| Tuesday, 1st October 2019, 12:39 pm

താക്കോല്‍സ്ഥാനം ലഭിച്ചപ്പോള്‍ ചെന്നിത്തല ആദ്യം എന്റെ തലക്കിട്ടാണ് അടിച്ചത് ; ആ വാക്ക് ഒരിക്കലും പ്രതീക്ഷിച്ചില്ല : വിമര്‍ശനവുമായി വെള്ളാപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

രമേശ് ചെന്നിത്തലയില്‍ നിന്നും നീതിപരമായ സമീപനം ഒരിക്കലും ലഭിച്ചിട്ടില്ലെന്നും താക്കോല്‍സ്ഥാനം കൈയില്‍ കിട്ടിയിട്ട് ആദ്യം തന്നെ പണി തന്നത് തനിക്കിട്ടാണെന്നായിരുന്നു 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയെയും ആന്റണിയോടും വ്യക്തിപരമായ സ്‌നേഹമുണ്ട്. എന്നാല്‍ രമേശ് ചെന്നിത്തലയില്‍ നിന്നും നീതിപരമായ സമീപനം ലഭിച്ചിട്ടില്ല. താക്കോല്‍ കൈയില്‍ കിട്ടിയിട്ട് ആദ്യം തന്നെ എനിക്കിട്ടാണ് പണി വെച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭൂരിപക്ഷ സമുദായത്തിന് താക്കോല്‍സ്ഥാനം കൊടുക്കണമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ഭൂരിപക്ഷ സമുദായമെന്ന ഐക്യം ഉണ്ടാക്കിയത് ഞാനാണ്. അതിന് വേണ്ടി ഞാനെന്റെ പണവും പ്രയത്‌നവും എല്ലാം നടത്തി സംഘടിപ്പിച്ചു വന്നപ്പോള്‍ സുകുമാരന്‍ നായര്‍ ഭൂരിപക്ഷ സമുദായത്തിന് താക്കോല്‍ സ്ഥാനം നല്‍കണമെന്ന് പറഞ്ഞ് വന്നു. താക്കോല്‍ മേടിച്ച് ആര്‍ക്കാണ് കൊടുത്തത് രമേശിനാണ് കൊടുത്തത്.

താക്കോല്‍ കിട്ടിയിട്ട് അദ്ദേഹം ആര്‍ക്കാണ് ആദ്യം പണി കൊടുത്തത്, എന്റെ തലക്കിട്ടല്ലേ അടിച്ചത്. എന്നെ പ്രതിയാക്കി കേസെടുത്തില്ലേ. മാന്‍ഹോളില്‍ വീണ് മരിച്ച നൗഷാദിന്റെ പ്രശ്‌നത്തില്‍ ഞാന്‍ വര്‍ഗീയത പ്രചരിപ്പിച്ചു എന്ന് പറഞ്ഞുകൊണ്ട് എനിക്കെതിരെ കേസെടുത്തില്ലേ. ഒരു കരയോഗം സെക്രട്ടറിയായിരുന്നെങ്കില്‍ പോലും പുള്ളി അത് ചെയ്യുമായിരുന്നോ? എനിക്ക് അതില്‍ വലിയ പ്രയാസമുണ്ട്.

രമേശിനെ നമ്മള്‍ ഒരുപാട് സ്‌നേഹിച്ചിരുന്ന ആളാണ്. രമേശിന്റെ വിജയത്തിന് വേണ്ടി അന്ന് അഹോരാത്രം പ്രയത്‌നിച്ചിട്ടുള്ള കുടുംബമാണ് ഞങ്ങളുടേത്. പക്ഷേ അധികാരം കിട്ടിയപ്പോള്‍ അദ്ദേഹം ഞങ്ങളോട് ഒരു നീതിയും കാണിച്ചില്ല. അതില്‍ വിഷമമുണ്ട്.

