| Wednesday, 19th June 2019, 2:15 pm

ചീങ്ങേരിയില്‍ ജയിലില്‍ കിടന്നു, മുത്തങ്ങയില്‍ തല്ലുകൊണ്ടു,തൊവരിമലയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടു; വെളിയന്‍ ഇപ്പോഴും രാപ്പകല്‍ സമരഭൂമിയില്‍ തന്നെ

ഷഫീഖ് താമരശ്ശേരി

അമ്പുകുത്തിമലയുടെ താഴ് വാരങ്ങളില്‍ കാടും വയലുമൊക്കെയായി എട്ട് ഏക്കറോളം വരുന്ന വിശാലമായ സ്ഥലത്ത് കൃഷി ചെയ്ത് ജീവിച്ചവരായിരുന്നു പക്രനും ഭാര്യ വെള്ളച്ചിയും രണ്ട് മക്കളുമടങ്ങുന്ന പണിയ കുടുംബം. വിളകളില്‍ ഭക്ഷണാവശ്യങ്ങള്‍ക്കായി മാറ്റിവെച്ചതിന്റെ ബാക്കി മാറ്റക്കടകളില്‍ കൊടുത്ത് വസ്ത്രങ്ങളും ഉണക്കമീനും ഉപ്പുമെല്ലാം വാങ്ങി ജീവിതം കഴിച്ചുകൂട്ടുന്നതായിരുന്നു അന്നത്തെ പതിവ്. വയനാടിന്റെ മലമടക്കുകളിലേക്ക് നാനാഭാഗങ്ങളില്‍ നിന്നായി പുറംനാട്ടുകാര്‍ ചുരം കയറിയെത്തിയ കാലമായിരുന്നു അത്.

അതിലൊരു കൂട്ടര്‍ പക്രന്റെ സ്ഥലം ഒരു വര്‍ഷത്തേക്ക് കപ്പ നടാനായി പാട്ടത്തിന് ചോദിച്ചു. ഒരു കൊല്ലത്തേക്ക് പാട്ടത്തുകയായി അഞ്ഞൂറ് രൂപ നല്‍കാമെന്ന് പറഞ്ഞപ്പോള്‍ പക്രന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. പാട്ടക്കരാറിന് തെളിവായി അവര്‍ കൊടുത്ത ചില കടലാസ്സുകളില്‍ എഴുത്തും വായനയുമറിയാത്ത അയാള്‍ ഒപ്പിട്ടുകൊടുത്തു. എന്നാല്‍ കൊല്ലാവസാനം കപ്പയുടെ വിളവെടുപ്പ് കഴിഞ്ഞപ്പോള്‍ പാട്ടത്തുക മേടിക്കാനായി ചെന്ന പക്രനെ സ്വന്തം സ്ഥലത്ത് നിന്നും അവര്‍ കഴുത്തിന് പിടിച്ച് പുറത്താക്കി. മേലാല്‍ ഈ ഭാഗത്ത് കണ്ടുപോയേക്കരുതെന്ന താക്കീതും കൊടുത്തു. പതിയെ, താമസിച്ചുകൊണ്ടിരുന്ന കൂര നിന്ന സ്ഥലത്ത് നിന്നും അവര്‍ പുറത്താക്കപ്പെട്ടു.

പുറമ്പോക്കിലായി പിന്നീട് പക്രന്റെയും കുടുംബത്തിന്റെയും ജീവിതം. പരാതിയുമായി അധികാരികളുടെ മുന്നില്‍ ചെന്നപ്പോഴാണ് പക്രന്‍ ഞെട്ടിക്കുന്ന ആ കാര്യം അറിയുന്നത്. തന്റെ എട്ട് ഏക്കറോളം വരുന്ന ഭൂമി ഒരു വര്‍ഷം മുമ്പ് തന്നെ വില്‍പ്പന നടന്നുവത്രെ! ചതിയിലൂടെ തനിക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനുള്ള പരിശ്രമങ്ങളായിരുന്നു പിന്നീടങ്ങോട്ടുള്ള പക്രന്റെ ജീവിതം. കൂലിപ്പണിയെടുത്ത് ഭാര്യയെയും മക്കളെയും പോറ്റി. നഷ്ടപ്പെട്ട ഭൂമി തിരികെ ലഭിക്കാനായി പരാതികള്‍ നല്‍കി. ഭൂരഹിതര്‍ക്കായുള്ള ഭൂമി വിതരണ പദ്ധതികളില്‍ വിവിധ അപേക്ഷകള്‍ സമര്‍പ്പിച്ചു. പക്ഷേ ഒന്നിനും ഫലമുണ്ടായില്ല. ഒടുക്കം നീതി കിട്ടാതെ, ഭൂമി കിട്ടാതെ പക്രന്‍ മരണത്തിന് കീഴടങ്ങി.

