വ്യാജരേഖ ഉണ്ടാക്കി 150 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്ത വെളിയം ഭൂമി തട്ടിപ്പ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു?
Governance and corruption
വ്യാജരേഖ ഉണ്ടാക്കി 150 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്ത വെളിയം ഭൂമി തട്ടിപ്പ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു?
അമേഷ് ലാല്‍
Tuesday, 19th December 2017, 3:57 pm

കേരളം കണ്ട ഏറ്റവും വലിയ ഭൂമി തട്ടിപ്പുകളിലൊന്നായ വെളിയം ഭൂമി തട്ടിപ്പ് കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം. കൊല്ലം ജില്ലയിലെ വെളിയം മാലയില്‍ മലപ്പുത്തൂരില്‍ 150 ഏക്കറോളം പുറമ്പോക്ക് ഭൂമി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖ ചമച്ച് കൈക്കലാക്കുകയും പ്ലോട്ടുകളായി തിരിച്ച് മറിച്ച് വില്‍ക്കുകയും ചെയ്തതായി വിജിലന്‍സ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

വില്ലേജ് ഓഫീസര്‍, അഡീഷണല്‍ തഹസില്‍ദാര്‍, തഹസില്‍ദാര്‍, ഡെപ്യൂട്ടി കളക്ടര്‍ എന്നിവരെ പ്രതികളാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കേസിലെ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ പുറത്ത് വരുമെന്ന് ഭയന്ന് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്ന് കേസിലെ പരാതിക്കാരനായ കൊല്ലം ജില്ലാ പരിസ്ഥിതി ഏകോപന സമിതി കണ്‍വീനര്‍ അഡ്വ.വി.കെ സന്തോഷ്‌കുമാര്‍ പറയുന്നു.

“കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ഉണ്ടാക്കി കൈക്കലാക്കുകയും മറിച്ച് വില്‍ക്കുകയും ചെയ്ത ഈ കേസിലെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഭൂമി തിരിച്ച് പിടിക്കുന്നതിനും സര്‍ക്കാരിനുണ്ടായ നഷ്ടം കണക്കാക്കുന്നതിനും വിജിലന്‍സ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഒന്നും നടപ്പിലാക്കാന്‍ റവന്യൂ വകുപ്പ് തയ്യാറാവുന്നില്ല. പശ്ചിമഘട്ട സംരക്ഷണ സമിതിയും, കൊല്ലം ജില്ലാ പരിസ്ഥിതി ഏകോപന സമിതിയും റവന്യൂ മന്ത്രിക്ക് നല്‍കിയ പരാതിക്ക് ഒരു മറുപടി പോലും ഇത് വരെ ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയില്‍ അന്വേഷണം നടത്താം എന്നൊരു മറുപടിയെങ്കിലും കിട്ടി. റവന്യൂ മന്ത്രിയുടെ ഓഫീസില്‍ നിന്ന് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ട ആളുകള്‍ ഈ കേസ് അട്ടിമറിക്കാനുള്ള ഇടപെടലുകള്‍ നടത്തുന്നതായി ഞങ്ങള്‍ സംശയിക്കുന്നു.” അഡ്വ.വി.കെ സന്തോഷ്‌കുമാര്‍ ആരോപിക്കുന്നു.

കേരളം കണ്ട ഏറ്റവും വലിയ ഭൂമി തട്ടിപ്പ്

കൊല്ലം ജില്ലാ പരിസ്ഥിതി ഏകോപന സമിതി കണ്‍വീനര്‍ അഡ്വ.വി.കെ സന്തോഷ്‌കുമാര്‍, കൊല്ലം ജില്ലാ പരിസ്ഥിതി ഏകോപന സമിതി ചെയര്‍മാന്‍ ടി.കെ. വിനോദന്‍, പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ബാബുജി എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ത്വരിത പരിശോധന നടത്തിയത്.

സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ചമച്ച് കൈക്കലാക്കാനും മറിച്ച് വില്‍ക്കാനും തെളിവ് നശിപ്പിക്കാനും വില്ലേജ് ഓഫീസര്‍ മുതല്‍ ഡെപ്യൂട്ടി കളക്ടര്‍ വരെയുള്ള റവന്യൂ ഉദ്യോഗസ്ഥരും സ്വകാര്യ മുതലാളിമാരും ചേര്‍ന്ന് നടത്തിയ തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ത്വരിതപരിശോധനയില്‍ വെളിച്ചത്ത് വന്നത്. 100 കോടിയിലധികം രൂപ വിലവരുന്ന സര്‍ക്കാര്‍ ഭൂമി വ്യാജപ്രമാണം ഉണ്ടാക്കി കൈവശപ്പെടുത്തുകയും അതിലെ മരങ്ങളും ധാതുക്കളും കൊള്ളയടിക്കുകയും ചെയ്തതായി വിജിലന്‍സ് കണ്ടെത്തി.