രമേശ് ഞങ്ങളുടെ കുടുംബ സുഹൃത്ത് പോലെ അഭിനയിക്കുന്നുണ്ട്. തുഷാറിന്റെ കേസുണ്ടായപ്പോള്‍ രമേശ് എന്താണ് പറഞ്ഞത്. അവിടെ കുറേ പാവപ്പെട്ടവര്‍ കിടപ്പുണ്ടായിരുന്നു എന്ന്. അത് അദ്ദേഹം ഞങ്ങള്‍ക്ക് ഇന്‍ഡയരക്ട് ആയിട്ട് പണി തരികയല്ലേ ഉണ്ടായത്. അതായത് തുഷാര്‍ പണക്കാരന്‍ ആയതുകൊണ്ട് പിണറായി സഹായിക്കാന്‍ വന്നു. പാവപ്പെട്ടവരെ സഹായിക്കാന്‍ വന്നില്ല എന്ന്.

അങ്ങനെ രമേശിന്റെ വായില്‍ നിന്ന് ഒരു വാക്ക് ഞങ്ങളുടെ കുടുംബാംഗങ്ങള്‍ പ്രതീക്ഷിച്ചില്ല. രമേശ് അങ്ങനെ പറഞ്ഞതില്‍ ഞങ്ങള്‍ക്ക് അങ്ങേയറ്റം ദു:ഖമുണ്ട്. പിണറായി സഹായം ചെയ്‌തെങ്കില്‍ അതൊരു ധര്‍മമാണ് ചെയ്തത്. അദ്ദേഹത്തിന് ശരിയെന്ന് തോന്നിയതുകൊണ്ടല്ലേ അദ്ദേഹം കത്തയച്ചത്.

പിന്നീട് നടന്ന സംഭവങ്ങള്‍ വെച്ച് നോക്കുമ്പോള്‍ പിണറായിയുടെ നിലപാട് ശരിയായിരുന്നെന്നും തുഷാര്‍ നിരപരാധിയായിരുന്നുവെന്നും തെളിഞ്ഞില്ലേ. എന്നിട്ട് ഈ പറഞ്ഞവരൊന്നും മാപ്പ് പറയാഞ്ഞത് എന്താണ്. ചാനല്‍ചര്‍ച്ചയില്‍ കുറേ തൊഴിലാളികള്‍ ഉണ്ടല്ലോ അവരൊന്നും എന്താണ് പിന്നീട് മിണ്ടാതിരുന്നത്. – വെള്ളാപ്പള്ളി ചോദിച്ചു.

തുഷാര്‍ ഇപ്പോഴും ബി.ഡി.ജെ.എസ് ആണ്. അത് ബി.ജെ.പിയുടെ ഭാഗമാണ്. പക്ഷേ കേരളത്തിലെ ബി.ജെ.പി ബി.ഡി.ജെ.എസിനെ എങ്ങനെ ഞെക്കിക്കൊല്ലാം എന്ന് നോക്കിനടക്കുന്നവരാണ്. ബി.ഡി.ജെ.സിന് എന്തെങ്കിലും കൊടുക്കണമെങ്കില്‍ അവര്‍ കേന്ദ്രത്തില്‍ പോയി മേടിച്ചോട്ടെ ഞങ്ങള്‍ക്ക് അതില്‍ കാര്യമൊന്നും ഇല്ല എന്നാണ് സംസ്ഥാന നേതൃത്വം പറഞ്ഞത്. ബി.ഡി.ജെ.എസ് കേന്ദ്രത്തിന്റെ ആളുകളാണ് അവര്‍ കണക്കാക്കുന്നത്. – വെള്ളാപ്പള്ളി പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പ് മറ്റ് തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. യു.ഡി.എഫിന് അകത്ത് തന്നെ ഒരു അങ്കലാപ്പുണ്ട്. കോണ്‍ഗ്രസിനോട് അല്‍പ്പം വിഷമമുണ്ട്. കാരണം ഈഴവന് അവിടെ ഒരു പ്രാധിനിത്യമില്ല. കമ്യൂണിസ്റ്റ്പാര്‍ട്ടി നിര്‍ത്തിയിരിക്കുന്ന രണ്ട് പേര്‍ ഈഴവ സമുദായത്തില്‍പ്പെട്ടവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more