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഷാനിമോള്‍ ഉസ്മാന്റെ വിജയത്തിനു കാരണം സഹതാപ തരംഗമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അരൂരില്‍ വികസനം നടത്തിയെന്നത് വെറും പുകമറയാണെന്നും സി.പി.ഐ.എമ്മിന് കെട്ടിവച്ച കാശെങ്കിലും തിരിച്ചുകിട്ടാന്‍ കാരണം ജി. സുധാകരന്റെ പ്രവര്‍ത്തനമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്.എന്‍.ഡി.പി യോഗത്തിന്റെ താത്പര്യത്തിന് എതിരായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് അരൂരില്‍ തിരിച്ചടിയായെന്ന് സി.പി.ഐ.എം ജില്ലാ കമ്മിറ്റി വിലയിരുത്തിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റിയെന്ന് വെള്ളാപ്പള്ളിയും സി.പി.ഐ.എമ്മിനെ കുറ്റപ്പെടുത്തി. പാര്‍ട്ടി ഹിന്ദു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് തന്നെ അറിയിച്ചിരുന്നു.

അതിന്റെ അടിസ്ഥാനത്തിലാണ് പരസ്യമായി ഇക്കാര്യം അറിയിച്ചത്. സി.പി.ഐ.എമ്മിലെ ഭിന്നതയും ഗ്രൂപ്പിസവുമാണ് പരാജയത്തിന്റെ പ്രധാന കാരണം. അരൂര്‍ സി.പി.ഐ.എമ്മിന് ബാലികേറാമലയല്ല. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ മണ്ഡലം തിരിച്ച് പിടിക്കാനാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അരൂരിലും കോന്നിയിലും ഹിന്ദുസ്ഥാനാര്‍ത്ഥികളാണ് വേണ്ടതെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ പറഞ്ഞിരുന്നു. അരൂരില്‍ ഭൂരിപക്ഷ സമുദായം ഹിന്ദുക്കളാണെന്നും അതിനാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഹിന്ദുക്കളെ പരിഗണിക്കണമെന്നതുമാണ് വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടിരുന്നത്

സി.പി.ഐ.എമ്മിന്റെ എടാ പോടാ ശൈലിക്ക് മാറ്റം വരുത്തണം . സംഘടനാപരമായി എല്‍.ഡി.എഫിന് ശക്തിയുണ്ടെങ്കിലും ശൈലി മാറ്റിപിടിക്കണമെന്നും വെള്ളാപ്പള്ളി നേരത്തെ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more