 

1960 ലെ നിയമപ്രകാരം 58 ല്‍ പ്രമാണം

റബ്ബര്‍ പ്ലാന്റേഷന് ഭൂമി പതിച്ച് കൊടുക്കാനുള്ള സ്‌പെഷല്‍ റൂള്‍ നിലവില്‍ വരുന്നത് 1960 ലാണ്. എന്നാല്‍ മാലയില്‍ മലപ്പുത്തൂരിലെ ഭൂമി 2008 ല്‍ മറിച്ച് വില്‍ക്കുമ്പോള്‍ ആ ആധാരത്തില്‍ പറഞ്ഞിരുന്നത് റബ്ബര്‍ പ്ലാന്റേഷനുള്ള സ്‌പെഷല്‍ റൂള്‍ പ്രകാരം 1958 ല്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിയാണിതെന്നാണ്. 1960 ല്‍ നിലവില്‍ വന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ 1958 ല്‍ പ്രമാണം ഉണ്ടാക്കിയ പിഴവാണ് ഈ കേസില്‍ നിര്‍ണായകമായത്.

1202/58 എന്ന നമ്പറില്‍ ഉണ്ടാക്കിയ വ്യാജ പട്ടയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും നാള്‍ ഈ ഭൂമി കൈവശം വെക്കുകയും മറിച്ച് വില്‍ക്കുകയും ചെയ്തതെന്ന് വിജിലന്‍സ് കണ്ടെത്തി. യഥാര്‍ത്ഥത്തില്‍ നന്ദാവനം എസ്റ്റേറ്റ് ഉടമയ്ക്ക് റബ്ബര്‍ കൃഷിക്കായി പാട്ടത്തിന് നല്‍കിയ ഭൂമിയാണിത്. ലൈസന്‍സ് ഫീസിന്റെ ആദ്യ ഗഡു 1733 രൂപ 1987 ലും 1988 ല്‍ 2000 രൂപയും ഇവര്‍ അടച്ചിട്ടുണ്ട്. അതിന് ശേഷം 2001 വരെയുള്ള കാലത്ത് ഒരു രൂപ പോലും സര്‍ക്കാരിലേക്ക് ഇവര്‍ അടച്ചിട്ടില്ല എന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

150 ഏക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യേറി പ്ലോട്ടുകളായി തിരിച്ച് മറിച്ച് വില്‍ക്കുകയും മരങ്ങള്‍ മുറിച്ച് മാറ്റുകയും ക്വാറിയും ക്രഷറും നടത്താനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഒക്കെ ചെയ്തപ്പോഴും സര്‍ക്കാരിന് ആകെ ലഭിച്ചത് ഈ തുക മാത്രമായിരുന്നു എന്നതാണ് യാഥാര്‍ഥ്യം.

നന്ദാവനം എസ്റ്റേറ്റ് കൈവശം വെച്ചിരുന്ന ഭൂമി 2008ലാണ് ഇന്‍ഡ്രോയല്‍ ഫര്‍ണ്ണിച്ചേഴ്‌സ് എന്ന സ്ഥാപനത്തിന് മറിച്ച് വില്‍ക്കുന്നത്. ഒരു പ്രമാണം രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായ മുന്‍പ്രമാണം, തണ്ടപ്പേര്‍ രജിസ്റ്റര്‍ തുടങ്ങിയ രേഖകളെല്ലാം വെളിയം വില്ലേജ് ഓഫീസര്‍, പൂയപ്പള്ളി സബ് രജിസ്ട്രാര്‍, കൊട്ടാരക്കര അഡീഷണല്‍ തഹസില്‍ദാര്‍ എന്നിവരുടെ സഹായത്തോടെ കൃത്രിമമായി ഉണ്ടാക്കിയാണ് 1571/08 എന്ന പ്രമാണം രജിസ്റ്റര്‍ ചെയ്തത്. 2008 ന് മുന്‍പ് ഒരു രൂപ പോലും കരം ഒടുക്കുകയോ, ലാന്‍ഡ് രജിസ്റ്ററില്‍ ഉള്‍പ്പെടുകയോ ഒന്നും ചെയ്തിട്ടില്ലാത്ത പുറമ്പോക്ക് ഭൂമിയാണ് വ്യാജരേഖ ചമച്ച് മറിച്ച് വിറ്റതെന്നും വിജിലന്‍സ് കണ്ടെത്തി.

