Advertisement
Kerala News
ബി.ജെ.പി തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം നടത്തുന്നു, മറ്റാരില്‍ നിന്നും ഇത്തരം ആക്രമണം നേരിടേണ്ടിവന്നിട്ടില്ല: വെള്ളാപ്പള്ളി നടേശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 27, 02:45 pm
Thursday, 27th December 2018, 8:15 pm

കൊല്ലം: ബി.ജെ.പി പ്രവര്‍ത്തകര്‍ തനിക്കെതിരെ സോഷ്യല്‍ മീഡിയയിലടക്കം വന്‍ ആക്രമണം നടത്തുകയാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മറ്റ് പാര്‍ട്ടികളില്‍ നിന്നൊന്നും ഇത്തരം ആക്രമണം നേരിടേണ്ടിവന്നിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പണപ്പിരിവും ഗ്രൂപ്പിസവുമാണ് ബി.ജെ.പിയില്‍ നടക്കുന്നത്. ഈ പോക്കാണെങ്കില്‍ നൂറ് വര്‍ഷം കഴിഞ്ഞാലും ബി.ജെ.പി ഇവിടെ അധികാരത്തിലെത്തില്ല. തന്റെ ഭാര്യയും, തുഷാറിന്റെ ഭാര്യയുമടക്കം വനിതാ മതിലില്‍ പങ്കെടുക്കും. ബി.ജെ.പി നിലപാടല്ല ബി.ഡി.ജി.എസിനെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വനിതാ മതിലിനെ തുഷാര്‍ വെള്ളാപ്പള്ളിയും പിന്തുണച്ചിട്ടുണ്ട്. വനിതാമതിലിനെ പിന്തുണക്കാനുള്ള എസ്.എന്‍.ഡി.പി തീരുമാനത്തോടൊപ്പമാണ് താന്‍ എന്ന് തുഷാര്‍ പറഞ്ഞു.

ഇന്നലെ ഉച്ചക്കാണ് പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതെന്നും അത് കൊണ്ട് നേതാക്കളുമായി കൂടിയാലോചനക്ക് സമയം കിട്ടിയില്ലെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളി അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാത്തതിന് വിശദീകരണമായി പറഞ്ഞത്.