പക്രന്റെ രണ്ട് ആണ്‍മക്കളില്‍ മൂത്ത മകനാണ് വെളിയന്‍. ചെറുപ്പത്തിലേ തന്നെ അച്ഛനോടൊപ്പം കൂലിപ്പണിയെടുത്താണ് വെളിയന്‍ വളര്‍ന്നത്. വിശാലമായ ഭൂമിയുടെ ഉടമസ്ഥനായിരുന്ന പക്രന്റെ മകന്‍ വെളിയന്റെ ജീവിതം പുറമ്പോക്കുകളിലായിരുന്നു. സ്വസ്ഥമായി കിടന്നുറങ്ങാന്‍ ഒരു വീട് പോലും ഇല്ലാതിരുന്ന വെളിയന്‍ അമ്പലവയലിനടുത്ത് കടല്‍മാട് പ്രദേശത്തെ ജന്മിമാരുടെ വീടുകളില്‍ വീട്ടുജോലിക്കാരനായി മാറി. ആടുമാടുകളെ നോക്കലും വീട്ടുപണിയുമൊക്കെയായി രാവും പകലും ജോലി ചെയ്താലും തുച്ഛമായ പൈസ മാത്രമായിരുന്നു പ്രതിഫലമായി ലഭിച്ചിരുന്നത്. മാസത്തില്‍ വെറും 25 രൂപ. ഒരു തരത്തില്‍ അടിമ ജീവിതം തന്നെ. കുറഞ്ഞ വരുമാനത്തിന് വേണ്ടി വിശ്രമമില്ലാതെ പണിയെടുക്കേണ്ടി വന്നിട്ടും അവിടെ തന്നെ ജോലിയില്‍ തുടര്‍ന്നതിന് വെളിയന് ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ. കിടന്നുറങ്ങാന്‍ ഒരു സ്ഥലമുണ്ടായിരുന്നു എന്നത്.

ഇതിനിടയില്‍ പെരുമ്പാടിക്കുന്ന് കോളനിയിലെ ജാനുവുമായി വെളിയന്റെ കല്യാണം നടന്നു. അതോടുകൂടി വീട്ടുജോലി ഉപേക്ഷിച്ച് നാട്ടില്‍ കൂലിപ്പണിക്ക് പോയിത്തുടങ്ങി. ആദ്യ ദിവസങ്ങളില്‍ ജാനുവിന്റെ വീട്ടിലായിരുന്നു താമസം. പിന്നീട് ജാനുവിന്റെ അച്ഛന്റെ നിര്‍ദേശപ്രകാരം അവരുടെ വീടിനടുത്ത് തന്നെ ഒരു താത്കാലിക ഷെഡ് കെട്ടി അതിനകത്ത് താമസം തുടങ്ങി. രണ്ട് കുട്ടികള്‍ ജനിച്ചു. സ്വന്തമായി ഒരു തുണ്ട് മണ്ണും അതിനകത്ത് ഒരു വീടും വെച്ച് ആത്മാഭിമാനത്തോടുകൂടി ജീവിക്കണമെന്ന വെളിയന്റെ ജീവിതാഭിലാഷത്തിന്റെ തീവ്രത ഏറി വന്നു. ആദിവാസിക്ഷേമപദ്ധതികളുടെ ഭാഗമായുള്ള വിവിധ ഭവനനിര്‍മാണ പദ്ധതികളില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും സ്വന്തമായി ഭൂമിയില്ല എന്ന കാരണത്താല്‍ വെളിയന്‍ തഴയപ്പെട്ടു. അച്ഛന്‍ പക്രന്റെ, ഭൂമിക്ക് വേണ്ടിയുള്ള അലച്ചിലുകള്‍ കണ്ട് വളര്‍ന്ന വെളിയന്റെ ജീവിതവും അതേ പാതയില്‍ തന്നെയെത്തി.

