ശ്രീധരന്‍പിള്ളയ്ക്ക് തലയുണ്ട്, തലച്ചോറില്ല: ഇടതുപക്ഷത്തിനെതിരായ പ്രസ്താവനയില്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ വെള്ളാപ്പള്ളി
Kerala
ശ്രീധരന്‍പിള്ളയ്ക്ക് തലയുണ്ട്, തലച്ചോറില്ല: ഇടതുപക്ഷത്തിനെതിരായ പ്രസ്താവനയില്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ വെള്ളാപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th August 2019, 11:47 am

 

കണിച്ചുകുളങ്ങര: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയ്‌ക്കെതിരെ വെള്ളാപ്പള്ളി നടേശന്‍.

രാഷ്ട്രീയക്കാരനെന്ന നിലയില്‍ കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാനായി ശ്രീധരന്‍ പിള്ള ശ്രമിച്ചത് ശരിയായില്ല. രാഷ്ട്രീയ ഗൂഢാലോചനയെന്ന ആരോപണം തുഷാര്‍ വരെ നിഷേധിച്ചിട്ടുണ്ട്. പിന്നെ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കേണ്ട കാര്യമില്ല. അദ്ദേഹം നല്ല അഡ്വക്കറ്റാണ്. പക്ഷേ തലയുണ്ട്. തലച്ചോറില്ലയെന്ന് മനസിലായെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശബരിമല പ്രശ്‌നം വന്നപ്പോള്‍ ഗോള്‍ഡന്‍ ചാന്‍സെന്നു പറഞ്ഞു. പൊതുപ്രവര്‍ത്തനത്തിലായും രാഷ്ട്രീയത്താലായാലും ശ്രീധരന്‍പിള്ളയുടെ ഗ്രാഫ് വളരെ താഴ്ന്നിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തുഷാറിന്റെ അറസ്റ്റില്‍ പകപോക്കലിന്റെ അംശമുണ്ടെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ ആരോപണം. ഇടതുപക്ഷത്തോട് ബന്ധപ്പെട്ട ആളാണ് ഇപ്പോഴത്തെ അറസ്റ്റിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നുമായിരുന്നു ശ്രീധരന്‍ പിള്ള പറഞ്ഞത്.

തുഷാര്‍ അറസ്റ്റിലായ വിവരം അറിഞ്ഞ് പിണറായി വിജയനെ വിളിച്ചിരുന്നു. അതിനു മുമ്പുതന്നെ അദ്ദേഹം വിഷയത്തില്‍ ഇടപെട്ടെന്നാണ് മനസിലായത്. തുഷാറിന് ജാമ്യം കിട്ടിയകാര്യം പിണറായി വിളിച്ച് അറിയിച്ചിരുന്നു.

ദുബൈയിലുണ്ടായിരുന്ന കേന്ദ്രമന്ത്രി വി.മുരളീധരനും തന്നെ വിളിച്ച് എംബസി വഴി കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് അറിയിച്ചിരുന്നു. തുഷാറിനെ രക്ഷിക്കാനുള്ള മറ്റു കാര്യങ്ങളെല്ലാം ചെയ്തത് വ്യവസായി എം.എ യൂസഫലിയാണെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘അബുദാബിയിലെ യൂസഫലിയുടെ ഓഫീസില്‍ നിന്നും അഭിഭാഷകര്‍ അടക്കം ഏഴ് സംഘമായി ആളുകള്‍ 200 കിലോമീറ്റര്‍ അപ്പുറമുള്ള അജ്മാനിലേക്ക് എത്തി. സ്റ്റേഷനിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതും പണം കെട്ടിവച്ചതും അവരാണ്. ‘ എന്നും വെള്ളാപ്പള്ളി പറഞ്ഞു.