ആലപ്പുഴ: മൈക്രോഫിനാന്‍സ് വിഷയത്തില്‍ അണികളേയും ജനങ്ങളേയും സത്യാവസ്ഥ ബോധ്യപ്പെടുത്തുമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ വിജിലന്‍സിന് കേസെടുക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കും. സര്‍ക്കാരില്‍ നിന്നും നീതി കിട്ടുമെന്ന് കരുതുന്നതായും അദേഹം പറഞ്ഞു. മൈക്രോഫിനാന്‍സിനെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ നടത്താനിരുന്ന പ്രക്ഷോഭപരിപാടികള്‍ വേണ്ടെന്നു വച്ചതായും വെള്ളാപ്പള്ളി അറിയിച്ചു.
തെറ്റിദ്ധാരണയുടെ പുറത്താണ് വി.എസ് മൈക്രോഫിനാന്‍സിനെതിരെ കേസിന് പോയത്. വി.എസിനെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്, മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നില്‍ ദുഷ്ടശക്തികളാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
അതേ സമയം മൈക്രോഫിനാന്‍സ് വിഷയത്തില്‍ പരസ്യപ്രതിഷേധം നടത്തിയാല്‍ അത് തിരിച്ചടിയാവുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് എസ്.എന്‍.ഡി.പി നേത്യത്വം പ്രക്ഷോഭപരിപാടികളില്‍ നിന്ന് പിന്മാറിയതെന്നാണ് സൂചന.
ഇത്തരം പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിപ്പിക്കുന്നത് എസ്.എന്‍.ഡി.പി സര്‍ക്കാരിനെതിരാണെന്ന ധാരണ സൃഷ്ടിക്കുമെന്ന് സംഘടനാ നേത്യത്വം വിലയിരുത്തുന്നു.
ആലപ്പുഴയില്‍ പ്രതിഷേധ പ്രകടനത്തോടെ പൊതുയോഗം സംഘടിപ്പിക്കാനും 39 ശാഖായോഗങ്ങളില്‍ വിശദീകരണയോഗങ്ങള്‍ നടത്താനുമായിരുന്നു നേതൃത്വത്തിന്റെ നേരത്തെയുള്ള തീരുമാനം.