ഭൂരിപക്ഷസമുദായം ഒന്നിക്കണം, സര്‍ക്കാരുകളില്‍ ന്യൂനപക്ഷങ്ങള്‍ അന്യായ സ്വാധീനം ചെലുത്തുന്നു; വിദ്വേഷ പരാമര്‍ശവുമായി വെള്ളാപ്പള്ളി
Kerala News
ഭൂരിപക്ഷസമുദായം ഒന്നിക്കണം, സര്‍ക്കാരുകളില്‍ ന്യൂനപക്ഷങ്ങള്‍ അന്യായ സ്വാധീനം ചെലുത്തുന്നു; വിദ്വേഷ പരാമര്‍ശവുമായി വെള്ളാപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd January 2021, 7:15 pm

തിരുവനന്തപുരം: സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളില്‍ ന്യൂനപക്ഷങ്ങള്‍ അന്യായ സ്വാധീനം ചെലുത്തുന്നുവെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശം.

മുസ്‌ലിം നേതാക്കള്‍ ക്രൈസ്തവ സഭാ ആസ്ഥാനങ്ങളുടെ തിണ്ണ നിരങ്ങുന്നുവെന്നും അശ്ലീലമായ ഒത്തുതീര്‍പ്പ് നാടകമാണ് ഇവിടെ അരങ്ങേറുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

‘കേരള, കേന്ദ്ര ഭരണങ്ങളില്‍ എക്കാലവും അന്യായമായ സ്വാധീനം ചെലുത്തിയവരാണ് ഇവിടുത്തെ ന്യൂനപക്ഷക്കാര്‍. മുസ്‌ലിം ലീഗും കേരളാ കോണ്‍ഗ്രസുകളും അധികാരത്തിലിരിക്കുമ്പോള്‍ സ്വന്തം മതക്കാരുടെ ക്ഷേമം മാത്രമേ നോക്കിയിട്ടുള്ളൂ. ലോകത്തെങ്ങും ഒരു പ്രദേശത്തെ ഭൂരിപക്ഷ സമൂഹം ഇങ്ങനെ വഞ്ചിക്കപ്പെട്ടുകാണില്ല’, വെള്ളാപ്പള്ളി പറഞ്ഞു.

കേരളം രൂപം കൊണ്ട നാള്‍ മുതല്‍ അവഗണിക്കപ്പെട്ട, ചൂഷണം ചെയ്യപ്പെട്ട, അപമാനിക്കപ്പെട്ട ജനസമൂഹമാണ് ഇവിടുത്തെ ഹിന്ദുക്കളെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു.

വെള്ളാപ്പള്ളി നടേശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മുസ്ലിം നേതാക്കള്‍ ക്രൈസ്തവസഭ ആസ്ഥാനങ്ങളുടെ തിണ്ണ നിരങ്ങുന്ന കാഴ്ചയാണ് ഏതാനും ദിവസങ്ങളായി കേരളം കാണുന്നത്. സംഗതി ലളിതമല്ല. കേരളം അടുത്തിടെ കണ്ട ഏറ്റവും അശ്‌ളീലമായ ഒരു ഒത്തുതീര്‍പ്പ് നാടകമാണ് ഇവിടെ അരങ്ങേറുന്നത്. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ പൊതുമുതല്‍ കൊള്ളയടിച്ച് വീതം വച്ചതിലെ തര്‍ക്കം തീര്‍ക്കല്‍. പ്രശ്‌നപരിഹാരം ഇരുപക്ഷത്തിന്റെയും അനിവാര്യമായ ആവശ്യം കൂടിയായതിനാല്‍ അതില്‍ അവര്‍ വിജയിക്കുമെന്ന് ഉറപ്പ്. മുസ്‌ളീം നേതാക്കള്‍ വിശേഷിച്ച്, മുസ്‌ളീം ലീഗ് നേതാക്കളാണ് വിവിധ സഭകളെ അനുനയിപ്പിക്കാനുള്ള കരാറെടുത്തിട്ടുള്ളത്. രമ്യമായി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഇത്രയും കാലം നടത്തിയ വഞ്ചനകളുടെ അണിയറ രഹസ്യങ്ങള്‍ പുറത്തുവരുമോ എന്ന ഭയമാണ് അവരെ നയിക്കുന്നത്.

