| Saturday, 27th May 2017, 1:39 pm

സ്വാതന്ത്ര്യം നിയന്ത്രണങ്ങള്‍ക്ക് വിധേയമാകണം: കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് വെള്ളാപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കന്നുകാലികളെ കശാപ്പിനായി കാലിച്ചന്തകളില്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെ പിന്തുണച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വാതന്ത്ര്യം നിയന്ത്രണങ്ങള്‍ക്ക് വിധേയമാകണമെന്ന് പറഞ്ഞാണ് വെള്ളാപ്പള്ളി കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ചത്.

കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പൗരന്മാരുടെ സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതാണെന്ന വാദം ശരിയല്ല. സ്വാതന്ത്ര്യം നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും അദ്ദേഹം പറഞ്ഞു.


Must read: നിമയ ലംഘന സമരത്തിനു തയ്യാറാവുക: ആര്‍.എം.പി.ഐ


ചാരായം കുടിക്കാന്‍ ഒരാള്‍ക്ക് ഇഷ്ടമാണെന്ന് കരുതി ചാരായം വാറ്റി കുടിക്കാന്‍ നമ്മുടെ നിയമവ്യവസ്ഥ അംഗീകരിക്കില്ല. കേരളത്തില്‍ നിലവാരമുള്ള അറവുശാലകള്‍ ഇല്ല. അതുകൊണ്ടുതന്നെ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച കേന്ദ്രനടപടി നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും ഒറ്റക്കെട്ടായി വിജ്ഞാപനത്തെ എതിര്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ അനുകൂല പ്രതികരണം വന്നിരിക്കുന്നത്.

കേന്ദ്രത്തിന്റേത് നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ള തീരുമാനമാണിതെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് വലിച്ചുകീറി എറിയണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി പറഞ്ഞത്.

രാഷ്ട്രത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുന്ന ഭ്രാന്തന്‍ തീരുമാനമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റുപ്പെടുത്തി.

We use cookies to give you the best possible experience. Learn more