തിരുവനന്തപുരം: ചില ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ മതംമാറ്റം നടത്തുന്നുണ്ടെന്ന ആരോപണവുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ക്രിസ്ത്യന്‍ മിഷണറിമാരാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മതംമാറ്റം നടത്തുന്നതെന്നും മുസ്‌ലിങ്ങളെക്കാള്‍ കൂടുതല്‍ ക്രിസ്ത്യാനികളാണ് മതംമാറ്റിക്കുന്നതെന്നും എന്നാല്‍ എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ലവ് ജിഹാദ് പുതിയ കാര്യമല്ല. പക്ഷേ മറിച്ചുള്ള ജിഹാദിനെക്കുറിച്ചും പറയണം. ക്രിസ്ത്യന്‍ സമുദായം എത്രയാളുകളെയാണ് മാറ്റുന്നത്? ഒരു പെണ്ണിനെ പ്രേമിച്ച് മുസ്‌ലിങ്ങള്‍ കൊണ്ടുപോയെങ്കില്‍, ഒന്നിനുപകരം നൂറല്ലേ ഇപ്പുറത്ത് ചെയ്യുന്നത്? അതെന്താ പറയാത്തത് എന്നായിരുന്നു വെള്ളാപ്പള്ളി ചോദിച്ചത്.
വലിയ മന്തുള്ളത് മണ്ണില്‍ക്കുഴിച്ചിട്ടിട്ട് വഴിയേ പോകുന്നവനെ മന്തനെന്ന് വിളിക്കരുത്. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യന്‍ മിഷണറിയാണ്. അതുവെച്ചു നോക്കുമ്പോള്‍ മുസ്‌ലിങ്ങള്‍ അത്രയും ചെയ്യുന്നുണ്ടോ? ഇല്ലായ്മയെ ചൂഷണം ചെയ്യുന്നത് ക്രിസ്ത്യന്‍ വിഭാഗങ്ങളാണ്.
‘ഇടുക്കി ജില്ലയില്‍ കീരിത്തോട് എസ്.എന്‍.ഡി.പി ശാഖാ സെക്രട്ടറിയുടെ മകള്‍ ഇസ്രഈലില്‍ ജോലിക്ക് പോയപ്പോള്‍ ക്രിസ്ത്യാനിയെ പ്രേമിച്ച് കല്യാണം കഴിച്ചു. പലസ്തീന്റെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയെ നാട്ടിലെത്തിച്ചപ്പോള്‍ സംസ്‌കരിച്ചത് പള്ളിയിലാണ്. ഇസ്രഈല്‍ കൊടുത്ത സാമ്പത്തിക സഹായങ്ങള്‍ സൗമ്യയുടെ മാതാപിതാക്കള്‍ക്ക് കൊടുത്തില്ല,’വെള്ളാപ്പള്ളി ആരോപിച്ചു.
ദീപികയുടെ തലപ്പത്തിരുന്ന് ഫാദര്‍ റോയി കണ്ണന്‍ചിറ പറഞ്ഞത് സംസ്‌ക്കാരത്തിന് നിരക്കാത്തതാണ്. സീനിയറായ വൈദികന്റെ ഭാഗത്ത് നിന്നുമാണ് ഈഴവര്‍ക്കെതിരെ പരാമര്‍ശം ഉണ്ടായത്.
വൈദികപട്ടം കിട്ടുന്നത് ആരെക്കുറിച്ചും എന്തും പറയാനുള്ള ലൈസന്‍സ് അല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പ്രസ്താവനയെയും വെള്ളാപ്പള്ളി തള്ളി. മയക്കുമരുന്നിന്റെ പേരില്‍ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ല. നാട്ടിലെ സ്‌കൂള്‍, കോളേജ് പരിസരങ്ങളില്‍ എല്ലാം മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ട്. മുസ്‌ലിം സമുദായത്തെ മാത്രം അതിന്റെ പേരില്‍ കുറ്റം പറഞ്ഞത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് പിന്നാലെ ഈഴവ ജിഹാദ് ആരോപിച്ച കത്തോലിക്കാ സഭാ വൈദികന്‍ ഫാ. റോയ് കണ്ണന്‍ചിറയുടെ പരാമര്‍ശം വിവാദമായിരുന്നു.
കത്തോലിക്ക പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് ഈഴവ ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കുന്നു എന്നായിരുന്നു റോയ് കണ്ണന്‍ചിറയുടെ പരാമര്‍ശം. സംഭവം വിവാദമായതിന് പിന്നാലെ വൈദികന്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു.
തന്റെ പരാമര്‍ശം പ്രിയ്യപ്പെട്ട ഈഴവ സമുദായത്തില്‍പ്പെട്ടവര്‍ക്ക് വേദനയുണ്ടാക്കിയെന്ന് വ്യക്തമായെന്നും താന്‍ സംസാരിച്ചത് മതാധ്യാപകരോട് മാത്രമാണെന്നും എന്നാല്‍ ആ വീഡിയോ പുറത്തായപ്പോള്‍ പലര്‍ക്കും വേദനയുണ്ടായെന്നും റോയ് കണ്ണന്‍ചിറ പറഞ്ഞു. തന്റെ വാക്ക് മൂലം ആര്‍ക്കൊക്കെ വേദനയുണ്ടായോ അവരോടെല്ലാം മാപ്പു ചോദിക്കുന്നുവെന്നും റോയ് കണ്ണന്‍ചിറ പറഞ്ഞിരുന്നു.