ന്യൂനപക്ഷങ്ങള്‍ക്കായുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളില്‍ മുസ്‌ളീം വിഭാഗം അപ്രമാദിത്തം നേടിയതായും തങ്ങള്‍ ഗുരുതരമായ വിവേചനം നേരിടുകയാണെന്നും ക്രൈസ്തവ സഭാ നേതൃത്വം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയതാണ് പുതിയ നീക്കങ്ങളുടെ അടിസ്ഥാനം. തുര്‍ക്കിയിലെ പൗരാണിക ക്രൈസ്തവ ദേവാലയമായ ഹാഗിയ സോഫിയ പള്ളി മുസ്‌ളീം പള്ളിയാക്കി അവിടുത്തെ സര്‍ക്കാര്‍ മാറ്റിയതിനെ ലീഗ് നേതൃത്വം സ്വാഗതം ചെയ്തതും ലവ് ജിഹാദ് സംവാദങ്ങളും ഇരു വിഭാഗങ്ങളും തമ്മില്‍ അകല്‍ച്ച വര്‍ദ്ധിപ്പിച്ചു. സമൂഹമാദ്ധ്യമങ്ങളില്‍ മാസങ്ങളായി നടക്കുന്ന ചൂടേറിയ ചര്‍ച്ചകള്‍ ക്രൈസ്തവരില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ തിരിച്ചടിയുടെ കാരണം ക്രൈസ്തവരുടെ അതൃപ്തിയാണെന്ന വിലയിരുത്തലുമുണ്ടായതോടെ ലീഗ് ഒത്തുതീര്‍പ്പ് നീക്കങ്ങളുമായി രംഗത്തിറങ്ങുകയായിരുന്നു.

തീരാതലവേദനയായ ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാതര്‍ക്കം പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ട് പരിഹരിക്കപ്പെട്ടാല്‍ ക്രൈസ്തവര്‍ ബി.ജെ.പി പക്ഷം ചേരുമോ എന്ന ആശങ്ക വേറെ. അങ്ങിനെ വന്നാല്‍ കേരളത്തില്‍ യു.ഡി.എഫിന്റെ ശവക്കുഴി തോണ്ടുമെന്ന് ആരെക്കാളും നന്നായി അറിയാവുന്നവരാണ് കുഞ്ഞാലിക്കുട്ടിയും കൂട്ടരും.

സര്‍ക്കാര്‍ ന്യൂനപക്ഷ പദ്ധതികളുടെ ഫണ്ട് മുസ്‌ളീം വിഭാഗം അപഹരിക്കുന്നു, ഗുണഭോക്താക്കളില്‍ ക്രൈസ്തവര്‍ നാമമാത്രമാണ്, സര്‍ക്കാര്‍ ന്യൂനപക്ഷ സംവിധാനങ്ങളുടെ ഭാരവാഹികളില്‍ ബഹുഭൂരിഭാഗവും മുസ്‌ളീങ്ങളാണ്, തങ്ങള്‍ വഞ്ചിക്കപ്പെട്ടു തുടങ്ങിയ ക്രൈസ്തവ സഭകളുടെ പരിഭവങ്ങളില്‍ സത്യമേയുള്ളൂ. പക്ഷേ ഇതിലും വലിയ സത്യം പതിറ്റാണ്ടുകളായി അലറിവിളിച്ചുപറയുന്ന ഹൈന്ദവരുടെ ശബ്ദം ബധിരകര്‍ണങ്ങളിലാണ് അന്നും ഇന്നും എന്നും പതിക്കുന്നത്.കേരള, കേന്ദ്ര ഭരണങ്ങളില്‍ എക്കാലവും അന്യായമായ സ്വാധീനം ചെലുത്തിയവരാണ് ഇവിടുത്തെ ന്യൂനപക്ഷക്കാര്‍.

മുസ്‌ളീം ലീഗും കേരളകോണ്‍ഗ്രസുകളും അധികാരത്തിലിരിക്കുമ്പോള്‍ സ്വന്തം മതക്കാരുടെ ക്ഷേമം മാത്രമേ നോക്കിയിട്ടുള്ളൂ. വനംകൊള്ളക്കാരും കള്ളക്കച്ചവടക്കാരും ഭൂമാഫിയക്കാരും വിദ്യാഭ്യാസ കച്ചവടക്കാരും സ്വര്‍ണക്കടത്തുകാരും പനപോലെ വളര്‍ന്നപ്പോള്‍ ഈ നാടിന്റെ തന്നെ മക്കളായ പിന്നാക്ക, പട്ടികവിഭാഗക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് ദാരിദ്ര്യത്തിലേക്ക് പോയി. ബിസിനസുകളും ഭൂസ്വത്തും സര്‍ക്കാര്‍ ഉദ്യോഗങ്ങളും സംഘടിത ന്യൂനപക്ഷങ്ങള്‍ വെട്ടിപ്പിടിക്കുന്നതിന് അവര്‍ മൂകസാക്ഷികളായി. ശവമടക്കിന് അടുക്കളയില്‍ കുഴി കുത്തേണ്ട അവസ്ഥയിലേക്കാണ് അവര്‍ എത്തപ്പെട്ടത്.

