തരൂര്‍ ആനമണ്ടനും പിന്നാക്ക വിരോധിയും, ഈ പരിപ്പ് കേരളത്തിലെങ്ങും വേവില്ല: വെള്ളാപ്പള്ളി നടേശന്‍
Kerala News
തരൂര്‍ ആനമണ്ടനും പിന്നാക്ക വിരോധിയും, ഈ പരിപ്പ് കേരളത്തിലെങ്ങും വേവില്ല: വെള്ളാപ്പള്ളി നടേശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th January 2023, 1:50 pm

ആലപ്പുഴ: കേരളത്തില്‍ വേരുറപ്പിക്കാന്‍ സമുദായനേതാക്കളെ സന്ദര്‍ശിക്കുന്ന ശശി തരൂര്‍ എം.പി ആനമണ്ടനാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

താനടക്കം ഒരു സമുദായനേതാവിന്റെയും വാക്കുകേട്ടല്ല ഇപ്പോള്‍ വോട്ടര്‍മാര്‍ തീരുമാനമെടുക്കുന്നതെന്നും, ശശി തരൂരിനെപ്പോലുള്ള ഇറക്കുമതിച്ചരക്കുകള്‍ കേരളത്തില്‍ ചെലവാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

‘തരൂര്‍ ഇപ്പോള്‍ ഇവിടെ വന്ന് പ്രമാണിയാകുകയാണ്. ഇപ്പോള്‍ പറയുന്നു കുമാരനാശാനെപ്പറ്റിയും അയ്യങ്കാളിയെപ്പറ്റിയും എഴുതുമെന്ന്, ഇതൊക്കെ രാഷ്ട്രീയ അടവുനയമാണ്. വടക്കേ ഇന്ത്യയില്‍ നടക്കുമെന്നല്ലാതെ കേരളത്തിലെങ്ങും ഈ പരിപ്പ് വേവില്ല. തരൂര്‍ ഇത്രേം ഒരു ആന മണ്ടനാണെന്ന് താന്‍ ഇപ്പോഴാണ് മനസ്സിലാക്കുന്നത്,’ വെള്ളാപ്പള്ളി പറഞ്ഞു.

ഒരു ദളിത് നേതാവിനെ ദേശീയ അധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ എതിര്‍ത്ത് മത്സരിച്ച തരൂര്‍ കടുത്ത പിന്നാക്ക വിരോധിയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ദല്‍ഹി നായരാക്കി തരൂരിനെ അകറ്റിനിര്‍ത്തിയിരുന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഒറ്റ ദിവസം കൊണ്ട് അദ്ദേഹത്തെ ചങ്ങനാശേരി നായരും തറവാടി നായരും വിശ്വപൗരനുമാക്കിയെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഇത്രയും പച്ചയായി ജാതി പറഞ്ഞിട്ടും അവിടെവച്ച് അതിനെ എതിര്‍ക്കാനോ നിഷേധിക്കാനോ ശശി തരൂര്‍ തയാറായില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഇതോടെ കേരളത്തില്‍ തരൂരിന്റെ രാഷ്ട്രീയഭാവി അസ്തമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

‘പിന്നാക്ക, പട്ടികവിഭാഗ വിരോധിയാണെന്നാണ് തരൂരിന്റെ സംസാരത്തില്‍ നിന്ന് മനസിലാകുന്നത്. രാജ്യത്തിന്റെ ഭരണം വീണ്ടും ബി.ജെ.പിക്ക് ലഭിക്കുമെന്ന തോന്നലുള്ളതുകൊണ്ടാണ് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരണമെന്ന് പറയുന്നത്.

കേരളം വിട്ട് വടക്കോട്ട് പോകുന്നതാണ് അദ്ദേഹത്തിന് നല്ലത്. ഇവിടെ തുടര്‍ന്നാല്‍ വെറുതെ കൊതുകു കടി കൊണ്ട് മന്തുവരുമെന്ന് മാത്രമേയുള്ളു. ബാല്യകാലം മുതല്‍ കോണ്‍ഗ്രസിന് വേണ്ടി വിയര്‍പ്പൊഴുക്കിയ നേതാക്കളെ വെട്ടാനാണ് തരൂര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ പോരടിക്കുന്നവരെല്ലാം ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരാണ്,’ വെള്ളാപ്പള്ളി പറഞ്ഞു.

കോണ്ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എം.പിയെ എന്തുകൊണ്ട് മുഖ്യമന്ത്രി പദവിയിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.

Content Highlight: Vellappally Nateshan against Shashi Tharoor MP