ഞാന്‍ മണിയാശാന്റെ ആരാധകനായിരുന്നു; ഉള്ളിന്റെ ഉള്ളില്‍ ഈഴവനാണെന്ന് അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ടെന്ന് വെള്ളാപ്പള്ളി
Daily News
ഞാന്‍ മണിയാശാന്റെ ആരാധകനായിരുന്നു; ഉള്ളിന്റെ ഉള്ളില്‍ ഈഴവനാണെന്ന് അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ടെന്ന് വെള്ളാപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd November 2016, 7:29 pm

ഹൈറേഞ്ചുകാര്‍ക്കു വേണ്ടി ധീരോദാത്തമായി പോരാടിയ വ്യക്തിയാണ് മണിയാശാനെന്ന് വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. ഉള്ളിന്റെ ഉള്ളില്‍ ഈഴവനാണെന്ന് അദ്ദേഹം തന്നോടു പറഞ്ഞിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. 


നെടുങ്കണ്ടം: നിയുക്ത വൈദ്യുതി മന്ത്രി എം.എം. മണിയെ പുകഴ്ത്തി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ഹൈറേഞ്ചുകാര്‍ക്കു വേണ്ടി ധീരോദാത്തമായി പോരാടിയ വ്യക്തിയാണ് മണിയാശാനെന്ന് വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. ഉള്ളിന്റെ ഉള്ളില്‍ ഈഴവനാണെന്ന് അദ്ദേഹം തന്നോടു പറഞ്ഞിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി നെടുങ്കണ്ടം പച്ചടി ശ്രീധരന്‍ സ്മാരക യൂണിയന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


വിദ്യാഭ്യാസമല്ല, കൂര്‍മബുദ്ധിയും ഇച്ഛാശക്തിയുമാണ് നല്ല ഭരണാധികാരിക്കു വേണ്ടത്. അതു മണിയാശാനുണ്ട്. ഞാന്‍ മണിയാശാന്റെ ആരാധകനായിരുന്ന ആളാണ്. മണിയാശാന്‍ ഇനി കേരളത്തിന്റെ പൊതുസ്വത്താണ്, വെള്ളാപ്പള്ളി പറഞ്ഞു.

എന്നെ തെറി പറഞ്ഞാല്‍ കിട്ടുമെന്നു കരുതിയ വോട്ടുകള്‍ മണിയാശാനു കിട്ടിയില്ല. കരുത്തനും മിടുക്കനുമാണ് മണിയാശാന്‍. ഒന്നും കാണാതെ സഖാവ് പിണറായി വിജയന്‍ മണിയാശാനെ മന്ത്രിയാക്കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.


പാവങ്ങള്‍ക്കു വേണ്ടി അദ്ദേഹം ധീരോദാത്തം പൊരുതി. മണിയാശാനെ ജയിലില്‍ അടച്ചപ്പോള്‍ ഞാന്‍ എതിര്‍ത്തു. യോഗനാദത്തില്‍ രണ്ടു തവണ മണിയാശാന്റെ ഇന്റര്‍വ്യു കൊടുത്തിരുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണ വേളയില്‍ ഇടുക്കിയില്‍ എത്തിയ വെള്ളാപ്പള്ളി നടേശന്‍, എം.എം. മണിയെ കരിങ്കുരങ്ങെന്നും കരിംഭൂതമെന്നും വിളിച്ച് അധിക്ഷേപിച്ചത് വന്‍ വിവാദമായിരുന്നു.