| Friday, 31st August 2012, 9:32 am

'എന്റെ ജാതി എന്റെ മതം എന്റെ ദൈവം': ശ്രീനാരായണ ഗുരുവിന്റെ വാക്യം തിരുത്തി വെള്ളാപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചേര്‍ത്തല: “ഒരു ജാതി ഒരു മതം ഒരു ദൈവം” എന്ന ശ്രീനാരായണ ഗുരുവിന്റെ വാക്യം എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്‍ തിരുത്തുന്നു. ശ്രീനാരായണ ഗുരുവിന്റെ വാക്യം മാറ്റി “എന്റെ ജാതി എന്റെ മതം എന്റെ ദൈവം” എന്ന സങ്കല്‍പ്പം കൊണ്ടുവരണമെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്.[]

കെ.പി.എം.എസ് ചേര്‍ത്ത യൂണിയന്‍ പൂച്ചാക്കലില്‍ സംഘടിപ്പിച്ച അയ്യങ്കാളി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് വെള്ളാപ്പള്ളി ഗുരുവിനെ തിരുത്തിയത്.

നേരത്തെ ജാതിപറയണമെന്ന് പ്രഖ്യാപിച്ചതും വെള്ളാപ്പള്ളി നടേശന്‍ തന്നെയായിരുന്നു. ജാതിപറഞ്ഞ് മുന്നേറിയാലേ നമ്മുടെ അവകാശങ്ങള്‍ നമുക്ക് ലഭിക്കുകയുള്ളൂവെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.

ജാതി പറയണമെന്നാണ് എന്റെ സമുദായത്തെ ഞാന്‍ പഠിപ്പിക്കുന്നത്. എല്ലാ സമുദായങ്ങളെയും അടക്കിവാഴുന്നത് കുലംകുത്തികളാണ്. ചിഹ്നം നോക്കിയല്ല പേരുനോക്കിവേണം വോട്ടുചെയ്യാന്‍. സ്വന്തം സമുദായങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ നമ്മുടെ ജനപ്രതിനിധികള്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തെ വിദ്യാഭ്യാസരംഗം ചിലര്‍ കയ്യടക്കിവെച്ചിരിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ആയിരം രൂപ സ്‌കോളര്‍ഷിപ്പ് കൊടുക്കുമ്പോള്‍ നമ്മുടെ കുട്ടികള്‍ക്ക് ലഭിക്കുന്നത് വെറും 80 രൂപയാണെന്നും അദ്ദേഹം പറഞ്ഞു.

എവിടെയും ജാതി മേല്‍ക്കോയ്മയും ന്യൂനപക്ഷങ്ങളുടെ സംഘടിത ശക്തിയുമാണ് ഭരിക്കുന്നതെന്ന് ചതയദിന സന്ദേശത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു. ഭരണവും ഖജനാവുമെല്ലാം അവര്‍ക്കായി മാത്രം നിലകൊള്ളുന്ന ഇക്കാലത്ത് സംഘടിച്ച് ശക്തരായി അവകാശങ്ങള്‍ പിടിച്ച് വാങ്ങുകയേ നിവൃത്തിയുള്ളൂ. വോട്ടുബാങ്ക് രാഷ്ട്രീയവും ന്യൂനപക്ഷ പ്രീണനവും അതിന്റെ എല്ലാ സീമകളും ലംഘിച്ച് നടമാടുമ്പോള്‍ നായരീഴവ ഐക്യം ചതയദിനത്തില്‍ പുത്തന്‍ പ്രതീക്ഷയും വിശ്വാസവും നല്‍കുന്നു. ഐക്യം ഊട്ടി ഉറപ്പിച്ച് സാമൂഹിക നീതിക്കായുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചകളോടെ ഒന്നിച്ച് മുന്നോട്ടുപോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

We use cookies to give you the best possible experience. Learn more