വിവിധ വികസന പദ്ധതികളുടെ ഭാഗമായി തങ്ങളുടെ ആവാസഭൂമികളില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടതിനാലും, പല കാലങ്ങളിലായി കുടിയേറിവന്നവരും നാട്ടുകാരും ചേര്‍ന്ന് ചെറിയ തുക നല്‍കിയും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഭൂമി തട്ടിയെടുത്തതിനാലും പരമ്പരാഗത ഭൂമിയില്‍ നിന്നും പറിച്ചെറിയപ്പെട്ട വയനാട്ടിലെ ആദിവാസികള്‍ അന്യാധീനപ്പെട്ട അവരുടെ ഭൂമിക്ക് വേണ്ടി നിരവധി പ്രക്ഷോഭങ്ങള്‍ ആരംഭിച്ചിരുന്ന കാലം കൂടിയായിരുന്നു അത്. വനത്തിന്‍മേലുള്ള അവരുടെ അവകാശം നിഷേധിക്കപ്പെട്ടതോടെ ഉപജീവനത്തിനും കൃഷിയ്ക്കും അവര്‍ക്ക് ഭൂമി അത്യാവശ്യമായി മാറി. ഇത്തരമൊരു സാഹചര്യത്തിലാണ് തൊണ്ണൂറുകളില്‍ വയനാടിന്റെ വിവിധയിടങ്ങളില്‍ ഭൂമി പിടിച്ചെടുക്കല്‍ സമരങ്ങളാരംഭിക്കുന്നത്.

സുല്‍ത്താന്‍ ബത്തേരിക്കടുത്തുള്ള ചീങ്ങേരിയില്‍ ആദിവാസികള്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സമരമാരംഭിക്കാന്‍ പോകുന്നതിനെക്കുറിച്ച് വെളിയന്‍ അറിയുന്നത് അക്കാലത്താണ്. മറ്റൊന്നുമാലോചിക്കാതെ വെളിയന്‍ സമരസംഘത്തോടൊപ്പം ചേര്‍ന്നു. അതിന്റെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അമ്പുകുത്തിയില്‍ നടന്ന ഭൂപ്രക്ഷോഭത്തിലൂടെ വയാനാട്ടിലെ ആദിവാസി സമരങ്ങളുടെ നേതൃത്വമായി മാറിയ സി.കെ ജാനു അടങ്ങുന്ന ഒരു സംഘമാണ് സമരത്തെ നയിച്ചിരുന്നത്.

ആദിവാസി ഭൂവിതരണ പദ്ധതികളുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ചീങ്ങേരി പ്രൊജക്ട് ഭൂമി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആദിവാസികള്‍ക്ക് വിതരണം ചെയ്യാതിരിക്കുകയും, അതേ സമയം കയ്യേറ്റക്കാര്‍ക്ക് പതിച്ചുകൊടുക്കാനിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചീങ്ങേരിയില്‍ സമരം പ്രഖ്യാപിക്കപ്പെട്ടത്. 1995 ജനുവരി 26 ന് 248 ആദിവാസി കുടുംബങ്ങളോടൊപ്പം വെളിയനും ചീങ്ങേരി എസ്റ്റേറ്റില്‍ പ്രവേശിച്ചു, കുടില്‍ കെട്ടി. എന്നാല്‍ ഏതാണ്ട് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി ആദിവാസി കുടുംബങ്ങളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും കുടിലുകള്‍ക്ക് തീ വെക്കുകയും ചെയ്തു. സമരക്കാരില്‍ നിരവധി പേരെ കോഴിക്കോട് ജയിലിലടച്ചു. അതില്‍ വെളിയനും ഉണ്ടായിരുന്നു. 11 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം തിരിച്ച് ചീങ്ങേരിയിലെത്തിയ അവര്‍ കണ്ടത് സര്‍ക്കാര്‍ ആ പ്രദേശം കമ്പിവേലി കെട്ടി വേര്‍തിരിച്ചതും പോലീസുകാര്‍ അവിടെ കാവല്‍ നില്‍ക്കുന്നതുമാണ്. ഇതിനെതിരെ ആദിവാസികള്‍ നിരാഹരമിരുന്നെങ്കിലും ഫലം കണ്ടില്ല. ചീങ്ങേരി സമരം അവിടെ അവസാനിക്കുകയായിരുന്നു.

