ആലപ്പുഴ: ജാതി പറയരുതെന്ന് ശ്രീനാരായണ ഗുരു പറഞ്ഞിട്ടില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജാതി വിവേചനം പാടില്ലെന്നാണ് ഗുരു പറഞ്ഞതെന്നും അദ്ദേഹം കൂ്ട്ടിച്ചേര്‍ത്തു.
ഇതിനെ ജാതി പറയരുതെന്ന് ഗുരു പറഞ്ഞു എന്ന രീതിയില്‍ ചിലര്‍ വ്യാഖ്യാനിക്കുകയായിരുന്നെന്നും വെള്ളാപ്പള്ളി ആരോപിച്ചു. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഐക്യത്തിന്റെ കണ്ണി അറ്റുപോയതിന് ഉത്തരവാദി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
‘നായര്‍ – ഈഴവ ഐക്യമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചത് സുകുമാരന്‍ നായരാണ്. എന്റെ അജണ്ട അതായിരുന്നില്ല. എങ്കിലും അത് ഞാന്‍ അംഗീകരിക്കുകയായിരുന്നു,’ വെള്ളാപ്പള്ളി പറഞ്ഞു.
എന്തുകൊണ്ട് ഐക്യ ശ്രമങ്ങള്‍ നടക്കാതെ പോയെന്ന് സുകുമാരന്‍ നായരോട് ചോദിക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
പിണറായിയുടെ ആദ്യ സര്‍ക്കാരിന്റെ കാലം മോശം പരിതസ്ഥിതിയിലായിരുന്നു. പെന്‍ഷനും കിറ്റും അടക്കമുള്ള ആനുകൂല്യങ്ങള്‍ സാധാരണക്കാരുടെ മനസില്‍ ഇടംപിടിച്ചു. അവരുടെ നന്ദി പ്രകടനമാണ് പിണറായിക്കുള്ള ഭരണത്തുടര്‍ച്ചയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നേരത്തെ ജാതിയ്ക്ക് അതീതമായി മാനവികത ഉയര്‍ത്തി പിടിച്ചയാളാണ് ഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
ശ്രീനാരായണ ഗുരു ജയന്തിയോട് അനുബന്ധിച്ച് ശ്രീനാരായണഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ ജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജാതിക്ക് അതീതമായി ഗുരു ഉയര്‍ത്തി പിടിച്ച മാനവികതയുടെ സമീപനം അതേപടി നിലനിര്‍ത്താന്‍ കഴിയുന്നുണ്ടോ എന്ന് നാം ചിന്തിക്കണം. ഒരു പ്രത്യേക ജാതി മാത്രം മതിയെന്നോ ഒരു പ്രത്യേക മതം മാത്രം മതിയെന്നോ അല്ല ഗുരു പറഞ്ഞത്. സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള സന്ദേശമാണ് ഗുരു മുന്നോട്ടുവെക്കുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു.
ഗുരു കാട്ടിയ പാതയിലൂടെയാണ് മനുഷ്യത്വത്തിന്റെ അതിജീവനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Vellappally Natesan Sree Narayana Guru