ആലപ്പുഴ: മാനേജ്‌മെന്റ് പീഡനത്തില്‍ മനംനൊന്ത് കായംകുളം വെള്ളാപ്പള്ളി നടേശന്‍ കോളേജിലെ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ കോളേജ് അടിച്ച് തകര്‍ത്തു. കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം സ്വദേശി ആര്‍ഷാ(20)ണ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചത്.
കോളേജ് കാന്റീനിലെ ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ആര്‍ഷിനെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയിരുന്നതായാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കാന്റീനിലെ ഭക്ഷണം മോശമായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം പുറത്ത പോയി ഭക്ഷണം കഴിച്ചിരുന്നു. ഇതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കാന്‍ അധികൃതര്‍ ശ്രമിച്ചതായും വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ഇതേതുടര്‍ന്നുണ്ടായ മാനസിക വിഷമത്തെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഞരമ്പ് മുറിച്ച ശേഷം ഫാനില്‍ തൂങ്ങിയ ആര്‍ഷിനെ സഹപാഠികള്‍ റൂമിന്റെ വാതില്‍ പൊളിച്ച രക്ഷിക്കുകയായിരുന്നു. “ഐ ക്വിറ്റ്” എന്നെഴുതിയ ആത്മഹത്യാ കുറിപ്പ് റൂമില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
മാനേജ്‌മെന്റ് പീഡനത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ കായംകുളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളേജിലേക്ക് പ്രകടനം നടത്തി. പ്രകടനത്തെ തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളേജിലെ ജനല്‍ചില്ലുകളും സെക്യൂരിറ്റി ക്യാമറകളും അടിച്ചുതകര്‍ത്തു. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മാര്‍ച്ച തടയാന്‍ ശ്രമിച്ചെങ്കിലും ഗെയ്റ്റ് ചാടി കടന്ന് പ്രവര്‍ത്തകര്‍ കോളേജിനുള്ളില്‍ കടക്കുകയായിരുന്നു.