| Monday, 12th March 2018, 8:24 am

'വാക്ക് പാലിക്കാനുള്ള മര്യാദ ബി.ജെ.പി കാണിക്കണം'; ബി.ഡി.ജെ.എസിനെ പിണക്കിയാല്‍ ചെങ്ങന്നൂരില്‍ ബി.ജെ.പി.യ്ക്ക് തിരിച്ചടി കിട്ടുമെന്ന് വെള്ളാപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ബി.ഡി.ജെ.എസിനെ പിണക്കിയാല്‍ ചെങ്ങന്നൂരില്‍ ബി.ജെ.പി.യ്ക്ക് കഴിഞ്ഞ തവണ കിട്ടിയ വോട്ട് പോലും ലഭിക്കില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചെങ്ങന്നൂരില്‍ ജയിക്കാന്‍ കേന്ദ്രഭരണത്തിന്റെ മറവില്‍ ഏത് അടവും ബി.ജെ.പി പയറ്റുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

“ബി.ജെ.പിക്ക് സവര്‍ണ്ണ അജണ്ടയാണ്. ഘടകകക്ഷികള്‍ക്ക് വാഗ്ദാനം നല്‍കിയത് കൊടുക്കാനുള്ള മര്യാദ ബി.ജെ.പി നേതൃത്വം കാണിക്കണം.”

ബി.ഡി.ജെ.എസ് അടക്കമുള്ള ഘടകകക്ഷികളെ കൂടെ നിര്‍ത്താതെ കേരളത്തില്‍ ബി.ജെ.പിക്ക് വളരാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. യു.ഡി.എഫ് നേതൃത്വം ഇപ്പോള്‍ ബി.ഡി.ജെ.എസ്സിന്റെ പിറകെ നടക്കുകയാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.


Related News:  തുഷാറിനെ തഴഞ്ഞു; വി. മുരളീധരന്‍ ബി.ജെ.പിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി


മുന്നണി ബന്ധത്തെക്കുറിച്ചും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ചും തീരുമാനിക്കാനായി 14 ന് ചേരുന്ന ബി.ഡി.ജെ.എസ് നേതൃയോഗം നിര്‍ണായകമാകും.

ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരന്‍ മത്സരിക്കുക.

കൂടാതെ ബി.ജെ.പിയുടെ 18 സ്ഥാനാര്‍ത്ഥികളുടെ പട്ടികയും ഇന്നലെ പ്രഖ്യാപിച്ചു. ജി.വി.എല്‍ നരസിംഹറാവു ഉത്തര്‍പ്രദേശില്‍ നിന്ന് മത്സരിക്കും. എട്ടു പുതുമുഖങ്ങളെ രാജ്യസഭയിലെത്തിക്കാനാണ് ബി.ജെ.പി നീക്കം.


Also Read: ‘ഞങ്ങള്‍ക്ക് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിലാക്കേണ്ട പക്ഷേ, ആസാദ് മൈതാനിയില്‍ എത്തിച്ചേരുക തന്നെ വേണം’; രാത്രിയിലും മാര്‍ച്ച് തുടര്‍ന്ന് കിസാന്‍ സഭ


നേരത്തെ ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ബി.ജെ.പി സംസ്ഥാന നേതൃത്വം ശക്തമായ എതിര്‍പ്പറിയിച്ചിരുന്നു.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പോലും അവഗണിച്ച് പദവികള്‍ വീതം വെക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ വാഗ്ദാനം ചെയ്ത പദവികള്‍ നല്‍കിയില്ലെങ്കില്‍ മുന്നണിവിടുമെന്ന് ബി.ഡി.ജെ.എസ് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more