| Tuesday, 3rd September 2019, 6:40 pm

'കെ.എം മാണിയുടെ പേരില്‍ യു.ഡി.എഫിന് വോട്ട് കിട്ടില്ല'; മാണി സി. കാപ്പന്‍ മിടുക്കനെന്നും വെള്ളാപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ ആദ്യ പ്രതികരണവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പനെ അനുകൂലിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന.

കരുത്തനായ മാണിയുടെ ഭൂരിപക്ഷം കുറച്ച് മിടുക്കനെന്നു തെളിയിച്ച ആളാണ് മാണി സി. കാപ്പനെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. യു.ഡി.എഫിലെ പടലപ്പിണക്കം മാണി സി. കാപ്പനു ഗുണം ചെയ്യുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

‘കെ.എം മാണിയുടെ പേരില്‍ യു.ഡി.എഫിനു വോട്ട് കിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കം ജനാധിപത്യത്തിനു നാണക്കേടാണ്.’- അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യു.ഡി.എഫ് സ്ഥാനാര്‍ഥി ഏത് ചിഹ്നത്തില്‍ മത്സരിച്ചാലും എല്‍.ഡി.എഫിന് പ്രശ്നങ്ങളൊന്നുമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തേ പറഞ്ഞിരുന്നു.

യു.ഡി.എഫിന് ചിഹ്നം പോലുമില്ലാത്ത തെരഞ്ഞെടുപ്പാണിതെന്നും കോടിയേരി പറഞ്ഞു. ‘പി.ജെ ജോസഫ് നേരത്തെ ഒട്ടക ചിഹ്നം കൊണ്ടുപോയി. ഇപ്പോഴിതാ രണ്ടിലയും കൊണ്ടുപോയി. ഇനിയിപ്പോ ചിഹ്നം പുലി ആയാലും, എന്തായാലും ഇടതുപക്ഷത്തിന് പ്രശ്നങ്ങളൊന്നുമില്ല.’- കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ശബരിമല വിഷയം ആരെങ്കിലും ചര്‍ച്ചയാക്കിയാല്‍ സി.പി.ഐ.എം അതില്‍നിന്ന് ഒളിച്ചോടില്ലെന്നും കോടിയേരി പറഞ്ഞു. ശബരിമല ഇപ്പോള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിഷയമല്ലെന്നും കോടിയേരി പറഞ്ഞു.

‘സി.പി.ഐ.എം നിലപാട് വിശ്വാസികളോട് വിശദീകരിക്കും. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ട് തട്ടിലല്ല.’ കോടിയേരി പറഞ്ഞു. എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ പാലായിലെത്തിയതായിരുന്നു കോടിയേരി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ശബരിമല വിഷയത്തില്‍ വിശ്വാസികളെ കബളിപ്പിക്കുകയാണ് ബി.ജെ.പിയും കോണ്‍ഗ്രസും ചെയ്തത്. സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം പറ്റില്ലെന്നാണ് ബി.ജെ.പി ഇപ്പോള്‍ പറയുന്നത്. പാര്‍ലമെന്റിനു പോലും നിയമനിര്‍മാണം നടത്താനാവാത്ത കാര്യത്തില്‍ നിയമസഭ നിയമമുണ്ടാക്കും എന്നാണ് കോണ്‍ഗ്രസിന്റെ വാദം. ഇതെല്ലാം ജനങ്ങളെ കബളിപ്പിക്കലാണ്. ഈ തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു വിഷയമല്ല. ആരെങ്കിലും അതു വിഷയമാക്കിയാല്‍ എല്‍.ഡി.എഫ് ഒളിച്ചോടില്ല. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും.’- കോടിയേരി പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ‘എല്‍.ഡി.എഫിന്റെ ആത്മവിശ്വാസമാണ് അതു കാണിക്കുന്നത്. ഭരണനേട്ടങ്ങള്‍ മുന്‍നിര്‍ത്തി തന്നെയാണ് ഇടതു മുന്നണി ജനങ്ങളെ അഭിമുഖീകരിക്കുന്നത്. അതിനൊപ്പം സംസ്ഥാന രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും ചര്‍ച്ചാ വിഷയമാക്കും.’കോടിയേരി പറഞ്ഞു.

We use cookies to give you the best possible experience. Learn more