നായരീഴവ ഐക്യം സാധ്യമായാല്‍ രാഷ്ട്രയക്കാരുടെ ഉറക്കം കെടുമെന്ന് വെള്ളാപ്പള്ളിയുടെ മുന്നറിയിപ്പ്
Kerala
നായരീഴവ ഐക്യം സാധ്യമായാല്‍ രാഷ്ട്രയക്കാരുടെ ഉറക്കം കെടുമെന്ന് വെള്ളാപ്പള്ളിയുടെ മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th August 2012, 8:35 am

ചങ്ങനാശ്ശേരി: നായരീഴവഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ ആരായാലും അവര്‍ സ്വയം തകരുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചില മാധ്യമങ്ങളും രാഷ്ട്രീയക്കാരും എന്‍.എസ്.എസ് -എസ്.എന്‍.ഡി.പി ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. ഐക്യം സാധ്യമായാല്‍ രാഷ്ട്രീയക്കാരുടെ ഉറക്കം കെടുമെന്നും അദ്ദേഹം പറഞ്ഞു. []

യോഗംയൂത്ത്മൂവ്‌മെന്റ് കോട്ടയം ജില്ലാപ്രതിനിധി സമ്മേളനം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്‍.എസ്.എസ്.എസ് -എസ്.എന്‍.ഡി.പി ഐക്യം മുമ്പ് പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും ചില തെറ്റിദ്ധാരണകളുടെ പേരില്‍ പിരിയുകയായിരുന്നു. എന്നാല്‍ കല്‍പ്പാന്തകാലത്തോളം ഈ ഭിന്നത തുടരുമെന്ന് കരുതുന്നവര്‍ക്ക് തെറ്റി. ഇരു സംഘടനകളും എങ്ങനെ യോജിക്കുമെന്നാണ് ഇവരുടെ ചോദ്യം. പല ന്യായങ്ങള്‍ പറഞ്ഞ് ഐക്യം തെറ്റിക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചില മാധ്യമങ്ങള്‍ ഇതിനു കൂട്ടുനില്‍ക്കുന്നു. പക്ഷേ ഇതൊന്നും വിലപ്പോവില്ല. ക്രീമിലെയര്‍ പരിധി എട്ട് ലക്ഷത്തില്‍ നിന്ന് 12 ലക്ഷമാക്കി ഉയര്‍ത്തുന്നതിനെതിരെ എന്‍. എസ്. എസ് കോടതിയില്‍ പോയതാണ് പലരും പെരുപ്പിച്ചു കാട്ടുന്നത്. എന്നാല്‍ ആ കേസ് പിന്‍വലിക്കാന്‍ എന്‍. എസ്.എസ് നേതൃത്വം തീരുമാനിച്ചകാര്യം ആരും പറയുന്നില്ല. ഐക്യത്തിനായി എന്തു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാണെന്ന് എന്‍. എസ്.എസ് ജനറല്‍ സെക്രട്ടറി പ്രസ്താവിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നെല്ലിയാമ്പതിയിലെ ഭൂമി ഏറ്റെടുത്ത് ഭൂരഹിതകര്‍ക്ക് നല്‍കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.