കേരളം രൂപം കൊണ്ട നാള്‍ മുതല്‍ അവഗണിക്കപ്പെട്ട, ചൂഷണം ചെയ്യപ്പെട്ട, അപമാനിക്കപ്പെട്ട ജനസമൂഹമാണ് ഇവിടുത്തെ ഹിന്ദുക്കള്‍, വിശേഷിച്ച് പിന്നാക്ക വിഭാഗക്കാര്‍. ലോകത്തെങ്ങും ഒരു പ്രദേശത്തെ ഭൂരിപക്ഷ സമൂഹം ഇങ്ങനെ വഞ്ചിക്കപ്പെട്ടുകാണില്ല. അവര്‍ക്കുകൂടി അവകാശപ്പെട്ട പൊതുസ്വത്ത് രണ്ട് മതക്കാര്‍ വോട്ടുബാങ്ക് എന്ന തുറുപ്പുചീട്ടുമായി കവര്‍ന്നെടുക്കുകയാണ് ഇപ്പോഴും.

പൊതുസ്വത്തും, അധികാരവും, വിദ്യാഭ്യാസ, വ്യവസായ, കാര്‍ഷിക മേഖലയുള്‍പ്പടെ എല്ലാ നിര്‍ണായക രംഗങ്ങളും ഇപ്പോള്‍ അവരുടെ കൈപ്പിടിയിലാണ്. സര്‍ക്കാര്‍ ഖജനാവിന്റെ സിംഹഭാഗവും വിനിയോഗിക്കപ്പെടുന്നത് ഇവരുടെ ആവശ്യങ്ങള്‍ക്കായാണ്.ഇ.എം.എസ് സര്‍ക്കാര്‍ മുതല്‍ കേരളത്തില്‍ മാറി മാറി വന്ന ഭരണകൂടങ്ങള്‍ക്കെല്ലാം ഇവിടുത്തെ ന്യൂനപക്ഷ വോട്ടുബാങ്കിനെ ഭയമായിരുന്നു. അധികാരമോഹം കൊണ്ട് സര്‍ക്കാരുകള്‍ ചെയ്യാത്ത വിട്ടുവീഴ്ചകളില്ല. അന്യായമായ ആനുകൂല്യങ്ങളും സഹായങ്ങളും അവരിലേക്ക് മാത്രമായി ചൊരിഞ്ഞു. എയ്ഡഡ് വിദ്യാഭ്യാസ മേഖല തന്നെയാണ് അതിന് ഉത്തമ ദൃഷ്ടാന്തം. സര്‍ക്കാര്‍ ശമ്പളവും നടത്തിപ്പുചെലവും കൊടുക്കുന്ന ഇത്തരം വിദ്യാലയങ്ങളില്‍ മഹാഭൂരിപക്ഷവും ക്രൈസ്തവ, മുസ്‌ളീം വിഭാഗങ്ങളുടെ പക്കലാണ്. ഇവിടങ്ങളില്‍ ജോലി ചെയ്ത് സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ലക്ഷക്കണക്കായ ജീവനക്കാരില്‍ 99% ന്യൂനപക്ഷ വിഭാഗങ്ങളുമാണ്.

എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനാധികാരം ഏറ്റെടുക്കാനുള്ള ധൈര്യം കേരളത്തിലെ ഒരു സര്‍ക്കാരിനും ഇല്ലാത്തതിന് കാരണം ന്യൂനപക്ഷ മതങ്ങളുടെ ശക്തിതന്നെ.