പൊലീസുകാരില്‍ നിന്നേല്‍ക്കേണ്ടി വന്ന മര്‍ദനമോ, ജയില്‍വാസമോ ഒന്നും ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്നും പിന്‍മാറാന്‍ വെളിയനെ പ്രേരിപ്പിച്ചില്ല എന്ന് മാത്രമല്ല കൂടതല്‍ കരുത്തോടെ ഭൂ സമരങ്ങളില്‍ മുന്നിട്ടിറങ്ങാന്‍ വെളിയന് അത് ഊര്‍ജ്ജവുമായി. രണ്ടായിരത്തിന്റെ തുടക്കത്തില്‍ വയനാട്ടിലെ ആദിവാസി ഊരുകളില്‍ വ്യാപകമായി നടന്ന പട്ടിണിമരണത്തെത്തുടര്‍ന്ന്, ഗോത്രമഹാസഭയുടെ മുന്‍കൈയില്‍ 2001 ല്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ കുടില്‍ കെട്ടി സമരം നടന്നു.

സമരത്തിന്റെ ഒടുവില്‍, ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി ആദിവാസികള്‍ക്ക് നല്‍കിയ വാദ്ഗാനങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് 2003 ല്‍ സി.കെ ജാനുവിന്റെയും ഗീതാനന്ദന്റെയും മുന്‍കൈയില്‍ മുത്തങ്ങയില്‍ ആദിവാസികള്‍ കുടില്‍കെട്ടി സമരമാരംഭിക്കുമ്പോള്‍ അതില്‍ വെളിയനും ഉണ്ടായിരുന്നു. ‘ജനാധിപത്യ കേരളം’ അതിന്റെ ചരിത്രത്തില്‍ ഇവിടുത്തെ പൗര സമൂഹങ്ങള്‍ക്ക് മേല്‍ നടത്തിയ ഏറ്റവും ക്രൂരമായ മര്‍ദനങ്ങളിലൊന്നായിരുന്നു മുത്തങ്ങയിലെ പോലീസ് വെടിവെയ്പും അടിച്ചമര്‍ത്തലും. സമരത്തില്‍ പങ്കെടുത്തതിന് പോലീസിന്റെ ഭീകരമര്‍ദനങ്ങള്‍ക്കിരയായ നൂറുകണക്കിന് ആദിവാസികളിലൊരാളായിരുന്നു വെളിയന്‍.

ഭൂമിക്ക് വേണ്ടിയുള്ള തുടര്‍ച്ചയായ സമരങ്ങളിലൂടെ വയനാടിന്റെ വിവിധയിടങ്ങളിലെ വ്യത്യസ്തരായ ആദിവാസി വിഭാഗങ്ങളുമായുണ്ടായ നിരന്തര സമ്പര്‍ക്കങ്ങള്‍ വെളിയനില്‍, വയനാട്ടിലെ ആദിവാസി ഭൂരാഹിത്യത്തിന്റെ ചരിത്രത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും പുതിയ ഉണര്‍വുകളുണ്ടാക്കി. തനിക്ക് ഭൂമി നേടിയെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തിനപ്പുറം തന്റെ സമൂഹം കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന, വ്യവസ്ഥാപിതമാക്കപ്പെട്ട അനീതികള്‍ക്ക് പരിഹാരം കാണുന്നതിനായുള്ള ശ്രമങ്ങള്‍ കൂടി വെളിയന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. 2007 ല്‍ മേപ്പാടിക്കടുത്തുള്ള വിത്തുകാട് പ്രദേശത്ത് സി.പി.ഐ.എം.എല്‍ റെഡ് സ്റ്റാറിന്റെ മുന്‍കൈയില്‍ നടന്ന ഭൂസമരത്തില്‍ വെളിയന്‍ പങ്കെടുത്തു.

