കോഴിക്കോട്: കോഴിക്കോട് മാന്‍ഹോളില്‍ വീണു മരിച്ച കരുവശേരി സ്വദേശി നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കിയത് മുസ്‌ലിമായതിന്റെ പേരിലാണെന്ന തന്റെ പഴയ നിലപാടില്‍ മാറ്റമില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിലുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“പഴയ നിലപാടില്‍ യാതൊരു മാറ്റമില്ല. ഒരു വിഭാഗത്തിന് മാത്രമല്ല കൊടുക്കേണ്ടത്. എല്ലാവിഭാഗത്തിനും കൊടുക്കണം. തുല്യനീതി കൊടുക്കുന്നില്ല എന്നത് കൊണ്ടാണല്ലോ അത് പറയേണ്ടിവന്നത്”. വെള്ളാപ്പള്ളി പറഞ്ഞു.
നവോത്ഥാനത്തിന് എതിര് നില്‍ക്കുന്നവരാണ് മതിലിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വനിതാമതിലില്‍ പങ്കെടുത്തില്ലെങ്കില്‍ തുഷാറിനെ എസ്.എന്‍.ഡി.പിയില്‍ നിന്ന് പുറത്താക്കും. ആണത്വവും പൗരത്വവും മര്യാദയും ഉണ്ടായിരുന്നെങ്കില്‍ എന്‍.എസ്.എസ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്ത് അഭിപ്രായം പറയുമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വെള്ളാപ്പളളി അന്ന് നടത്തിയ സമത്വമുന്നേറ്റ യാത്രക്കിടെ കൊച്ചിയില്‍ വെച്ചായിരുന്നു വിവാദ പരാമര്‍ശം നടത്തിയത്. മരിക്കണമെങ്കില്‍ മുസ് ലിമായി മരിക്കണമെന്നും വെള്ളാപ്പള്ളി അന്ന് പറഞ്ഞിരുന്നു.
നൗഷാദ് മരിച്ചപ്പോള്‍ കുടുംബത്തിലൊരാള്‍ക്ക് ജോലിയും പത്ത് ലക്ഷം രൂപയും നല്‍കി. ഇവിടെ ജാതിയും മതവുമില്ല. എന്നാല്‍ അപകടത്തില്‍ മരിച്ച ഹാന്‍ഡ്ബോള്‍ താരങ്ങളുടെ കുടുംബത്തെ സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.
മുഖ്യധാരാ മാധ്യമങ്ങള്‍ ഹിന്ദുവിരുദ്ധ ഗൂഢാലോചന നടത്തുകയാണ്. ഹിന്ദുക്കളെക്കൊണ്ട് തന്നെ ഹിന്ദുവിരുദ്ധ പ്രചാരണം നടത്തുന്ന രീതിയാണ് മുഖ്യാധാരാ മാധ്യമങ്ങള്‍ അനുവര്‍ത്തിക്കുന്നത്. ചാനലുകളും വര്‍ഗീയത വളര്‍ത്തുകയാണെന്നായിരുന്നു വെള്ളാപ്പള്ളി ആരോപിച്ചത്.
കോഴിക്കോട് കണ്ടംങ്കുളം ജൂബിലി ഹാളിനടുത്ത് മാന്‍ഹോള്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് ആന്ധ്ര സ്വദേശികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു നൗഷാദ് മരണപ്പെട്ടിരുന്നത്. തനിക്ക് യാതൊരു പരിചയവുമില്ലാത്ത രണ്ട് പേരുടെ ജീവിതം രക്ഷിക്കാനായി സ്വന്തം ജീവന്‍ നല്‍കിയ നൗഷാദിന്റെ ധീരകൃത്യത്തെ കേരളം നമിക്കുമ്പോളായിരുന്നു വെള്ളാപ്പള്ളിയുടെ വര്‍ഗീയ പ്രസംഗം