| Friday, 19th February 2021, 4:44 pm

മതേതരത്വം പറയുന്നവർ ഒരു ഈഴവനെയോ പിന്നാക്കകാരനെയോ വിജയിക്കുന്ന സീറ്റിൽ നിർത്തിയിട്ടുണ്ടോ? മതേതരത്വം കള്ള നാണയമെന്ന് വെള്ളാപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മതേതരത്വം എന്നത് കള്ള നാണയമാണെന്ന് എസ്.എൻ.ഡി.പിയോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ മതേതരത്വമില്ലെന്നും കോൺ​ഗ്രസിന്റെ പരാജയത്തിന് കാരണം ഈഴവ സമുദായത്തോട് കാണിച്ച തെറ്റായ സമീപനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മതേതരത്വം പറയുന്ന കോൺ​ഗ്രസോ ലീ​ഗോ ഇവിടെ ഈഴവനെയോ പിന്നോക്കക്കാരെയോ ജയിക്കുന്ന ഒരു സീറ്റിൽ നിർത്തുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.

“ഈഴവ സമുദായത്തോടും നേതാക്കന്മാരോടും എന്ത് ചെയ്താലും ആർക്കും ഒന്നും തോന്നില്ലാ എന്ന ഒരു അഹങ്കാരം കോൺ​ഗ്രസിനുണ്ടായിരുന്നു. എൻ.എസ്.എസും മുസ്ലിം ലീ​ഗും കേരള കോൺ​ഗ്രസും ചേർന്ന് ഉണ്ടായ ഒരു ഭരണമായി യു.ഡി.എഫ് മാറി എന്നൊരു വികാരം സമുദായത്തിനകത്ത് ഉണ്ടായി. ആ വികാരമാണ് യു.ഡി.എഫിനെ അഞ്ചു കൊല്ലം ഭരണത്തിൽ നിന്ന് മാറ്റി നിർത്തിയത്.

മതേതരത്വമാണല്ലോ എല്ലാവരും പ്രസം​ഗിക്കുന്നത്. ഈ മതേതരത്വം പറയുന്ന മുസ്ലിം ലീ​ഗ്, മതേതരത്വം പറയുന്ന കേരള കോൺ​ഗ്രസ്, ഇവരിലാരെങ്കിലും ഈഴവനെയോ പിന്നാക്കക്കാരനെയോ ജയിക്കുന്ന സീറ്റിൽ നിർത്തി മത്സരിപ്പിക്കാൻ തയ്യാറായിട്ടുണ്ടോ?

ഇവിടെ ഒരു മതേതരത്വവുമില്ല. മതേതരത്വം എന്നത് കള്ള നാണയമാണ്,” വെള്ളാപ്പള്ളി പറഞ്ഞു.

ഈഴവരെ ഒഴിവാക്കിക്കൊണ്ട് ഒരു രാഷ്ട്രീയ കക്ഷിക്കും മുന്നോട്ട് പോകാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒരു സമുദായ നേതാവിന്റെയും വീട്ടിൽ പോകരുതെന്ന് പറഞ്ഞ സുധീരനും, ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്റുൾപ്പെടെയുള്ള നേതാക്കളും ഇപ്പോൾ സമുദായ നേതാക്കന്മാരുടെയും മതനേതാക്കന്മാരുടെയും ആസ്ഥാനത്ത് കയറി ഇറങ്ങുന്ന അവസ്ഥയുണ്ട്.

അവരെടുത്ത പഴയ തീരുമാനങ്ങൾ തെറ്റിപ്പോയി എന്ന് അവർക്ക് തന്നെ തോന്നി. ആ ബോധത്തിന്റെ പുറത്തായിരിക്കണം എസ്.എൻ.ഡി.പി യോ​ഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ എന്നെ കാണാൻ വന്നു. എനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം അവരോട് പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

കോൺ​ഗ്രസിന് കേരളത്തിൽ ഒറ്റ ഈഴവ എം.എൽ.എ പോലും ഇല്ലാത്ത സ്ഥിതിയുണ്ടായി. കോൺ​ഗ്രസ് ആരുടെ കോൺ​ഗ്രസ് ആയി മാറിയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം ബി.ഡി.ജെ.എസിന് നൽകിയ വാ​ഗ്ദാനങ്ങൾ ബി.ജെ.പി പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ വായിലെ ചോക്ലേറ്റ് ആകാതെ ബി.ഡി.ജെ.എസ് മാറണമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർത്ഥി നിർണയത്തിന് ശേഷം എസ്.എൻ.ഡി.പിയോ​ഗം നിലപാട് വ്യക്തമാക്കുമെന്നും സാമൂഹിക നീതി പാലിക്കുന്നുണ്ടോ എന്ന് നോക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പിണറായി സർക്കാരിനെ പിന്തുണച്ചും വെള്ളാപ്പള്ളി രം​ഗത്തെത്തി. തുടർഭരണത്തിന് സാധ്യതയുണ്ട്. പി.എസ്.സി സമരം സർക്കാരിന് തിരിച്ചടിയാകില്ലെന്നും സർക്കാരിന്റെ പ്രവർത്തനം മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vellappalli Nateshan says secularism is fake in Kerala, criticizes congress

We use cookies to give you the best possible experience. Learn more