വിമോചന സമരത്തിലൂടെ അവരത് തെളിയിച്ചതുമാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇവരെ പ്രീതിപ്പെടുത്താനായി മത്സരിക്കുകയായിരുന്നു. ആരോടൊപ്പം ചേര്‍ന്നാലും സ്വന്തം മതക്കാരുടെ കാര്യം എന്നത് മാത്രമാണ് ന്യൂനപക്ഷക്കാരെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളുടെയെല്ലാം ആദര്‍ശം. ബി.ജെ.പിക്ക് ഒപ്പം ചേര്‍ന്നാല്‍ ഗുണം കിട്ടുമെങ്കില്‍ ഇത്രയും കാലം ആക്ഷേപിച്ചു നടന്നവര്‍ അവരെ സ്തുതിക്കുന്നതും നാം കാണേണ്ടിവരും.

മുസ്‌ളീങ്ങള്‍ മുഴുവനായും ക്രൈസ്തവരില്‍ ബഹുഭൂരിപക്ഷവും കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരാണ്. ന്യൂനപക്ഷാവകാശങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റുമ്പോള്‍ തന്നെ ഇവിടുത്തെ പാവപ്പെട്ട പിന്നാക്ക വിഭാഗക്കാര്‍ക്ക് വേണ്ടി വിഭാവനം ചെയ്ത ആനുകൂല്യങ്ങളും കവര്‍ന്നെടുക്കുകയാണ് ഇരുവിഭാഗക്കാരും. പിച്ചച്ചട്ടിയിലും കൈയിട്ടുവാരുന്ന സമീപനമെന്ന് പറയേണ്ടിവരും.

അമ്പലവും വിഴുങ്ങി, ബിംബവും വിഴുങ്ങി, പിന്നെയും പിമ്പേ… എന്നതാണ് ഇവരുടെ സമീപനം.അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട പൊതുസമ്പത്ത് അനര്‍ഹമായി വളഞ്ഞവഴിയിലൂടെ കവര്‍ന്നെടുത്തവര്‍ക്ക് ഏന്നെങ്കിലും, ആരോടെങ്കിലും ഉത്തരം പറഞ്ഞേ പറ്റൂ. അത് കാലത്തിന്റെ കാവ്യനീതിയാണ്. എങ്കിലും ചൂഷണം ചെയ്യപ്പെട്ട ദരിദ്ര നാരായണന്മാരായ പിന്നാക്കക്കാരുള്‍പ്പെടുന്ന ഭൂരിപക്ഷ സമൂഹത്തോട് കേരളം പ്രായശ്ചിത്തം ചെയ്യുമ്പോഴേ സാമൂഹ്യനീതി സങ്കല്പം അര്‍ത്ഥവത്താകൂ.

ഭൂരിപക്ഷ ജനതയുടെ ഈ ദുരവസ്ഥയ്ക്ക് കാരണം അവര്‍ക്കിടയിലെ അനൈക്യം ഒന്നുമാത്രമാണ്. ന്യൂനപക്ഷങ്ങള്‍ വോട്ടുബാങ്കുകളായി നിലനില്‍ക്കുമ്പോള്‍ തന്നെ ഭൂരിപക്ഷം അങ്ങിനെ ആകാതിരിക്കാനുള്ള കൗശലവും ഇവരും വിവിധ രാഷ്ട്രീയ നേതൃത്വങ്ങളും അവലംബിക്കുന്നുണ്ട്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ചാവേര്‍ പോരാളികള്‍ മാത്രമാണ് പിന്നാക്കവിഭാഗക്കാര്‍. അധികാരത്തിന്റെ കാര്യം വരുമ്പോള്‍ എന്താകുമെന്ന് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫും എല്‍.ഡി.എഫും എന്‍.ഡി.എയുമെല്ലാം തെളിയിക്കുകയും ചെയ്തു.

അപ്രധാനമായ കാര്യങ്ങള്‍ക്ക് പരസ്പരം തലതല്ലിക്കീറി തെരുവില്‍ തല്ലുന്ന ശൈലി നിറുത്തി നിലനില്‍പ്പിനായെങ്കിലും ഭൂരിപക്ഷ സമുദായങ്ങള്‍ ഒന്നിച്ചുനില്‍ക്കേണ്ട, വോട്ടുബാങ്കാകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. നഷ്ടങ്ങളെക്കുറിച്ച് പരിതപിക്കാതെ, പതംപറയാതെ ഭാവിയിലെ നേട്ടങ്ങള്‍ക്കായും ഭാവിതലമുറയുടെ സുരക്ഷിതത്വത്തിനായും ചിന്തിക്കേണ്ട സമയമാണിത്.


ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vellappally Natesan Communal Statement