തെക്കന്‍ കേരളത്തിലെ വമ്പന്‍ ഫര്‍ണിച്ചര്‍ വ്യാപാരികളായി ഇന്‍ഡ്രോയില്‍ ഫര്‍ണ്ണിച്ചേഴ്‌സ് മാറുന്നത് തന്നെ വ്യാജമായി കൈവശപ്പെടുത്തിയ ഈ ഭൂമിയില്‍ നിന്ന് മുറിച്ച് കടത്തിയ തടികള്‍ ഉപയോഗിച്ചാണെന്ന് അഡ്വ.സന്തോഷ്‌കുമാര്‍ പറയുന്നു. സെന്റിന് ഏഴായിരമോ എണ്ണായിരമോ രൂപ കൊടുത്ത് സ്വന്തമാക്കിയ ഭൂമിയിലെ ഓരോ സെന്റില്‍ നിന്നും പതിനായിരക്കണക്കിന് രൂപയുടെ തടികളാണ് മുറിച്ച് കടത്തിയതെന്നും ഇതിന് എല്ലാ യൂണിയനുകളും കൂട്ട് നിന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.

മൊത്തം 9 പ്ലോട്ടുകളായി തിരിച്ച ഭൂമിയിലെ 6 പ്ലോട്ടുകളാണ് ഇന്‍ഡ്രോയില്‍ വാങ്ങിയത്. ഈ ഭൂമിയില്‍ നിന്നുള്ള മരങ്ങളെല്ലാം മുറിച്ച് കടത്തിയ ശേഷം 2011 ല്‍ ഈ ഭൂമി ക്രഷര്‍ യൂണിറ്റ് നടത്തുന്നതിനായി എസ്.എന്‍ ഗ്രാനൈറ്‌സ് എന്ന സ്ഥാപനത്തിന് മറിച്ച് വില്‍ക്കുന്നതോടെയാണ് ഈ ഭൂമി സംബന്ധിച്ച കള്ളക്കളികള്‍ പുറത്ത് വരാന്‍ തുടങ്ങിയത്.

ജനവാസ പ്രദേശത്ത് ക്വാറിയും ക്രഷറും തുടങ്ങാനുള്ള നീക്കത്തിനെതിരെ ജനങ്ങള്‍ സംഘടിക്കുകയും മാലയില്‍ മലപ്പുത്തൂര്‍ പ്രകൃതി സംരക്ഷണ സമിതി രൂപീകരിച്ച് സമരം ആരംഭിക്കുകയും ചെയ്തു. ഈ സമരത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച അഡ്വ.സന്തോഷ്‌കുമാറിനെ വാഹനമിടിപ്പിച്ച് കൊല്ലാനുള്ള നീക്കം നടന്നിരുന്നു. അന്ന് മുതല്‍ നടത്തിയ നിയമപോരാട്ടത്തിന്റെ ഭാഗമായാണ് ഈ ഭൂമി സംബന്ധിച്ച വ്യാജരേഖകള്‍ പുറത്ത് വരാനിടയാക്കിയത്.

എസ്.എന്‍ ഗ്രാനൈറ്റിസ് ഉടമകളായ ഷാജഹാന്‍, നസീര്‍, ഷൈമ, സബീന എന്നിവരുടെ പേരില്‍ ഇന്‍ഡ്രോയലിന്റെ കൈവശം ഉണ്ടായിരുന്ന 9.84 ഹെക്ടര്‍ ഭൂമി രജിസ്റ്റര്‍ ചെയ്തതായി കൊട്ടാരക്കര അഡീഷണല്‍ തഹസില്‍ദാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. എന്നാല്‍ അതേ സര്‍വ്വേ നമ്പറുകളില്‍ പെട്ട ഭൂമി അനില്‍ രാജന്‍, അംബിക, നസീര്‍ എന്നിവരുടെ പേരിലാണെന്ന് പൂയപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും വിവരാവകാശം വഴിയുള്ള മറുപടി ലഭിച്ചു.