കയ്യേറിയ ഭൂമി സമരസിമിതി വിവിധ കുടുംബങ്ങള്‍ക്കായി വീതം വെച്ച് നല്‍കിയപ്പോള്‍ വെളിയനും ലഭിച്ചു അരയേക്കര്‍ ഭൂമി. കിട്ടിയ ഭൂമിയില്‍ കാട് വെട്ടിത്തെളിച്ച് ഒരു ഷെഡ് കെട്ടാനൊരുങ്ങിയപ്പോഴേക്കും വെളിയന് മുന്നില്‍ ദൈന്യതയോടെ മറ്റൊരു കുടുംബം വന്നുപെട്ടു. ഭൂമി ലഭിക്കാതെ നിരാശയോടെ മടങ്ങാനൊരുങ്ങുന്ന, കൊച്ചു കുട്ടികളടക്കമുള്ള ഒരു കുടുംബം. വെളിയന്‍ കൂടുതല്‍ ആലോചിച്ചില്ല. തനിക്ക് ലഭിച്ച അരയേക്കര്‍ ഭൂമി ആ കുടുംബത്തിന് നല്‍കി അയാള്‍ മലയിറങ്ങി.

പെരുമ്പാടിക്കുന്നിലെ മൂന്ന് സെന്റ് കോളനിയുടെ ഒരു മൂലയില്‍ താത്കാലികമായി നിര്‍മിച്ച ഒരു ഷെഡില്‍ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം ജീവിതം തള്ളിനീക്കുന്ന വെളിയന്‍ ഇക്കാലങ്ങളിലെല്ലാം മണ്ണിന് വേണ്ടിയുള്ള തങ്ങളുടെ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഏറ്റവുമൊടുവിലാണ് 2009 ഏപ്രില്‍ 21 ന് സി.പി.ഐ.എം.എല്‍ റെഡ് സ്റ്റാറിന്റെ മുന്‍കൈയില്‍ തൊവരിമല എസ്റ്റേറ്റ് ഭൂമിയില്‍ മറ്റൊരു സമരമാരംഭിക്കുന്നത്. തൊവരിമലയിലെ സമര സംഘാടനത്തില്‍ ഏറ്റവും മുന്‍നിരയിലുണ്ടായിരുന്നത് വെളിയനായിരുന്നു. 1970 ല്‍ ഹാരിസണിന്റെ കയ്യില്‍ നിന്നും സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമിയുടെ 50 ശതമാനം ഭൂരഹിത ആദിവാസികള്‍ക്ക് പതിച്ചുനല്‍കാമെന്ന തീരുമാനം അട്ടിമറിക്കപ്പെടുകയും എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥത തിരികെ ഹാരിസണ് തന്നെ ലഭിക്കുകയും ചെയ്തേക്കുമെന്ന സാഹചര്യത്തിലാണ് തൊവരിമല ഭൂമിയില്‍ സമരമാരംഭിക്കുന്നത്.

സമരത്തിന്റെ അഞ്ചാം ദിവസം വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി സമരനേതാക്കളെ അറസ്റ്റ് ചെയ്യുകയും ബാക്കിയുണ്ടായിരുന്നവരെ ബലം പ്രയോഗിച്ച് ആട്ടിയോടിക്കുകയുമുണ്ടായി. ചിതറിത്തെറിച്ച കുടുംബങ്ങള്‍ വീണ്ടും സംഘടിക്കുകയും കല്്പ്പറ്റ കലക്ടറേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുകയും ചെയ്തു. സമരപ്പന്തലിന് കാവലായി രാവും പകലും വെളിയന്‍ മുന്നില്‍ തന്നെയുണ്ട്.

