ഇടുക്കി: എസ്.എന്‍.ഡി.പി യോഗത്തിന് രാഷ്ട്രീയമില്ലെന്നും രാഷ്ട്രീയ അഭിപ്രായങ്ങള്‍ മാത്രമാണ് ഉള്ളതെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അവകാശങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ അതിനെ ജാതി പറയുന്നതായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അടിച്ചമര്‍ത്തപ്പെട്ട അവകാശം നിഷേധിക്കപ്പെട്ട എല്ലാവിഭാഗങ്ങള്‍ക്കും അവകാശങ്ങള്‍ കിട്ടണം. രാഷ്ട്രീയമായും സാമ്പത്തികമായും ഉള്ള അവകാശങ്ങളും എല്ലാവര്‍ക്കും വേണം. വിദ്യാഭ്യാസ നീതിയും ലഭ്യമാകണമെന്നും വനിതാ ദിനത്തോടനുബന്ധിച്ച് എസ്.എന്‍.ഡിപി കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കവേ വെള്ളാപ്പള്ളി പറഞ്ഞു.
എസ്.എന്‍.ഡി.പി ഇന്ന് രാജ്യത്തുള്ള പിളരാത്ത ഏക സംഘടനയാണെന്ന് അവകാശപ്പെട്ട വെള്ളാപ്പള്ളി അധികാരമോഹമുള്ള ചിലരാണ് സംഘടനയ്ക്കെതിരെ ഇപ്പോള്‍ പ്രചാരണം നടത്തുന്നതെന്നും കുറ്റപ്പെടുത്തി. ശ്രീനാരായണ ഗുരുവിനാല്‍ സ്ഥാപിതമായ പ്രസ്ഥാനത്തിനെതിരെ കുപ്രചരണം നടത്തുന്നവര്‍ ശ്രീനാരായണീയരല്ലെന്നും അദ്ദേഹം പറഞ്ഞു.
അവസരവാദ രാഷ്ട്രീയമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇന്നത്തെ രാഷ്ട്രീയത്തില്‍ സര്‍ ചക്രവര്‍ത്തിയുടെ കാലത്തേക്കാള്‍ മോശമായ ഭരണകര്‍ത്താക്കളാണ് ഉള്ളത്. ആദര്‍ശ രാഷ്ട്രീയം മരിച്ചുപോയിരിക്കുകയാണ് അധികാരത്തിന് വേണ്ടി എന്തും കാണിക്കാന്‍ തയ്യാറാകുന്നവരായി പാര്‍ട്ടികള്‍ മാറിയെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.