ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ തുഷാര്‍ വെള്ളാപ്പള്ളി എസ്.എന്‍.ഡി.പിയിലെ സ്ഥാനം രാജിവെക്കണമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റാണ് തുഷാര്‍ വെള്ളാപ്പള്ളി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ബി.ഡി.ജെ.എസിനുവേണ്ടി പ്രചരണത്തിനിറങ്ങിയത് തെറ്റായിപ്പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബി.ഡി.ജെ.എസില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്. തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പിനെ ബി.ഡി.ജെ.എസ് ഗൗരവത്തോടെയല്ല കാണുന്നതെന്ന പ്രതീതി ബി.ജെ.പി നേതൃത്വത്തിനുണ്ടാകുമെന്നും മറ്റു സീറ്റുകളില്‍ പാര്‍ട്ടിയുടെ പ്രചരണത്തില്‍ ഇത് പ്രതിഫലിക്കുമെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ആലോചിച്ചശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് തുഷാര്‍ പറഞ്ഞത്.
മത്സരിക്കണമോ എന്നത് ആലോചിച്ചു തീരുമാനിക്കും. ആലത്തൂര്‍, എറണാകുളം, ഇടുക്കി, വയനാട് സീറ്റുകളിലും മറ്റൊരു സീറ്റിലും പാര്‍ട്ടി മത്സരിക്കുമെന്നും തുഷാര്‍ പറഞ്ഞിരുന്നു.