വെളിയന്റെ ജീവിത കഥ ഒറ്റപ്പെട്ട ഒരു സംഭവമല്ല. വയനാട്ടിലെ ബഹുഭൂരിപക്ഷം ആദിവാസികളുടെയും ജീവിത ചിത്രം ഇങ്ങനെയൊക്കെ തന്നെയാണ്. പരമ്പരാഗത ഭൂമിയില്‍ നിന്നും അന്യവത്കരിക്കപ്പെട്ട ആദിവാസികള്‍ നടത്തിയ നിരന്തരമായ ഭൂപ്രക്ഷോഭങ്ങളിലൂടെ രാഷ്ട്രീയ ചരിത്രത്തിലിടം പിടിച്ച സമരഭൂമിക കൂടിയാണ് വയനാട്. പോയ കാലത്തെ മൂന്ന് നാല് പതിറ്റാണ്ടുകളില്‍ വയനാട്ടിലെ ആദിവാസി ജനത നടത്തിയ ഭൂപ്രക്ഷോഭങ്ങള്‍ നിരവധിയാണ്. എന്നിട്ടും പുറമ്പോക്കുകളിലെയും മൂന്ന് സെന്റ് കോളനികളിലെയും അവരുടെ ജീവിത ദുരിതങ്ങള്‍ക്ക് ഒരു പരിഹാരവുമായിട്ടില്ല. ഭൂരാഹിത്യം ആ ജനതയുടെ സാമൂഹികമായ അതിജീവനങ്ങള്‍ക്ക് മേല്‍ സൃഷ്്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വര്‍ധിച്ചുവരികയും ചെയ്യുന്നു. കാലങ്ങളായി തുടരുന്ന ഭരണകൂട വഞ്ചനകളിലും അവഗണനകളിലും മനം മടുത്ത ആ സമൂഹത്തിന് സമരങ്ങളല്ലാതെ മുന്നില്‍ മറ്റൊരു മാര്‍ഗവുമില്ല. അവരിലൊരു വിഭാഗം ജില്ലാഭരണകേന്ദ്രത്തിന് മുന്നില്‍ നിസ്സഹായതയോടെ ഇപ്പോഴും രാപ്പകല്‍ സമരമിരിക്കുന്നു.

അന്തര്‍സംസ്ഥാന ദേശീയപാതയ്ക്കരികിലെ കല്‍പ്പറ്റ കളക്ടറേറ്റിന് മുന്നില്‍ വെയിലും ചൂടും കൊതുകടിയും സഹിച്ച്, മഴയെയും തണുപ്പിനെയും ഇരുട്ടിനെയും അതിജീവിച്ച് നൂറുകണക്കിന് കുടുംബങ്ങള്‍ സമരമിരിക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് രണ്ട് മാസം തികയുകയാണ്. സമരത്തിന്റെ ആവശ്യങ്ങളെ പരിഗണിക്കാനോ, സമരപ്രവര്‍ത്തകരുമായുള്ള ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ക്കോ ഇനിയും സര്‍ക്കാറുകള്‍ തയ്യാറായിട്ടില്ല. പാട്ടക്കാലാവധി കഴിഞ്ഞിട്ടും സ്വകാര്യ പ്ലാന്റേഷനുകളുടെ ഉടമസ്ഥതയിലിരിക്കുന്നതും, നേരത്തെ സര്‍ക്കാര്‍ തിരിച്ചുപിടിച്ചതുമായ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഉപയോഗശൂന്യമായിരിക്കുമ്പോഴാണ് ഭൂരഹിതരായ അടിസ്ഥാന വര്‍ഗം നിലനില്‍പിനായി ഇത്തരം സമരങ്ങളിലേക്ക് പോകേണ്ടി വരുന്നത്.

2019 ഏപ്രില്‍ മാസത്തില്‍ തൊവരിമല സമരത്തിലേക്കായി, ഭാര്യ ജാനുവിനോടൊപ്പം പെരുമ്പാടിക്കുന്ന് കോളനിയിലെ തന്റെ ഒറ്റമുറി വീട് വിട്ടിറങ്ങുമ്പോള്‍ വെളിയന്‍ തന്റെ മകനോട് പറഞ്ഞു. ‘മോനേ.. എത്ര കാലം നമ്മളിങ്ങനെ മറ്റുള്ളവരുടെ ഔദാര്യത്തില്‍ കഴിയും. എന്റെ അച്ഛനും എനിക്കും സംഭവിച്ചത് മോന്റെ ജീവിതത്തില്‍ ആവര്‍ത്തിക്കാന്‍ പാടില്ല. കൃഷി ചെയ്യാനും കിടന്നുറങ്ങാനും ഒരു തുണ്ട് ഭൂമി സ്വന്തമാക്കിയിട്ടേ ഞാനിനി മടങ്ങിവരൂ…’

ജൂണ്‍ മാസത്തിലെ ഈ പെരുമഴയില്‍ പനി പിടിച്ച് വിറച്ചിട്ടും വെളിയന്‍ സമരപ്പന്തലില്‍ തന്നെ കിടപ്പുണ്ട്. കൂടെ ഭാര്യ ജാനുവും മറ്റനേകം ആദിവാസി കുടുംബങ്ങളും.

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more