| Wednesday, 2nd September 2020, 11:28 am

ഗുരുജയന്തി ദിനത്തിലെ സി.പി.ഐ.എം കരിദിനം ഗുരുദേവനോടുള്ള നിന്ദയെന്ന് വെള്ളാപ്പള്ളി നടേശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ശ്രീനാരായണ ഗുരുജയന്തി ദിനത്തില്‍ സി.പി.ഐ.എം കരിദിനമാചരിക്കുന്നതിനെ വിമര്‍ശിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗുരുജയന്തി ദിനത്തില്‍ സി.പി.ഐ.എം കരിദിനമാചരിക്കുന്നത് ഗുരുദേവനോടുള്ള അനാദരവാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

‘ജനലക്ഷങ്ങള്‍ പ്രത്യക്ഷ ദൈവമായി ആരാധിക്കുന്ന ശ്രീനാരായണ ഗുരുദേവനോടുള്ള അനാദരവായി മാത്രമേ ഇതിനെ കാണാന്‍ സാധിക്കൂ,’ വെള്ളാപ്പള്ളി പറഞ്ഞു.

വെഞ്ഞാറമൂട് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് സി.പി.ഐ.എം ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കുന്നത്. എന്നാല്‍ സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞ് ഗുരുജയന്തി ദിനത്തില്‍ തന്നെ പ്രതിഷേധിക്കുന്നത് ഗുരുനിന്ദയാണെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്.

‘രണ്ട് ചെറുപ്പക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഞങ്ങള്‍ക്കും ദുഃഖമുണ്ട്. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് അങ്ങേയറ്റത്തെ സഹതാപവുമുണ്ട്. ആ സംഭവത്തില്‍ പാര്‍ട്ടിയുടെ പ്രതിഷേധം മനസിലാക്കാം. പക്ഷേ ഞായറാഴ്ച നടന്നൊരു സംഭവത്തിന്റെ പേരില്‍ മൂന്ന് ദിവസം കഴിഞ്ഞ് ശ്രീനാരായണ ഗുരുദേവ ജയന്തി നാളില്‍ തന്നെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചതും അതും കരിദിനമായി ആചരിക്കാന്‍ തീരുമാനിച്ചതും ഗുരുനിന്ദയാണ്,’ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഞായറാഴ്ച രാത്രി 11. 10ഓടെയാണ് ഒരു സംഘം ആളുകള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തുന്നത്. രാത്രി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജ്, ഹക്ക് മുഹമ്മദ് കൂടെയുണ്ടായിരുന്ന എസ്.എഫ്.ഐ നേതാവ് ഷഹിന്‍ എന്നിവരെ മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഷഹിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരിക്കേറ്റ ഹക്ക് മുഹമ്മദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഡി.വൈ.എഫ്.ഐ കലുങ്കിന്‍മുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക് മുഹമ്മദ്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്. രാഷ്ട്രീയ കൊലപാതകമാണ് വെഞ്ഞാറമൂടിലേതെന്ന് പൊലീസ് അറിയിച്ചിരുന്നു.

കോണ്‍ഗ്രസുകാരനായ ഉണ്ണി, സനല്‍ എന്നിവരടക്കം പ്രധാന പ്രതികള്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. കോണ്‍ഗ്രസിന് കേസില്‍ ബന്ധമുണ്ടെന്ന് ആരോപണമുയരുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vellappally Nateshan against CPIM protest on the death of DYFI workers on Sreenarayana Guru Jayanthi

We use cookies to give you the best possible experience. Learn more