| Saturday, 1st April 2023, 7:45 pm

എന്‍.എസ്.എസിന്റേത് കാലഹരണപ്പെട്ട നേതൃത്വം: സാമൂഹിക സത്യങ്ങള്‍ കാണുന്നതിന് പകരം കാലചക്രത്തെ പിറകോട്ട് തിരിക്കാന്‍ ശ്രമിക്കുന്നു: വെള്ളാപ്പള്ളി നടേശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വൈക്കം: വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന വേളയില്‍ നായര്‍ സര്‍വീസ് സൊസൈറ്റി വിട്ടുനിന്നത് ശരിയായില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍.എസ്.എസ് നേതൃത്വം മാടമ്പിത്തരം കാണിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘എന്‍.എസ്.എസ് പങ്കെടുക്കേണ്ടതായിരുന്നു. അത് ശരിയായില്ല. എന്‍.എസ്.എസ് നേതൃത്വം അങ്ങനെയാണെങ്കിലും എന്‍.എസ്. എസ് അനുയായികള്‍ ആ അഭിപ്രായത്തോട് യോജിക്കുന്നവരായിരുന്നില്ല.

എന്‍.എസ്.എസ് നേതൃത്വത്തിലുള്ളവര്‍ മാടമ്പിത്തരം കാണിക്കുന്നുണ്ട്. അതിലെ നായര്‍ സഹോദരന്മാര്‍, സവര്‍ണര്‍ എന്നിവര്‍ ഇതിനോട് യോജിക്കുന്നവരാണെന്ന് നിങ്ങള്‍ ധരിക്കരുത്. അതിനോടെല്ലാം മാനസികമായി അവര്‍ക്ക് വിയോജിപ്പുണ്ട്.

കാരണം ഈ സമരത്തോട് യോജിച്ച് ആയിരത്തോളം ആളുകളുമായി സവര്‍ണ ജാഥ നയിച്ച മഹാനായ മന്നം, അത് തിരുവനന്തപുരത്ത് ചെന്നപ്പോള്‍ പതിനായിരത്തോളമായെന്ന് പറയുന്നു. എന്നിട്ട് ഇവര്‍ മാറി നിന്നിട്ട് എന്ത് ചുക്ക് സംഭവിക്കാനാണ്. ഇന്ന് തന്നെ സമ്മേളനം കണ്ടില്ലേ. പതിനായിരക്കണക്കിന് ആളുകളല്ലേ ഇവിടെ കൂടിയത്,’ അദ്ദേഹം പറഞ്ഞു.

എന്‍.എസ്.എസ് നേതൃത്വം കാലചക്രത്തെ പിറകോട്ട് തിരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘സമൂഹത്തിന്റെ സാമൂഹിക സത്യങ്ങള്‍ കാണാനും കണ്ണ് തുറന്ന് സമൂഹത്തോടൊപ്പം സഞ്ചരിക്കുന്നതിന് തയ്യാറാകേണ്ടതിനും പകരം കാലചക്രത്തെ പിറകോട്ട് തിരിക്കാന്‍ ശ്രമിക്കുന്ന നേതൃത്വം കാലഹരണപ്പെട്ട നേതൃത്വമാണെന്ന് പറയാതെ നിവൃത്തിയില്ല,’ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ശിവഗിരി മഠത്തിലെ സ്വാമിമാര്‍ അനുവാദം ചോദിക്കാതിരുന്നത് കൊണ്ടാകാം മന്നം സമാധിയില്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പോലും അനുവാദം ചോദിച്ചിരുന്നുവെന്നും അനുവാദം വാങ്ങണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ 603 ദിവസം നീളുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്കുള്ള ഉദ്ഘാടനം ശനിയാഴ്ച വൈക്കത്ത് നടന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

CONTENT HIGHLIGHT: VELLAPPALLY NADESHAN ABOUT NSS

We use cookies to give you the best possible experience. Learn more