സമരസമിതി ഈ വിഷയം ഉന്നയിച്ച് പരാതി നല്‍കിയപ്പോള്‍ ഇതേ ഉദ്യോഗസ്ഥന്മാര്‍ തന്നെ ക്ലെറിക്കല്‍ പിഴവ് എന്ന പേരില്‍ പുതിയ സര്‍വ്വേ നമ്പറിലേക്ക് ഈ ഭൂമി മാറ്റി നല്‍കിക്കൊണ്ട് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

തുടര്‍ന്ന് നടത്തിയ സുദീര്‍ഘമായ നിയമപോരാട്ടത്തിനൊടുവിലാണ് വിജിലന്‍സ് ത്വരിത പരിശോധനയ്ക്ക് ഉത്തരവുണ്ടായത്. ” സാധാരണ ത്വരിതപരിശോധന റിപ്പോര്‍ട്ടുകള്‍ പരമാവധി 20 പേജൊക്കെയാണ് ഉണ്ടാകാറുള്ളത്, ഇവിടെ പഴയ പ്രമാണങ്ങള്‍ ഉള്‍പ്പെടെ 160 പേജുള്ള വിശദമായ റിപ്പോര്‍ട്ടാണ് വിജിലന്‍സ് അന്വേഷണ സംഘം സമര്‍പ്പിച്ചത് ” അഡ്വ.സന്തോഷ്‌കുമാര്‍ പറയുന്നു.

പൊതുഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഈ തട്ടിപ്പിലൂടെ ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഭൂമി വില മാത്രം 100 കോടിയിലധികം രൂപ വരും, ഇത് കൃത്യമായി കണ്ടെത്തേണ്ടത് റവന്യൂ വകുപ്പാണ്. വന്മരങ്ങള്‍ മുറിച്ച് മാറ്റിയതിലൂടെ ഉണ്ടായ നഷ്ടം വനംവകുപ്പും കൃഷിവകുപ്പും നിര്‍ണ്ണയിക്കണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് വിവിധ ധാതുക്കള്‍ കുഴിച്ചെടുത്തത്തിന്റെ നഷ്ടം മൈനിങ് ആന്‍ഡ് ജിയോളജി കണ്ടെത്തണമെന്നും, പാട്ടം അടയ്ക്കാതിരുന്നത് മൂലമുള്ള നഷ്ടം റവന്യൂ വകുപ്പ് കണ്ടെത്തണമെന്നും ലാന്‍ഡ് കണ്‍സര്‍വ്വന്‍സി ആക്ട് പ്രകാരം പിഴ ഈടാക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 2017 നവംബര്‍ രണ്ടിന് വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മുന്‍ വെളിയം വില്ലേജ് ഓഫീസര്‍ ഉണ്ണികൃഷ്ണപിള്ള, മുന്‍ പൂയപ്പള്ളി സബ് രജിസ്ട്രാര്‍ പി മുരളീധരന്‍, മുന്‍ കൊട്ടാരക്കര അഡീഷണല്‍ തഹസില്‍ദാര്‍ ഒ.രാജു, മുന്‍ വെളിയം വില്ലേജ് ഓഫീസര്‍ എസ്.വിജയകുമാര്‍, മുന്‍ അഡീഷണല്‍ തഹസില്‍ദാര്‍ സെബാസ്റ്റ്യന്‍ പോള്‍, മുന്‍ അഡീഷണല്‍ തഹസില്‍ദാര്‍ എ.ഉണികൃഷ്ണന്‍, താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും, ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കളക്ടറും, നന്ദാവനം എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ എന്നിങ്ങനെ എട്ടു പേരാണ് കേസിലെ പ്രതികള്‍.

ഈ ഭൂമിയുടെ അടക്കം താലൂക്കിലെ വിവിധ ഭാഗങ്ങളിലുള്ള 500 കോടിയോളം വില വരുന്ന നാനൂറ് ഹെക്ടറിലധികം സര്‍ക്കാര്‍ ഭൂമിയുടെ രേഖകള്‍ 2009 ല്‍ കൊട്ടാരക്കര സബ് രജിസ്ട്രാര്‍ ഓഫീസിലുണ്ടായ തീ പിടുത്തത്തില്‍ കത്തി നശിച്ചിരുന്നു. ഇതില്‍ ദുരൂഹത ഉണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി ആവശ്യപ്പെടുന്നു.

സര്‍ക്കാര്‍ ഭൂമി എത്രയും പെട്ടെന്ന് പിടിച്ചെടുക്കണമെന്നും കുറ്റക്കാരായ മുഴുവന്‍ പേരെയും ശിക്ഷിക്കണമെന്നും വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ സ്വാധീനത്താല്‍ അട്ടിമറിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വെളിയം ഭൂമി തട്ടിപ്പ് പുറത്ത് കൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് സമരസമിതിയുടെ ആവശ്യം.