| Friday, 3rd January 2025, 11:28 am

ഷർട്ട് ഊരി ദർശനം നടത്താമെന്ന അഭിപ്രായം പുതിയതല്ലെന്ന് വെള്ളാപ്പള്ളി; കാലാനുസൃതമായ മാറ്റം വരണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രാസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ഷർട്ട് ഊരി ദർശനം നടത്തുന്ന അഭിപ്രായം പുതിയതല്ലെന്നും ഈ കാര്യത്തിൽ മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാൻ അവകാശം ഉണ്ടെന്നും എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

‘ശിവഗിരി മഠത്തിലെ പ്രസിഡന്റ് സ്വാമി ഒരു അഭിപ്രായം പറഞ്ഞു. അതിനെ പിന്തുണച്ച് കൊണ്ട് മുഖ്യമന്ത്രിയും അഭിപ്രായം പറഞ്ഞു. മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. അതിന് എതിരായി സുകുമാരൻ നായർ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. അതിന് മറുപടിയായി ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠൻ അഭിപ്രായം പറഞ്ഞു. അവർ പരസ്പരം മറുപടി പറഞ്ഞു അത് കഴിഞ്ഞു. ഇവിടെ ഇത് മാത്രമാണോ നടക്കുന്നത്. എത്രമാത്രം അനാചാരങ്ങൾ ഇവിടെ ഉണ്ട്.

ഈ രാജ്യത്തുള്ള അനാചാരങ്ങൾ എല്ലാം ഒറ്റ ദിവസം കൊണ്ട് മാറില്ല. ഗുരുവായൂരുള്ള അനാചാരങ്ങൾ മാറിയില്ലേ. കൃഷ്ണൻ പിള്ള സഖാവ് മണിയിടിക്കാൻ ചെന്നപ്പോൾ അദ്ദേഹത്തെ ആക്രമിച്ചില്ലേ ഇപ്പോൾ ആർക്ക് വേണമെങ്കിലും മണിയടിക്കാമല്ലോ. വൈക്കത്ത് വഴി നടക്കാൻ പാടില്ലായിരുന്നല്ലോ അത് സമരം ചെയ്ത് മാറ്റിയില്ലേ ? മാറ്റങ്ങൾ ഉണ്ടാകും. കാലത്തിന് അനുസരിച്ച് പലതും മാറും,’ അദ്ദേഹം പറഞ്ഞു.

തങ്ങൾ ഇതിന് മുമ്പ് തന്നെ ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് ദർശനം നടത്താം എന്ന സർക്കുലർ ഇറക്കിയിട്ടുണ്ടെന്നും പല ക്ഷേത്രങ്ങളും അത് അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ക്ഷേത്രങ്ങളുടെ വസ്ത്രധാരണത്തിൽ ആരോഗ്യകരമായ ചർച്ച വേണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. കാലാനുസൃതമായ പരിഷ്‌കാരങ്ങൾ ആചാരങ്ങളിൽ വേണമെന്നും എല്ലാവരും കൂടി ആലോചിച്ച് പരിഹരിക്കേണ്ടതാണിതെന്നും അദ്ദേഹം പറഞ്ഞു.

ആചാരങ്ങളും അനുഷ്ഠാനങ്ങളും കാലദേശമനുസരിച്ച് പരിഷ്ക്കരിക്കപ്പെടണം. പക്ഷെ അതിന് ആരോഗ്യപരമായ ചർച്ചകളും സംവാദങ്ങളും അനിവാര്യമാണ്. കൂട്ടായ ആലോചനകൾ വേണം. എല്ലാ മേഖലയിലുമുള്ള ആളുകളുമായി ആലോചിക്കണം,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം 92ാം മത് ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍, ക്ഷേത്രങ്ങളില്‍ വസ്ത്രം ഊരിമാറ്റി ദര്‍ശനം നടത്തുന്ന രീതിയുണ്ടെന്നും ഇത് കാലാന്തരങ്ങളില്‍ മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സ്വാമി സച്ചിദാനന്ദയുടെ പരാമര്‍ശത്തെ പിന്തുണച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇതിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു.

കാലാകാലങ്ങളായി ക്ഷേത്രങ്ങളില്‍ തുടരുന്ന ആചാരങ്ങള്‍ ശരിയല്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് ജി. സുകുമാരന്‍ നായര്‍ ചോദിച്ചു. ക്ഷേത്രങ്ങളില്‍ വസ്ത്രം ഊരി ദര്‍ശനം നടത്തേണ്ടതില്ലെന്ന് പറയുന്നവര്‍ ആരാണെന്നും ജി. സുകുമാരന്‍ നായര്‍ ചോദിച്ചു.

Content Highlight: Vellappally said that the idea of ​​taking off one’s shirt for darshan is not new; The Devaswom Board wants a seasonal change

We use cookies to give you the best possible experience. Learn more