ആലപ്പുഴ: യോജിച്ച് നീങ്ങുന്നത് സംബന്ധിച്ചുള്ള ധാരണാപത്രം എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും കൈമാറി. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ എത്തിയാണ് നയരേഖ കൈമാറിയത്. []
ഐക്യം നിലനിര്‍ത്തുന്നതിനുള്ള നാലിന നിര്‍ദേശങ്ങളാണ് നയരേഖയിലുള്ളത്. മതസാമുദായിക രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിലവിലെ നിലപാട് തുടരുക, സംവരണ വിഷയത്തിലുള്ള തര്‍ക്കം പരസ്പര വിട്ടുവീഴ്ചകളിലൂടെ പരിഹരിക്കുക, ഭൂരിപക്ഷ താല്‍പ്പര്യത്തിന് വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കുക, പരസ്പര ചര്‍ച്ചകളിലൂടെ ഐക്യം രൂപപ്പെടുത്തുക എന്നിവയാണ് നിര്‍ദേശങ്ങള്‍.
നയരേഖ കൈമാറിയതോടെ എസ്.എന്‍.ഡി.പിയും എന്‍.എസ്.എസുമായുള്ള ഐക്യം യാഥാര്‍ത്ഥ്യമായതായി കൂടിക്കാഴ്ചയ്ക്ക് ശേഷം വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
രാവിലെ 11 മണിക്കാണ് സുകുമാരന്‍ നായര്‍ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇരുവരും രണ്ടര മണിക്കൂറോളം ചര്‍ച്ച നടത്തി.
എന്‍.എസ്.എസ് – എസ്.എന്‍.ഡി.പി ഐക്യം ഉടനുണ്ടാകുമെന്ന് വെള്ളാപ്പള്ളി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച തീരുമാനമാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ മാധ്യമങ്ങളെ ഒഴിവാക്കി രഹസ്യമായാണ് എന്‍.എസ്.എസുമായി ചര്‍ച്ച നടന്നത്.