| Monday, 21st January 2019, 11:43 am

അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാതിരുന്നത് മഹാഭാഗ്യം: പിന്നാക്കക്കാരയവരാരും പങ്കെടുത്തില്ല, കണ്ടത് സവര്‍ണ്ണ ഐക്യമെന്നും വെള്ളാപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് ഭാഗ്യമായെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ഒഴിവാക്കാന്‍ കഴിയാത്ത തിരക്കുള്ളതിനാലാണ് ഇന്നലെ പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

“അമ്മ വരുന്നുണ്ടെന്നും പരിപാടിയില്‍ പങ്കെടുക്കാമോ എന്നും ചോദിച്ച് എന്നെ സംഘാടകര്‍ വിളിച്ചിരുന്നു. എന്നാല്‍ നേരത്തെ നിശ്ചയിച്ച പരിപാടിയുള്ളതിനാല്‍ എത്താന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. പോകാന്‍ കഴിയാത്തത് ഭാഗ്യമായി, മഹാഭാഗ്യമായി.”-വെള്ളാപ്പള്ളി കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ALSO READ: നാഗേശ്വര റാവുവിനെ സി.ബി.ഐ ഡയറക്ടറായ നിയമിച്ച കേന്ദ്ര ഉത്തരവിനെതിരായ ഹരജി പരിഗണിക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റിസ് പിന്മാറി

ഇന്നലെ അവിടെ ഉണ്ടായത് ഹിന്ദു ഐക്യമൊന്നുമല്ല. അവിടെ ഞാന്‍ ഈഴവരേയോ പട്ടികജാതിക്കാരേയോ കണ്ടില്ല. പിന്നാക്കക്കാരയവര്‍ ഒന്നും പങ്കെടുത്തിട്ടില്ല. സവര്‍ണ്ണ ഐക്യമാണ് തിരുവനന്തപുരത്ത് കണ്ടത്- വെള്ളാപ്പള്ളി പറഞ്ഞു.

അമൃതാനന്ദമയി ആത്മീയപ്രഭാഷണം നടത്തുമെന്നാണ് കരുതിയതെന്നും എന്നാല്‍ അജണ്ട ഇതാണെന്ന് പിന്നെയാണ് മനസിലായതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ALSO READ: രാഹുലിന് പൊതുമധ്യത്തില്‍ മുഖം കാണിക്കാന്‍ കഴിയാത്ത അവസ്ഥ വരും: ജനുവരി 25ന് ചിലത് പുറത്തുവരും; മുന്നറിയിപ്പുമായി കോണ്‍ഗ്രസ് പുറത്താക്കിയ നേതാവ്

ശബരിമല വിഷയത്തില്‍ അയ്യപ്പനല്ല വിഷയം രാഷ്ട്രീയമാണെന്ന് ശ്രീധരന്‍പിള്ള തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ നടന്ന പരിപാടി രാഷ്ട്രീയലക്ഷ്യത്തോടെ സംഘടിപ്പിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഇതൊക്കെ കാണുന്ന ജനം കഴുതയല്ല. ആത്മീയതയുടെ മറവില്‍ രാഷ്ട്രീയം ഉണ്ട്. ബി.ജെ.പിയ്ക്ക് അനുകൂലനിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. വീണുകിട്ടിയ അവസരം മുതലാക്കുകയാണ്.”

ഇപ്പോള്‍ ഉള്ളവരൊക്കെ കൂടെയുണ്ടാകുമോ എന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more