| Sunday, 12th February 2017, 10:26 am

മോദി നല്‍കിയ വാക്ക് പോലും പാലിച്ചില്ല; ഒന്നിച്ചു നില്‍ക്കാന്‍ അവര്‍ക്ക് താത്പര്യമില്ലെങ്കില്‍ ഞങ്ങള്‍ക്കും അവരെ വേണ്ട; ബി.ജെ.പിയുമായി ഇനി ബന്ധമില്ലെന്ന് വെള്ളാപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും ലംഘിച്ച ബി.ജെ.പിയുമായി ഇനി ഒരു ബന്ധവുമില്ലെന്ന് ഇനി സ്വന്തം വഴി സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

കേരളത്തില്‍ ബി.ജെ.പിയുമായി ചേര്‍ന്നു ബി.ഡി.ജെ.എസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇതുവരെ ഇരുകൂട്ടര്‍ക്കും മനസുകൊണ്ടുപോലും അലിഞ്ഞു ചേരാനായിട്ടില്ല.

അവര്‍ക്ക് ഒരുമിച്ചു നില്‍ക്കാന്‍ താല്‍പ്പര്യമില്ല. എല്ലാക്കാര്യത്തിലും തനിപ്പിടി എന്ന നിലപാടില്‍ നില്‍ക്കുന്ന ബി.ജെ.പിയുമായുള്ള ബന്ധത്തില്‍ എന്തോ കുഴപ്പമുണ്ട്. ഈ ബന്ധം ഭാവിയില്‍ മുമ്പോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്നു കരുതുന്നില്ല. എസ്.എന്‍.ഡി.പി. യോഗത്തിനു നല്‍കിയ ഒരു ഉറപ്പുപോലും ഇതുവരെ പാലിച്ചിട്ടില്ലെന്നും അദ്ദേഹം മംഗളത്തോടു പറഞ്ഞു.

ബി.ഡി.ജെ.എസിനു ബി.ജെ.പി. നല്‍കിയ വാദ്ഗാനങ്ങളെക്കുറിച്ചു തനിക്കറിയില്ല. എന്നാല്‍ കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയ്ക്കു ശ്രീനാരായണ ഗുരുദേവന്റെ പേരു നല്‍കാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയതാണ്.


Dont Miss യുവാവിന്റേയും യുവതിയുടേയും ചിത്രം പ്രചരിപ്പിച്ച് കുലീനതയുടെ ആസ്ഥാന സംരക്ഷകര്‍ ചമയുന്നവരോടുള്ളത് വിയോജിപ്പും എതിര്‍പ്പും മാത്രം : യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ നിലപാട് വിശദീകരിച്ച് ജെയ്ക്ക് 


കൊല്ലത്തു നടന്ന പൊതുചടങ്ങിനെത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പായതിനാല്‍ പരസ്യമായി പ്രഖ്യാപിക്കുന്നില്ലെന്നും ഉടന്‍ ഇക്കാര്യം നടപ്പാകുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഒരുകൊല്ലം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. പലതവണ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിഗണിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

അതേസമയം വാഗ്ദാനങ്ങളില്‍നിന്നും ബി.ജെ.പി നേതൃത്വം പുറകോട്ടു പോകുന്നതിലുള്ള പ്രതിഷേധമറിയിക്കാന്‍ ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡന്റും എന്‍.ഡി.എ. ചെയര്‍മാനുമായ തുഷാര്‍ വെള്ളാപ്പള്ളി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണും. കേരളത്തില്‍ ബി.ജെ.പി. നടത്തുന്ന പരിപാടികളില്‍നിന്നും ബി.ഡി.ജെ.എസിനെ ഒഴിവാക്കുന്നെന്ന പരാതി തുഷാര്‍ അമിത് ഷായെ അറിയിക്കും.

കയര്‍, സ്പൈസസ് ബോര്‍ഡുകളിലെ ചെയര്‍മാന്‍ സ്ഥാനവും വാഗ്ദാനം ചെയ്ത മറ്റു സ്ഥാനങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.

We use cookies to give you the best possible experience. Learn more