| Saturday, 8th June 2024, 2:01 pm

സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനം നടത്തിയെന്ന് വെള്ളാപ്പള്ളി; നവോത്ഥാന സമിതിയില്‍ നിന്ന് രാജിവെച്ച് ഹുസൈന്‍ മടവൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇടതു സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനം നടത്തിയെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് നവോത്ഥാന സമിതി വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് മുജാഹിദ് നേതാവ് ഹുസൈന്‍ മടവൂര്‍. വെള്ളാപ്പള്ളി നടേശനാണ് ഈ സമിതിയുടെ ചെയര്‍മാന്‍. ചെയര്‍മാന്റെ ഭാഗത്ത് നിന്നു തന്നെ ഇത്തരത്തിലൊരു പ്രസ്താവനയുണ്ടായതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഹുസൈന്‍ മടവൂര്‍ കോഴിക്കോട് പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കനത്ത തോല്‍വിയേറ്റുവാങ്ങേണ്ടി വന്നതിന്റെ കാരണങ്ങള്‍ പറയുന്നതിന് ഇടയിലാണ് എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്‍ സര്‍ക്കാര്‍ ന്യൂനപക്ഷപ്രീണനം നടത്തിയെന്ന തരത്തില്‍ പ്രതികരണം നടത്തിയത്.

മുസ്‌ലിം സമുദായത്തിന് സര്‍ക്കാര്‍ വാരിക്കോരി കൊടുക്കുകയാണെന്നും ഈഴവ സമുദായത്തിന് ഒന്നും നല്‍കിയില്ലെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. ഈ പ്രതികരണത്തില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ ഹുസൈന്‍ മടവൂര്‍ വെള്ളാപ്പള്ളി ചെയര്‍മാനായ സമിതിയുടെ വൈസ്‌ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്.

ഈഴവസമുദായത്തിന് വേണ്ടി വെള്ളാപ്പള്ളി സംസാരിക്കുന്നതില്‍ തെറ്റില്ലെന്നും അവര്‍ക്ക് ജനസംഖ്യാനുപാതികമായി ലഭിക്കേണ്ടത് ലഭിക്കണമെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു. എന്നാല്‍ അത് പറയാനായി കൂടെയുള്ള മറ്റൊരു സമുദായത്തിന് അനര്‍ഹമായത് ലഭിച്ചു എന്നു പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന മൂല്യങ്ങള്‍ പരിചയപ്പെടുത്താന്‍ വേണ്ടി സര്‍ക്കാര്‍ രൂപീകരിച്ച ഒരു സമിതിയുടെ തലപ്പത്തിരുന്ന് കൊണ്ട് വെള്ളാപ്പള്ളി നടേന്‍ ഇത്തരത്തിലൊരു പ്രതികരണം നടത്തരുതായിരുന്നു എന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

വെള്ളാപ്പള്ളി നടേശനും ഹുസൈന്‍ മടവൂരുമുള്‍പ്പടെയുള്ള സാമുദായിക നേതാക്കള്‍ ഒരുമിച്ചിരിക്കുന്ന സര്‍ക്കാര്‍ തന്നെ രൂപീകരിച്ച ഒരു സംവിധാനമാണ് നവോത്ഥാന സമിതി. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത്, ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ടാണ് ഈ സമിതി രൂപീകരിച്ചത്. കെ.പി.എം.എസ് ഉള്‍പ്പടെയുള്ള സംഘടനകളും ഈ സംവിധാനത്തിന്റെ ഭാഗമായിരുന്നു.

CONTENT HIGHLIGHTS: Vellapally said that the government had done minority appeasement; Hussain Madavoor resigned from the Revival Committee

We use cookies to give you the best possible experience. Learn more